ചിതലരിക്കാത്ത ചരിത്രവൃക്ഷങ്ങൾ

ജലസമൃദ്ധികൊണ്ട് കേരളത്തിൽ ഒന്നാം സ്ഥാനമുള്ള പുഴയാണ് താഴെ ഒഴുകുന്നത്. പുഴക്ക് കുറുകെ കെട്ടിയ ഈ പാലം സംസ്ഥാനത്തെ നീളം കൂടിയ തൂക്കുപാലങ്ങളിൽ ഒന്നാണ്. ആളുകൾ കയറുമ്പോൾ പതുക്കെ ഉലയുകയും, ചെറിയ കാറ്റിൽപ്പോലും ചാഞ്ചാടുകയും ചെയ്യുന്ന പാലത്തിന്റെ ഉയരത്തിൽ നിന്ന് താഴെയുള്ള ഓളക്കുത്തുകളിലേക്കു നോക്കുമ്പോൾ ചെറിയ പേടി തോന്നും.....
പാലത്തിൽ നിന്ന് കിഴക്കോട്ട് നോക്കിയാൽ പശ്ചിമഘട്ട മലനിരകളും, വനനീലിമയും കാണാം.കാടിന്റെ പടർപ്പുകൾക്കിടയിലൂടെ നദി സമതലങ്ങളിലേക്ക് ഒഴുകിയെത്തുന്ന താഴ്വരക്കാഴ്ചകൾ കാണാം. ഇരു കരയിലുമുള്ള കാടുകളിലും, തേക്കുമരങ്ങളിലും കാറ്റുലയമ്പോഴുള്ള ചൂളംവിളി കേൾക്കാം.

മരങ്ങളുടേയും പക്ഷികളുടേയും സംഗീതവും, പാലത്തിന്റെ ചാഞ്ചാട്ടവും ചേരുമ്പോൾ പ്രകൃതിമാതാവിന്റെ തൊട്ടിലിൽ ആടുന്ന തീരേചെറിയ കുട്ടികളായി നാം മാറും…....

- ഇത് നിലമ്പൂരിലെ ചാലിയാറും, അതിനു കുറുകേയുള്ള തൂക്കുപാലവും, കനോലി പ്ലാന്റേഷൻ എന്നറിയപ്പെടുന്ന വിശാലമായ തേക്ക് തോട്ടവും.....

നിലമ്പൂർ


വൈവിധ്യമാർന്ന പ്രകൃതിയും, സംസ്കാരവും അറിയാനും ആസ്വദിക്കാനും വരുന്ന സഞ്ചാരികൾക്ക് വേണ്ടത്ര വിഭവങ്ങൾ ഇവിടെയുണ്ട്. മലബാറിന്റെ ചരിത്രത്തിൽ സ്ഥാനം പിടിച്ച കനോലി പ്ലാട്ടും, ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയവും, അതിനോടനുബന്ധിച്ച ഉദ്യാനവും മാത്രമല്ല....., മഴക്കാടുകളും, ജലപാതങ്ങളും സഞ്ചാരികൾക്ക് ഹൃദ്യമായ വിരുന്നൊരുക്കുന്നു. ആഢ്യൻപാറയിലേക്കുള്ള യാത്രയും, വെള്ളച്ചാട്ടവും നല്ലൊരു അനുഭവമാണ്.

നിലമ്പൂരിന്റെ പരിസരങ്ങളിലുള്ള മലമ്പ്രദേശങ്ങളും, കാടുകളും കേന്ദ്രീകരിച്ച് നിരവധി ആദിവാസി സമൂഹങ്ങളുണ്ട്. സോഷ്യോളജി വിദ്യാർത്ഥികൾക്ക് മനുഷ്യനെന്ന മഹാത്ഭുതത്തെക്കുറിച്ച് അറിവു പകരുന്ന വ്യത്യസ്ഥമായ ജീവിതവും, ഗോത്രാചാരങ്ങളും ഇവർ പിന്തുടരുന്നു. സാധാരണ മനുഷ്യരിൽനിന്ന് അകന്ന് ഉൾക്കാടുകളിൽ കഴിയാൻ ഇഷ്ടപ്പെടുന്ന ചോലനായ്ക്കന്മാർ ഇപ്പോഴും മുഖ്യധാരയിലെത്തിയിട്ടാത്ത ഇന്ത്യയിലെ വിരലിലെണ്ണാവുന്ന സമൂഹങ്ങളിലൊന്നാണ്.

ഫോറസ്റ്റ് റൂട്ട്സ്


പ്രശസ്ത ബ്രിട്ടീഷ് പ്രകൃതി ശാസ്ത്രജ്ഞനായിരുന്ന 'ബ്രിയാൻ ഡേവിഡ്' എഴുതിയ 'ഫോറസ്റ്റ് റൂട്ട്സ്' എന്ന പുസ്തകത്തിന്റെ പ്രതിപാദ്യം നിലമ്പൂർ കാടുകളും, കനോലി പ്ലോട്ടുമാണ്. നിലമ്പൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറായിരുന്ന പി.ഡബ്ലിയു.ഡേവിഡിന്റെ മകനാണ് ബ്രിയാൻ ഡേവിഡ്. പിതാവിന്റെ ജോലിസ്ഥലങ്ങളിലൂടെ  ഇന്ത്യയുടെ പല ഭാഗങ്ങളിലായി കുട്ടിക്കാലം   ചിലവഴിച്ചതുകൊണ്ട് അദ്ദേഹത്തെ ഇന്ത്യൻ സംസ്കാരം ഏറെ സ്വാധീനിച്ചു.

ഫേറസ്റ്റ് റൂട്ട്സിലെ ആദ്യവരികൾ "നിങ്ങൾ ഒരു നല്ല മനുഷ്യനാണെങ്കിൽ അഞ്ചു വർഷത്തിൽ ഒരിക്കലെങ്കിലും ഒരു മരം നടണം" എന്ന ബുദ്ധവചനമാണ്. ഈ അടുത്തകാലത്ത് അദ്ദേഹം തനിക്കേറ്റവും പ്രിയപ്പെട്ട നിലമ്പൂർ വീണ്ടും സന്ദർശിക്കുകയുണ്ടായി.

കനോലി പ്ലോട്ട്


ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്ക് തോട്ടമാണ് കനോലി പ്ലോട്ട്. തോട്ടത്തിനുള്ളിലൂടെ നടക്കുമ്പോൾ പുരാതനമായ കാലത്തിൽ വേരുകളാഴ്ത്തി ഭാവിയുടെ ആകാശങ്ങളിലേക്ക് വളരുന്ന വംശാവലികളുടെ ഗാഥകൾ നമുക്ക് ഓർമ്മ വരും. മരങ്ങളാണ് ചരിത്രത്തിന്റെ യഥാർത്ഥ സൂക്ഷിപ്പുകാർ. ചരിത്രാതീത കാലത്തിൽ നിന്ന് ഉയർന്നു നിൽക്കുന്ന  മാമരങ്ങൾ സംസ്കാരങ്ങളുടെയും, നാഗരികതകളുടേയും ഉദയത്തിനും, അസ്തമയത്തിനും ഒരു ചെറു പുഞ്ചിരിയോടെ സാക്ഷികളാവുന്നു....

തോട്ടത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ശിലാഫലകങ്ങളും, ബോർഡുകളും മറ്റൊരു റഫറൻസിന്റെ ആവശ്യമില്ലാത്തത്ര വ്യക്തതയോടെ   ചരിത്രവും, വസ്തുതകളും തുറന്നു തരുന്നു. 
ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ ഡിസ്ട്രിക്ട് കലക്ടറായിരുന്ന 'എച്ച്.വി കനോലി' യാണ് ഇത്തരത്തിൽ ഒരു തേക്ക്തോട്ടം നട്ടു പിടിപ്പിക്കാൻ തീരുമാനമെടുത്തത്. അന്ന് നിലമ്പൂരിലെ സബ്-ഫോറസ്റ്റ് കൺസർവേറ്റർ ആയിരുന്ന 'ചാത്തുമേനോൻ' എന്ന വ്യക്തിയെ ഇതിനായി അദ്ദേഹം ചുമതലപ്പെടുത്തി.

1846 ലാണ് തേക്ക് നടനുള്ള പദ്ധതി ആരംഭിച്ചതെന്ന് ചരിത്ര രേഖകളിൽ കാണുന്നു. ആ കാലയളവ് വെച്ച് നോക്കുമ്പോൾ ഇപ്പോൾ തോട്ടത്തിന് 169 വർഷം പ്രായമുണ്ട്. ലോകത്തിലെ ഏറ്റവും പ്രായമുള്ളതും വലുപ്പമുള്ളതുമായ തേക്കുകളുടെ കേന്ദ്രമായി ഇന്ന് ഇത് വികസിച്ചിരിക്കുന്നു.
ചിട്ടയോടെയുള്ള ഇത്തരത്തിലൊരു വനവൽക്കരണ പദ്ധതി ഇന്ത്യയിൽത്തന്നെ ആദ്യത്തേത് ആയിരുന്നു.  പ്ലാന്റേഷന് ഉള്ളിലുള്ള 'കന്നിമാര' എന്ന തേക്കുമരം ഉയരംകൊണ്ടും, വ്യാസംകൊണ്ടും ലോകത്തിലെ ഏറ്റവും വലുതാണത്രെ. ഈ മരത്തിനു ചുറ്റും കെട്ടിയ തറക്കുള്ളിലാണ് ചാത്തുമേനോന്റെ ഭൗതികാവശിഷ്ടങ്ങൾ അടക്കം ചെയ്തിരിക്കുന്നത്.
രണ്ടാം ലോക മഹായുദ്ധ കാലത്ത് സഖ്യശക്തികളുടെ ആവശ്യങ്ങൾക്കായി ഇവിടെനിന്നും തേക്കുകൾ മുറിച്ചുമാറ്റി കൊണ്ടുപോവുകയുണ്ടായി. ബാക്കിയുള്ളത് ഇപ്പോൾ കേരള വനം വകുപ്പിന്റെ സംരക്ഷണയിലാണ്. ഇപ്പോൾ ഈ സ്ഥലം 'കാനോലീസ് പ്ലാൻറേഷൻസ്' എന്ന പേരിൽ ഗവേഷണ പ്രവർത്തനങ്ങൾക്കായുള്ള സംരക്ഷിത മേഖലയാണ്. തേക്കിനു പുറമെ അപൂർവ്വ ജനുസ്സിൽപ്പെട്ട മറ്റനേകം മരങ്ങളുടേയും, ചെടികളുടേയും, ജീവജാലങ്ങളുടേയും വൈവിധ്യം ഇവിടെ ആസ്വദിക്കാനാവും.

തോട്ടത്തിന്റെ ഒരു ഭാഗത്തുകൂടി രാജകീയ പ്രൗഢിയോടെ ചാലിയാർ ഒഴുകുന്നു. ചാലിയാറിന് കുറുകെയുള്ള തൂക്കുപാലം ഇപ്പോൾ 'നിലമ്പൂർ ഇക്കോ ടൂറിസം പദ്ധതി' യുടെ ഭാഗമാണ്. തോട്ടത്തിന്റെ മറ്റൊരു അതിരിലൂടെ 'കുറിഞ്ഞിപ്പുഴ' ഒഴുകിവന്ന് ചാലിയാറിനോട് ചേരുന്നു.

തേക്ക് മ്യൂസിയം


ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയം നിലമ്പൂരിലാണ്. കനോലി പ്ലാട്ടിൽ നിന്ന് ഗൂഡല്ലൂർ റൂട്ടിൽ രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ നിലമ്പൂർ പട്ടണമായി. വീണ്ടും നാലു കിലോമീറ്റർകൂടി അതേ പാതയിൽ സഞ്ചരിച്ചാൽ 'ബയോ റിസോർസസ് നാച്വർ പാർക്ക്' കാമ്പസ് കാണാം. ഈ കാമ്പസിലാണ്  മ്യൂസിയം സ്ഥിതി ചെയ്യുന്നത്. 'കേരള ഫോറസ്റ്റ് റിസർച്ച് സെന്ററിന്റെ' സബ് സെന്ററായ ഈ മ്യൂസിയത്തിന്റെ രീതിയിൽ മറ്റൊന്ന് ഇന്ത്യയിൽ എവിടെയുമില്ല.
തേക്ക് വളർത്തുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളുടെ വിവരണവും, തേക്കിൽ നിർമ്മിച്ച പഴയകാല ഉപകരണങ്ങളുടെ പ്രദർശനവും രണ്ടു നിലകളിലായുള്ള ഈ കെട്ടിടത്തിൽ കാണാം. ചാത്തുമേനോൻ, എച്ച്,വി കനോലി തുടങ്ങിയവരുടെ വലിയ ഛായാചിത്രങ്ങളും മ്യൂസിയത്തിനുള്ളിൽ ഉണ്ട്.പുരാതനകാലം മുതലുള്ള തേക്കുതടികളുടെ വലിയ ശേഖരം ഇവിടെയുണ്ട്. മുഗൾ രാജവംശത്തിന്റെ ഉദയവും, അസ്തമയും കണ്ട തേക്കുതടികൾ നമ്മെ ചരിത്രത്തിന്റെ ഇടനാഴികളിലേക്ക് കൂട്ടിക്കൊണ്ട്പോവും.
ഒരു കാലത്ത് കേരളത്തിലെ ആഢ്യഗൃഹങ്ങളുടെ മുഖമുദ്രയായിരുന്നു തേക്ക്. തേക്കിൽ നിർമ്മിച്ച ഫർണിച്ചറുകളും,തേക്കുകൊണ്ടുള്ള സീലിങ്ങുകളും, തേക്കുപാകിയ നിലവുമൊക്കെ അത്തരം വീടുകളിൽ അനിവാര്യമായിരുന്നു. സ്വാതന്ത്ര്യത്തിനുമുമ്പ് ബ്രിട്ടീഷ് റോയൽ നേവിയുടെയും, റെയിൽവേയുടേയും, കപ്പൽ നിർമ്മാണത്തിന്റെയും ആധാരം നിലമ്പൂരിലെ തേക്കുതടികളായിരുന്നു. കോഴിക്കോട്ടെ 'കല്ലായി' ലോകത്തിലെ വലിയ മരവ്യവസായ കേന്ദ്രമായി ഉയർന്നതിൽ നിലമ്പൂരിലെ തേക്കുതടികൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

തേക്ക് മ്യൂസിയത്തിനു പുറത്തുള്ള   വലിയ ഉദ്യാനം നല്ല രീതിയിൽ പരിപാലിക്കപ്പെടുന്നു. മനോഹരമായി ഒരുക്കിയ നിരവധി സസ്യജാലങ്ങളുടേയും, പുഷ്പഫലങ്ങളുടെയും കണ്ണിന് ഇമ്പമേകുന്ന വലിയൊരു ശേഖരം ഇവിടെയുണ്ട്.  മുന്നൂറോളം ഇനം പൂമ്പാറ്റകളുടെ ഉദ്യാനവും ഈ കാമ്പസിന്റെ ഭാഗമാണ്.
ഊട്ടിയിലേയും, കൂനൂരിലെയും ഗാർഡനുകൾ തേടിപ്പോവുന്ന നാം, നാടുകാണിച്ചുരം  എത്തുന്നതിനു മുമ്പ്, നമ്മുടെ തൊട്ടടുത്ത് ഇത്തരത്തിലുള്ള മികച്ച ഒരു ഉദ്യാനമുണ്ടെന്നത് കാര്യമായി ശ്രദ്ധിക്കാറില്ല. മുറ്റത്തെ മുല്ലക്ക് മണമില്ലെന്ന പഴഞ്ചൊല്ല് അന്വർത്ഥമാവുന്നത് ഇവിടെയാണ്.....
നാൾവഴികളും, വസ്തുതകളും

55 അഭിപ്രായങ്ങൾ:

 1. One evening when the plains were bathed in blood
  From sunset light in a crimson flood,
  We wandered under the young teak trees
  Whose branches whined in the light evening breeze;

  പരിഭാഷ : ഇക്കരെയുള്ളവർക്ക് ചെയ്യാനാവുന്നത് ചെയ്യാതിരിക്കുമ്പോൾ അക്കരെനിന്ന് ആളുവന്ന് ചില സാഹസകൃത്യങ്ങൾ ചെയ്യുന്നതാണ്.....

  മറുപടിഇല്ലാതാക്കൂ
 2. കൊള്ളാം.
  ചാത്തുമേനോന്റെയും കനോലി സായ്‌വിന്റെയും ഓരോ ചിത്രം കൂടെ ആവാമായിരുന്നു

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആദ്യവായനക്കും, അഭിപ്രായത്തിനും വലിയ സന്തോഷം

   ഇല്ലാതാക്കൂ
 3. മുന്‍പ് കേട്ടിട്ടുണ്ടായിരുന്നു. ഇപ്പോള്‍ വിശദമായി മനസ്സിലായി. അത്ഭുതം തോന്നുന്നു. ഇത്രയും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇങ്ങനെയൊരു ശ്രമം. എന്നെങ്കിലും ഇതൊക്കെ കാണണം എന്നാഗ്രഹിക്കുന്നു. നന്ദി മാഷെ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. തീർച്ചയായും കാണേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഇവിടംകൂടി ഉൾപ്പെടുത്തുക - അഭിപ്രായം അറിയിച്ചതിൽ സന്തോഷം

   ഇല്ലാതാക്കൂ
 4. കൊതിപ്പിക്കുന്ന ചിത്രങ്ങള്‍ കൂടുതല്‍ മനോഹരം.
  എന്നെങ്കിലും കാണാനാകും എന്ന് കരുതുന്നു.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ചിത്രങ്ങൾ നന്നായി എന്നറിയുന്നത് സന്തോഷകരം

   ഇല്ലാതാക്കൂ
 5. നാട്ടില്‍ എത്തിയാല്‍ ചെയ്യേണ്ട കാര്യങ്ങളില്‍ ഒന്നൂടെയായി. ചിത്രങ്ങള്‍ കൊണ്ടും വരികള്‍ കൊണ്ടും മുറ്റത്തെ മുല്ലയുടെ സൗരഭ്യം പകര്‍ന്നു തന്നതിന് നന്ദി മാഷേ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. തൊട്ടടുത്തുള്ള ഇത്തരം സ്ഥലങ്ങൾ നാം മിസ് ചെയ്യരുത്. വലിയ സന്തോഷം മുബി

   ഇല്ലാതാക്കൂ
 6. നിലമ്പൂർ വഴി ഒന്നുരണ്ട് തവണ കടന്നുപോയിട്ടുണ്ടെങ്കിലും നിൽക്കാൻ സാധിച്ചിട്ടില്ല. നന്നായി പറഞ്ഞു. എന്നെങ്കിലും ആ ഭാഗത്തേയ്ക്ക് യാത്ര ഉണ്ടെങ്കിൽ ഈ കുറിപ്പ് പ്രചോദനം...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. താങ്കളുടെ വായനകൊണ്ട് ഞാൻ അന്വേഷിച്ചുനടന്ന ഒരു ചരിത്രത്തിലേക്കുള്ള വഴി തുറന്നുകിട്ടി... നല്ലൊരു യാത്രികനെ വായനക്കാരനായി കിട്ടിയതിൽ വലിയ സന്തോഷം

   ഇല്ലാതാക്കൂ
 7. ഭാരതത്തിൽ മനുഷ്യൻ ആദ്യം നട്ട് പിടിപ്പിച്ച വനം,
  ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയം , അങ്ങിനെ
  കാടും പുഴയുമൊക്കെ കാണുവാൻ സ്വകുടുംബമായി പുറപ്പെട്ട
  പ്രദീപ് മാഷ് , ആ കണ്ടതും ,കേട്ടതുമായ സകലതും അതിമനോഹരമായ
  ഫോട്ടൊകൾ സഹിതം , അതും ഹൃദയസ്പര്‍ശിയായി ആവിഷ്കരിച്ചിരിക്കുക
  യാണല്ലോ ഇവിടേ
  അഭിനന്ദനങ്ങൾ കേട്ടൊ ഭായ്
  പിന്നാമ്പുറം :-
  150 കൊല്ലം മുമ്പ് തൃശ്ശൂർ ജില്ലയിലെ പ്രാന്തപ്രദേശങ്ങളിലൂടെ
  ഒഴുകുന്ന നദികളെയെല്ലാം കൂട്ടി കൊച്ചി മുതൽ പൊന്നാന്നി വരെ
  കടത്തിറക്കങ്ങൾക്കും , ജല യാത്രക്കും സുഖമമായ ജലപാതയൊരുക്കി
  ‘കാനോലി കനാൽ‘ രൂപകല്പന ചെയ്ത് പ്രാബല്ല്യത്തിൽ വരുത്തിയതും ഈ
  മലബാർ കളക്ട്ടറായിരുന്ന H.V Conolly എന്ന സായിപ്പെട്ടൻ തന്നെയായിരുന്നു...!

  പണ്ട് ശക്തൻ തമ്പുരാൻ വെട്ടി മാറ്റി മൈതാനമാക്കിയ തേക്കിൻ
  കാടിന് ചുറ്റും ആദ്യമായി റോഡ് റൌണ്ട് ഷേപ്പിൽ ഉണ്ടാക്കിയതും ഈ മഹാനാണെത്രെ..!

  അന്നൊക്കെ ഈ സായിപ്പ് മുങ്കൂട്ടി കണ്ട് നടപ്പാക്കിയ ഡെവലപ്പ്മെന്റൊന്നും ,
  ഇതുവരെ നമ്മെ ഭരിച്ച ആർക്കും ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം...
  അന്നത്തെ തൂക്കുപാലവും, പാലസും, നട്ടു പിടിപ്പിച്ച വനവും , സ്വരാജ് റൌണ്ട് റോഡും ,
  കനോലി കനാലും ഇന്നത്തെ തലമുറക്ക് പോലും ഉപകാരമായി ഇന്നും നിലകൊള്ളൂന്നു....!

  വെറുതെ അല്ല ..കൊച്ചു രാജ്യമായ ബ്രിട്ടൻ ലോകത്തിന്റെ ഉന്നതിയിലെത്തിയത് അല്ലേ...!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇത് ഞാനും ആലോചിച്ചതാണ്. വളരെ കുറഞ്ഞ കാലം കൊണ്ട് കൃത്യമായ പ്ലാനിംഗോടെ ബ്രിട്ടീഷുകാർ ഉണ്ടാക്കിയ ഇൻഫ്രാസ്ട്രക്ചറിനു മുകളിലാണ് നമ്മൾ ഭാരതം കെട്ടിപ്പൊക്കിയിരിക്കുന്നത്. അവർ ചെയ്തതിൽ നിന്നും അധികമൊന്നും മുന്നോട്ടുപോവാൻ നമുക്ക് കഴിഞ്ഞിട്ടുമില്ല. വെറുതെയല്ല കൊച്ചുരാജ്യമായ ബ്രിട്ടൺ ലോകത്തിന്റെ ഉന്നതിയിലെത്തിയത് എന്ന നിരീക്ഷണത്തിന് നൂറിൽ ഇരുനൂറ് മാർക്ക്....

   വിശദമായ വായനക്കും അഭിപ്രായത്തിനും, അനുബന്ധമായി ചേർത്ത വരികൾക്കും ഒരുപാട് സന്തോഷം.....

   ഇല്ലാതാക്കൂ
 8. പ്രദീപ് മാഷേ ഞാനിപ്പോള്‍ നിലമ്പൂരിലുണ്ട്. ചന്തകുന്ന് പഴയ ഫോറസ്റ്റ് ബംഗ്ലാവ് ....അത് 1928ല്‍ ബ്രിട്ടീഷകാര്‍ നിര്‍മ്മിച്ചതാണ്.... ഇവിടെ കാടിനുള്ളില്‍ ആറു മീറ്റര്‍ ഉയരത്തിൽ മരങ്ങളോട് കഥ പറഞ്ഞ് കാടിനോട് സല്ലപിച്ചും നടക്കാനൊരു .....പാത്ത് വേ.... ഉണ്ടാക്കുന്നു ഇനിയും കുറച്ച് നാളുകളിൽ പൂര്‍ത്തിയാകും ....ബംഗ്ലാവ് മ്യൂസിയം ആകും....പര്‍ഗോളയുടെ വര്‍ക്ക് നടക്കുന്നു....ചെങ്കുത്തായ കാട്ടിലേക്കുള്ള പാത്ത് വേ കാടിനു കോട്ടം തട്ടാതെ ഉണ്ടാക്കുകയാണ്...ഞാനും എന്‍റെ കുട്ടികളും...... വലിയൊരു അധ്വാനം ആണിത്.... അടുത്ത വരവിന് താങ്കള്‍ക്ക് ഒഴിവാക്കാൻ കഴിയാത്ത ഒന്നായിരിക്കുമിത്....ജോലി ഭാരം കൊണ്ട് തേക്ക് മ്യൂസിയം അതുപോലെ ഒന്നും തന്നെ കാണാൻ സാധിച്ചില്ല....തീര്‍ച്ചയായുാം കണ്ടിരിക്കും നല്ല വിവരണം ....ആശംസകൾ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആ സ്ഥലത്ത് തീർച്ചയായും വരണം. പണ്ട് ബ്രിട്ടീഷുകാർ നിർമ്മിച്ച ബംഗ്ലാവും താങ്കളുടേയും കുട്ടികളുടേയും ശ്രമഫലമായി പണിതീർത്ത വഴിയും കാണണം....
   തിരക്കിനിടയിലും അഭിപ്രായമറിയിക്കാൻ സമയം കണ്ടെത്തിയതിന് നന്ദി....

   ഇല്ലാതാക്കൂ
 9. നിലമ്പൂർ വനം തേക്കുമായി ബന്ധപ്പെട്ടാണ് എന്നും അറിയപ്പെട്ടു പോന്നത്. അതിൻറെ ഭംഗിയും വശ്യതയും എല്ലാം ഇപ്പോൾ കാട്ടി ത്തന്നു. മനോഹരമായ ചിത്രങ്ങളിലൂടെ. നമ്മുടെ നാടിനെ പറ്റി നാം അറിഞ്ഞു തുടങ്ങിയിരിയ്ക്കുന്നു. അന്ന് സായിപ്പ് ചെയ്തത് ഇന്ന് നമുക്ക് ചെയ്യാൻ കഴിയാതെ പോകുന്നത് ഒരു പ്രതിബദ്ധത, സമർപ്പണം ( commitment) ഇല്ലാതെ പോകുന്നത് കൊണ്ടാണ്. അതെന്നെങ്കിലും ഉണ്ടാകും എന്ന് പ്രതീക്ഷിയ്ക്കാം. ആ "വള്ളികളിൽ ഊയലാടുന്ന" പടം നല്ല രസം.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആ പ്രതിബദ്ധതയും സമർപ്പണവും സ്വാർത്ഥമോഹികളായ നമ്മുടെ നേതാക്കൾക്ക് ഇല്ലാതെപോയതുകൊണ്ടാണ് വിഭവസമൃദ്ധമായ നമ്മുടെ നാട് ഒരുപാട് പിന്നിലായിപ്പോവുന്നത്. നല്ല വായനക്കും അഭിപ്രായത്തിനും, ചിത്രത്തെക്കുറിച്ചുള്ള പ്രോത്സാഹനത്തിനും സന്തോഷം.....

   ഇല്ലാതാക്കൂ
 10. തേക്കുംതോട്ടത്തേക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു. പക്ഷേ നിലമ്പൂരിൽ ഇത്ര മനോഹരമായൊരു ഉദ്യാനമുണ്ടെന്ന് അറിയില്ലായിരുന്നു. :) സന്തോഷം പ്രദീപേട്ടാ... ഈ പരിചയപ്പെടുത്തലിനു.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. തീർച്ചയായും കാണണം..... വായനക്കും അഭിപ്രായത്തിനും വലിയ സന്തോഷം

   ഇല്ലാതാക്കൂ
 11. കാണാന്‍ ആഗ്രഹിച്ചിരുന്ന ഒരു സ്ഥലമാണ്‌.. കഴിഞ്ഞില്ല.. ഒരിക്കല്‍ പോണം..

  പകര്‍ന്ന ചരിത്രത്തിനും മനോഹരമായ ചിത്രങ്ങള്‍ക്കും നന്ദി മാഷെ..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. തിരക്കുകൾക്കിടയിലും ഇവിടെയെത്തി നൽകുന്ന പ്രോത്സാഹനത്തിന് നന്ദി ഡോക്ടർ

   ഇല്ലാതാക്കൂ
 12. മനോഹരമായ ചിത്രങ്ങള്‍ ..ലളിതമായ വിവരണം .. വിജ്ഞാനപ്രദവും..

  മറുപടിഇല്ലാതാക്കൂ
 13. വെറുതെ വായ്നോക്കാൻ ശിങ്കിടികളുമായി ഞങ്ങളെ സ്വന്തം സ്ഥലമാ ഇത് ഞങ്ങള്ക്ക് വിലയില്ലെങ്കിലും അന്യനാട്ടുകാര്ക്ക് ഇതൊക്കെ കാഴ്ചയാ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സത്യത്തിൽ ഈ പോസ്റ്റ് എഴുതേണ്ടത് നിങ്ങളൊക്കെയായിരുന്നു. അതാണ് ആദ്യകമന്റിൽ ഞാൻ സൂചിപ്പിച്ചത്. വായനക്കും അഭിപ്രായത്തിനും വലിയ സന്തോഷം

   ഇല്ലാതാക്കൂ
 14. പണ്ടൊരിക്കൽ പോയതാണ് ഈ വഴി. ഇപ്പോൾ ഇത് കണ്ടപ്പോൾ വീണ്ടും പോകാനോരാഗ്രഹം. വിവരണങ്ങൾക് നന്ദി.
  പുതിയ അറിവുകൾ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ശരിക്കും അവിടമാണ് നമ്മുടെ മുറ്റത്തെ മുല്ല - അഭിപ്രായമറിയിച്ചതിൽ സന്തോഷം

   ഇല്ലാതാക്കൂ
 15. മുറ്റത്തെ മുല്ലയ്ക്ക് നല്ല വാസന' പ്രദീ ബ് മാഷിന് അഭിനന്ദനങ്ങൾ....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഓരോ വായനയും എനിക്ക് പ്രോത്സാഹനം. വളരെ സന്തോഷം വി.കെ

   ഇല്ലാതാക്കൂ
 16. നല്ല വിവരണം..നിലംപൂരിനെ കൂടുതൽ അറിയാൻ കഴിഞ്ഞു..പോയിട്ടില്ല..
  തേക്ക് മ്യൂസിയം..ചി,(തങ്ങൾ superb...

  മറുപടിഇല്ലാതാക്കൂ
 17. കഴിഞ്ഞ വർഷം ഇതേ സമയത്ത് . . . ഞാന്‍ തൃശൂരിൽ നിന്നും നിലംബൂര്‍ വഴി ഉൗട്ടി മെെസൂർ . . . പോകും വഴി ഒന്ന് റസ്റ്റിന് വേണ്ടി
  യാണ് ഞാന്‍ വണ്ടി റോഡരികിൽ നിറുത്തിയത് അപ്പോഴാണ് ആഢൃൻപാറ എന്ന ബോര്‍ഡ് കാണുന്നത് . . എന്നാൽ അങ്ങോട്ട് പോകാം എന്നായി അഭിപ്രായം . . . ആ യാത്ര എനിക്ക് നല്ല
  ഒരു അനുഭവമായിരുന്നു . . ഏറെ നേരം ഞങ്ങള്‍ അവിടെ ചിലവഴിച്ചു . . . . പക്ഷേ ഈ ലേഖനം വായിച്ചതിന് ശേഷം ഞാന്‍ എറേ ദുഃഖിതനാണ് .
  കാരണം (പ കൃതി കനിഞു നൽകിയ ഇത്രയേറെ
  സംഭവങ്ങള്‍ അവിടെ ഉണ്ടായിരുന്നല്ലോ എന്ന തിരിച്ചറിവ് ഈ ലേഖനത്തില്‍ നിന്നാണ് കിട്ടിയത് . . . തേക്കുകളുടെ രാജ്ഞിയാണ് നിലംബൂർ എന്ന് മുന്‍പ് അറിയാമായിരുന്നു . . എന്നിരുന്നാലും . . . കൂടുതല്‍ അറിവുകള്‍ പകർന്ന് നൽകിയ Mr (പതീപ് കുമാറിന് ഒരുപാട് നന്ദി . . . . അടുത്ത (ടിപ്പിൽ ലേഖനത്തില്‍ പറഞ്ഞ എല്ലായിടത്തും പോകും . . . . ഫോട്ടോസ് എല്ലാം വളരെ നന്നായിട്ടണ്ട് . . ആശംസകള്‍ . . . . .

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പലരും ശ്രദ്ധിക്കാതെ പോവുന്ന ഒരുപാട് കാര്യങ്ങൾ നിലമ്പൂരിലുണ്ട്. അടുത്ത തവണ ശ്രമിക്കൂ. നല്ലൊരു അനുഭവമായിരിക്കും.... വായനക്കും, വിശദമായ അഭിപ്രായത്തിനും നന്ദി....

   ഇല്ലാതാക്കൂ
 18. കാനോലി പ്ലോട്ട് പണ്ടേ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതാണ്. മനോഹരമായ തൂക്കു പാലവും അനുബന്ധ സൌകര്യങ്ങളും കൂടിയായപ്പോള്‍ ഒന്നാന്തരം ഒരു ടൂറിസ്റ്റ് സ്പോട്ടായി.90കളില്‍ തുടങ്ങിയ തേക്ക് മ്യൂസിയവും പൂന്തോട്ടവും മലയാളിയുടെ മാറുന്ന രുചിഭേദങ്ങള്‍ക്കുള്ള മറുപടിയാണ്.ആഢ്യന്‍ പാറയും നെടുങ്കയവും മറ്റ് രണ്ടു പ്രധാന സ്ഥലങ്ങളാണ്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നിലമ്പൂരിനെ നന്നായി അറിയാവുന്ന താങ്കളെപ്പോലുള്ളവർക്ക് എന്റെ പരിമിതമായ അറിവിനേക്കാൾ വളരെ കൂടുതൽ ഈ കാര്യത്തിൽ പറയാൻ സാധിക്കും.....അനുബന്ധമായി തന്ന വിവരങ്ങൾക്കും, പ്രോത്സാഹന വാക്കുകൾക്കും നന്ദി

   ഇല്ലാതാക്കൂ
 19. ദൃശ്യചാരുതയും ലേഖന ചാതുരിയും ഏറെ ഹൃദ്യം ......ഇപ്പോള്‍ അടുത്തു തന്നെ അവിടെ പോയേ പറ്റൂവെന്നു മനസ്സ് തിടുക്കം കൂട്ടുന്നു .

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനക്കും പ്രോത്സാഹനവാക്കുകൾക്കും വലിയ സന്തോഷം മാഷെ.....

   ഇല്ലാതാക്കൂ
 20. നിലമ്പൂര്‍ കാടുകളെ കുറിച്ച് കൂടുതല്‍ കേട്ടിരിക്കുന്നത് മാവോയിസ്റ്റുകളുടെ താവളമായാണ് ...ഇത്രയും പ്രകൃതി രമണീയമായ സ്ഥലത്ത് ആരായാലും താവളമടിച്ചു പോകും ....! ഫോട്ടോസ് എല്ലാം മനോഹരമായിരിക്കുന്നു മാഷേ ..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനക്കും അഭിപ്രായത്തിനും നന്ദി കൊച്ചുമോൾ

   ഇല്ലാതാക്കൂ
 21. മറുപടികൾ
  1. വായനക്കും അഭിപ്രായത്തിനും വലിയ സന്തോഷം രാജാവേ.....

   ഇല്ലാതാക്കൂ
 22. കൊള്ളാലോ..
  വരികളും ഫോട്ടോകളും ശരിക്ക് നുക൪ന്നു..
  വീടി൯റെ അടുത്തുള്ള സ്ഥലം തന്നെയാ...
  ഒത്തിരി തവണ കണ്ടിട്ടുണ്ട്..
  നല്ല എഴുത്ത് മാഷെ..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സത്യത്തിൽ ഈ പോസ്റ്റ് തയ്യാറാക്കേണ്ടത് നിങ്ങളെപ്പോലുള്ളവരായിരുന്നു. അതാണ് ഞാൻ തുടക്കത്തിൽ സൂചിപ്പിച്ചത്. വായനക്കും അഭിപ്രായത്തിനും സ്നേഹം മുബാറക്

   ഇല്ലാതാക്കൂ
 23. ചിത്രങ്ങൾ കൊണ്ടും, എഴുത്തു കൊണ്ടും വളരെ ഹൃദ്യമായിരിക്കുന്നു വിവരണം. എന്റെ ഒരു ഫ്രണ്ട് നിലമ്പൂർ സ്വദേശിനിയാണ്. അവൾ പലപ്പോഴും അവളുടെ സ്ഥലത്തെപ്പറ്റി പറയാറുണ്ട്‌. മാഷിന്റെ ഈ വിവരണത്തിൽക്കൂടെ നിലമ്പൂരിനെപ്പറ്റി കൂടുതലായി അറിയാൻ കഴിഞ്ഞു. ഇതുപോലെയുള്ള ലേഖനങ്ങൾ നമുക്ക്‌ അറിയാത്ത പല സ്ഥലങ്ങളെയും, അവിടുത്തെ പ്രത്യേകതകളും, പ്രകൃതി ഭംഗികളും എല്ലാം അറിയാൻ ഉപകരിക്കുന്നു. ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 24. വരാ൯ വൈകി, വന്നപ്പോ കണ്ടതോ മനസ്സ് നിറക്കുന്നതും, ഒരു കെ എഫ് ആ൪ ഐ ജോലിക്കാരിയായിരുന്ന കാലത്ത് പാറി നടന്നിരുന്ന സ്ഥലങ്ങള്, പ്രണയം തുളുന്പുന്ന ആ സ്ഥലങ്ങള് ആളുകള് എന്തുകൊണ്ട് കണ്ടെത്തുന്നില്ല എന്ന് അന്നും അത്ഭുതപെടുമായിരുന്നു.ചരിത്രപരധാനമായ സ്ഥലം കൂടിയാണല്ലോ, നല്ലെഴുത്ത്,ഒന്നും വിട്ടുപോയിട്ടില്ല. Thank you very much for this post, which led me in to thousands of memories...

  മറുപടിഇല്ലാതാക്കൂ
 25. അധികം വിവരണം ഒന്നും ആവശ്യമില്ലാതെ തന്നെ ചിത്രങ്ങള്‍ കഥ പറയുന്നു .. മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയുന്നതു എത്ര ശെരിയാ ,,ഇത് വഴി പോയാല്‍ ഊട്ടിയിലെത്താം ,, എന്നാല്‍ ഇവിടെയൊരിക്കല്‍ പോലും കയറി നോക്കാത്തവരാണ് നമ്മളില്‍ പലരും .. വായിക്കാന്‍ വൈകി ..

  മറുപടിഇല്ലാതാക്കൂ
 26. Valare Nannayittund
  Lalitamaya Bashayum Chitrangalum Koodutal Vyktata Nalkunnu
  വളരെ നനനി

  മറുപടിഇല്ലാതാക്കൂ
 27. വളരെ നല്ല അവതരണം ...കേട്ടിട്ടുണ്ടെങ്കിലും ഇതുവരെ പോകാന്‍ കഴിഞ്ഞിട്ടില്ല.ചരിത്രവും വിവരങ്ങളും ഒരുപാട് ഉപകാര പ്രദമാണ് ...ഇനിയും എഴുതുക ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 28. നേരത്തേ വായിച്ചിരുന്നു.


  കമന്റ്‌ ലോഡാകുന്നില്ല.

  ഒരിയ്ക്കൽ നിലമ്പൂർ കാട്ടിലൊന്ന് പോകണമെന്നുണ്ട്‌

  മറുപടിഇല്ലാതാക്കൂ
 29. നിലമ്പൂരിലൂടെ പല തവണ കടന്നു പോയിട്ടുണ്ടെങ്കിലും ഇപ്പറഞ്ഞ സംഗതികളെ കണ്ടനുഭവിക്കാൻ സാധിച്ചിട്ടില്ല ..എന്തായാലും ഈ കുറിപ്പ് ഞാൻ അടുത്ത തവണ നാട്ടിൽ വരുമ്പോൾ തേക്കിൻ കാട് സന്ദർശിക്കുന്ന സമയത്ത് ഉഅപകരിക്കുമെന്ന് ഉറപ്പ് ...

  മറുപടിഇല്ലാതാക്കൂ
 30. കേൾക്കുന്നതും അറിയുന്നതും ആദ്യം....
  നല്ല വിവരണം...അഭിനന്ദനങ്ങൾ....

  മറുപടിഇല്ലാതാക്കൂ