സ്വപ്നനഗരിയിലെ ലോകാത്ഭുതങ്ങൾ

ഉദീനച്ചന്തയിലെ കടത്തിണ്ണയിൽ തന്റെ സങ്കടങ്ങളെപ്പറ്റി ചിന്തിച്ച് കുന്തിച്ചിരിക്കുന്ന തൊമ്മി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സക്കറിയയുടെ 'ഭാസ്കരപട്ടേലരും എന്റെ ജീവിതവും' എന്ന കഥ തുടങ്ങുന്നത്. ചിന്തകളോടൊപ്പം പഴകിയ ഉടുമുണ്ട് പിഞ്ഞിപ്പോവുന്നതിന്റെ ശബ്ദവും ചേർത്ത് വിദഗ്ദ്ധനായ കഥാകൃത്ത് മനുഷ്യനെന്ന മഹാസങ്കടത്തിന്റെ നല്ലൊരു ആമുഖം കഥയുടെ തുടക്കത്തിൽത്തന്നെ നൽകുന്നു

പുറത്തേക്ക് എന്തെല്ലാം നാട്യങ്ങളുണ്ടെങ്കിലും ഓരോ മനുഷ്യനും പലതരം സങ്കടങ്ങളുടെ കൂമ്പാരങ്ങളാണ്. ഉണ്ടവന് പായ കിട്ടാത്തതിന്റേയും, ഉണ്ണാത്തവന് ഇല കിട്ടാത്തതിന്റേയും സങ്കടത്തെക്കുറിച്ചുള്ള പഴഞ്ചൊല്ല് ഓർക്കുക.   

മറ്റുള്ളവർക്ക് നിസ്സാരമെന്നും, ഗുരുതരമെന്നുമൊക്കെ തോന്നാവുന്ന ദുഃഖങ്ങൾ ഓരോ വ്യക്തിക്കുമുണ്ട്. അതിൽനിന്ന് അൽപ്പം നേരത്തേക്കെങ്കിലും മോചനം ഓരോരുത്തരും കൊതിക്കുന്നു. സഹജീവികളോടൊത്തുള്ള കൂട്ടായ്മകളാണ് സങ്കടമോചനത്തിനുള്ള ഏറ്റവും നല്ല ഉപാധി എന്ന് മനുഷ്യൻ ശിലായുഗകാലത്തുതന്നെ കണ്ടെത്തിയിരുന്നു. അന്നുമുതൽ മനുഷ്യൻ കൂട്ടായ്മകളിൽ അഭയം തേടുന്നു. സംഘം ചേർന്നുള്ള ആഘോഷങ്ങൾ ഇങ്ങിനെയാണ് മൂർത്തരൂപം പ്രാപിച്ചത്.

അതായത് ഗോത്രപരമായ ആഘോഷങ്ങളുടെ തുടക്കം പ്രാചീനമനുഷ്യന്റെ സങ്കടമോചനങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളിലാണെന്നു പറയാം. കൂടുതൽ നാഗരികരായതോടെ ആഘോഷങ്ങളുടെ ഗോത്രത്തനിമകൾ നാഗരിക രീതികൾക്ക് വഴിമാറി. ഉപഭോഗ ജീവിതത്തിന്റെ ആധുനികകാലത്ത് ആഘോഷങ്ങളിലേക്കും ഉപഭോഗസംസ്കാരം പതിയെ കടന്നുകയറി.

കാർണിവലുകൾ എന്നു വിളിക്കപ്പെടുന്ന ആഘോഷങ്ങൾ മനുഷ്യജീനുകളിൽ അന്തർലീനമായ കൂട്ടായ്മകൾക്കായുള്ള ഉൾവിളികളെ ഉപഭോഗ സംസ്കാരം ഹൈജാക്ക് ചെയ്തതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. നാട്ടിൻപുറത്തെ കൊയ്തൊഴിഞ്ഞ പാടത്ത് കെട്ടിയുയർത്തുന്ന ചെറിയ കാർണിവലുകൾ മുതൽ നഗരങ്ങളിലെ വിശാലമായ മൈതാനത്ത് ആധുനിക സാങ്കേതിവിദ്യയുടെ സൗകര്യങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള എയർ കണ്ടീഷൻഡ് കാർണിവലുകൾ വരെ ഇന്ന് നടത്തപ്പെടുന്നു. മനുഷ്യന്റെ ഗോത്രത്തനിമകളിലേക്ക് പല തലത്തിലൂടെ കമ്പോള-ഉപഭോഗ സംസ്കാരം കടന്നുകയറുന്നത് എങ്ങിനെ എന്ന് ഇത്തരം കാർണിവലുകൾ വ്യക്തമാക്കുന്നു.

'ഗ്രാന്റ് മലബാർ ഫെയർ' എന്ന പേരിൽ കോഴിക്കോട്ടെ സ്വപ്നനഗരിയിൽ ഒരുക്കിയ കാർണിവലിന്റെ ഏതാനും ചിത്രങ്ങൾ പങ്കുവെക്കുകയാണ്. വിദൂരദേശങ്ങളിൽ അപ്രാപ്യമായ ലോകാത്ഭുതങ്ങളുടെ റെപ്ലിക്കകൾ കണ്ട് എന്നെപ്പോലെയുള്ളവർ അത്ഭുതപ്പെട്ട് നിന്നുപോയി. ജീനുകളിലൂടെ പകർന്നാട്ടം നടത്തപ്പെട്ട ഗോത്രത്തനിമയുടെ പ്രാചീനമായ ഉൾവിളിയാൽ ഞാനും കാർണിവൽ കൂട്ടായ്മയിൽ അഭയം തേടുകയായിരുന്നു

ഇനി ചിത്രങ്ങളിലൂടെ സംസാരിക്കാം
ഏഴ് അത്ഭുതങ്ങളും ഒറ്റവരിയിൽ!!!!! - അത്ഭുക്കാഴ്ചകൾ ഇനിയുമുണ്ട്




പോസ്റ്റ്-പോസ്റ്റ് മോഡേൺ കാലത്തെ കാർണിവൽ കവാടങ്ങൾ - ഗേറ്റിൽ സ്ഥാപിച്ച പ്രത്യേകതരം കണ്ണാടിയിലൂടെ  ലോകാത്ഭുതക്കാഴ്ചകൾ .......


ചില്ലുവാതിലുകൾക്കപ്പുറത്ത്

യൂറേഷ്യൻ സ്റ്റെപ്പിയിലൂടെ സംഘങ്ങളായി നീങ്ങുന്ന നൊമഡുകളുടെ ആരവം കേൾക്കാം. ഷാങ്ഹായ് യുടെ അതിരുകൾ കടന്ന് മംഗോളിയയിലേക്ക് നീങ്ങുന്ന കാട്ടു പാതയിലൂടെ അവരുടെ സംഗീത ഉപകരണങ്ങൾ പ്രതിദ്ധ്വനിക്കുന്നത് കേൾക്കാം….

ഓപ്പറ നർത്തകിയുടെ സാമ്പാദ്യപ്പെട്ടിയിലെ അവസാന നാണയവും ഉരുക്കിയൊഴിച്ചു പാകിയ അടിത്തറയാണ് ഇന്നും മണ്ണിൽ പിടിച്ചു നിർത്തുന്നത്. നർത്തകിമാരുടെ കണ്ണുകളിൽ തെളിയുന്ന സ്വപ്നങ്ങൾപോലെ നേർരേഖയിൽ സഞ്ചരിക്കാത്ത ആകാശഗോപുരം കാണാം…

കാർണിവലുകളുടെ പുതുയുഗപ്പിറവിക്ക് സ്വാഗതമോതിയ ഉരുക്കുമനസ്സുള്ള കമാനം തൊട്ടറിയാം….

അടിമകളുടെ ചോരയിലൂടെ പരലോകത്തെ പറുദീസയിലേക്ക് നീന്തിത്തുടിച്ച ഫറോവമാരുടെ മരുഭൂമികളിലൂടെ സവാരി ചെയ്യാം….. 

അഭയസ്ഥാനം തേടി എങ്ങോട്ടൊക്കെയോ ഓടിയടുക്കുന്ന മനുഷ്യനെന്ന മഹാത്ഭുതം .......

കാനോലി കനാലിൽ പ്രതിദ്ധ്വനിക്കുന്ന കാർണിവൽ ലഹരികൾ