Yes, to the very end.
Will the day’s journey take the whole long day?
From morn to night, my friend.
വളഞ്ഞു പുളഞ്ഞ മലമ്പാതകളിലൂടെ ബാബാ-ബുധാൻ ഗിരിയിലേക്ക് യാത്രചെയ്യുമ്പോൾ 'ക്രിസ്റ്റീനറോസറ്റി' യുടെ വരികൾ ഓർമ്മവരുന്നു. മലകളിലേക്കുള്ള യാത്രകൾ ജീവിതം പോലെയാണ്. എല്ലാ നിശ്ചയദാർഢ്യങ്ങൾക്കും അപ്പുറം അനിശ്ചിതത്വത്തിന്റേതായൊരു മഞ്ഞുമറ യാത്രികരെ കാത്തിരിക്കുന്നുണ്ടാവും.
ദക്ഷിണേന്ത്യയിലെ പ്രധാനകൊടുമുടികളിലൊന്നായ സീതാലയഗിരിയുടെ ഭാഗമാണ് ബാബാ-ബുധാൻഗിരി. പർവ്വതശിഖരത്തോടടുക്കുമ്പോൾ ഒരു പഞ്ഞിക്കെട്ടുപൊലെ മഴമേഘങ്ങൾ നമുക്കരികിലേക്ക് ഒഴുകിവരും. മലകളിൽ മഞ്ഞുപെയ്യാൻ തുടങ്ങും. തൊട്ടടുത്ത കാഴ്ചപോലും അവ്യക്തമാവും. പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിവിശേഷമാണത്. കോടമഞ്ഞിലൂടെ പാറിയടുക്കുന്ന കാറ്റിനൊപ്പം മഴത്തുള്ളികളും നമ്മെ നനക്കുമ്പോൾ നാം അനുഭവിക്കുന്നത് നിയതി നമുക്കായ് ഒരുക്കിവെച്ച പരമാനന്ദമാണ്....
സീതാലയഗിരിയുടെയും, മുല്ലയഗിരിയുടെയും മലമടക്കുകളിലൂടെ താഴ്വരകളുടെ സൗന്ദര്യം നുകർന്നുള്ള യാത്രയുടെ ഒടുവിൽ ബുധാൻഗിരിയുടെ താഴ്വാരത്തിലെത്താം. പിന്നീടങ്ങോട്ട് മഞ്ഞുപാളികളിലൂടെ ഹൈഗീറിൽ മലയിലേക്ക് വലിഞ്ഞു കയറുന്ന ജീപ്പ്സർവ്വീസ് ഉണ്ട്. ജീപ്പ് ഇറങ്ങി ഒറ്റയടിപ്പാതകളിലൂടെ വീണ്ടും മലകയറണം.
ജീപ്പിൽ നിന്നിറങ്ങി മൂടൽമഞ്ഞിന്റെ തണുത്ത പാളികളിലൂടെ ബുധാൻഗിരിയിലെ മാണിക്യധാര ജലപാതത്തിലേക്ക് ഞാൻ നടക്കുമ്പോൾ മഴ ചാറാൻ തുടങ്ങി. മലമടക്കുകളുടേയും കാനനതാഴ്വരകളുടെയും കാഴ്ചകളെ മറച്ചുകൊണ്ട് വീണ്ടും മൂടൽമഞ്ഞു വീണു. താഴ്വരകളിൽ നിന്ന് ഒരു ത്രിമാനസിനിമയുടെ ദൃശ്യംപോലെ എനിക്ക് എത്തിപ്പിടിക്കാം എന്ന മട്ടിൽ ചാരുതയാർന്നൊരു മഴവില്ല് ഉയർന്നുവന്നു. ഞാൻ തൊടാൻ കൈകൾ നീട്ടി. എന്റെ കൈകളുടെ നീളത്തിന് തൊട്ടപ്പുറത്ത് പിടിതരാതെ നിന്നു ആ മഴവിൽക്കാഴ്ച്ച ..! പാതയോരത്തെ കമ്പിവേലിയിലിരുന്ന് രണ്ടു കുരങ്ങുകൾ പരിസരം മറന്ന് പ്രണയിക്കുകയാണ്. ചരാചരങ്ങളുടെ പ്രണയത്തിലേക്ക് പ്രകൃതിയുടെ അനുഗ്രഹാശിസ്സുകൾപോലെ മഴവില്ലിലെ നിറഭേദങ്ങൾ കാൽപ്പനികശോഭ പകർന്നുകൊണ്ടിരുന്നു. പ്രണയകേളികളുടെ ഒരു ഘട്ടത്തിൽ കുരങ്ങുകൾ കോടമഞ്ഞിന്റെ പുതപ്പിനുള്ളിൽ ഇണചേരാൻ തുടങ്ങി. പ്രണയരതിലീലയുടെ അന്യാദൃശ്യമായ ആ കാൽപ്പനികക്കാഴ്ച ഞാൻ ക്യാമറയിലേക്ക് പകർത്തി. കുരങ്ങുകളുടെ ദൃശ്യമല്ലാതെ എന്നെ അത്ഭുതപ്പെടുത്തിയ മഴവിൽക്കാഴ്ച ക്യാമറയിൽ പതിഞ്ഞതേയില്ല. മനഷ്യനിർമിതമായ നൂതനസാങ്കേതികതകൾക്ക് അപ്രാപ്യമായ പ്രകൃതിയുടെ മായികവിസ്മയങ്ങളെക്കുറിച്ചാണ് ഞാനപ്പോൾ ചിന്തിച്ചുപോയത്.
ആത്മീയവഴികളിലൂടെ പ്രകൃതിയുടെ പ്രതിഭാസങ്ങളെ വിശദീകരിക്കുന്ന ചിന്താധാരകളോട് എനിക്ക് ഒരിക്കലും താൽപ്പര്യം തോന്നിയിട്ടില്ല. സാമാന്യമായ യുക്തിബോധത്തിനു നിരക്കാത്ത ആശയസംഹിതകളോട് പൊരുത്തപ്പെടാൻ പലപ്പോഴും പ്രയാസം അനുഭവപ്പെട്ടിട്ടുണ്ട്. ഗണിതയുക്തിപോലെ കൃത്യതയാർന്ന ഭൗതികവാദത്തിന്റെ രീതിശാസ്ത്രമാണ് ശരി എന്നും ഞാൻ വിശ്വസിച്ചു പോന്നിരുന്നു. എന്നാൽ പ്രകൃതിവിസ്മയങ്ങൾക്ക് ഇനിയും ഉത്തരം നൽകി തീർന്നിട്ടില്ലാത്ത ഭൗതികചിന്തകളുടെ പരിമിതികളെക്കുറിച്ച് ഞാൻ ആ വേളയിൽ ഓർത്തുപോയി.
സീതാലയഗിരിയുടെ തുംഗങ്ങളിലൂടെ ഒരു മഴക്കാറ്റു വീശി. മഴയുടെ ചീളുകളിൽ ഞാൻ നനഞ്ഞു കുതിർന്നിരുന്നു. ചുഴറ്റിയടിച്ച കാറ്റ് എന്നെ താഴ്വരകളിലേക്ക് എടുത്ത് വലിച്ചെറിയും എന്നു തോന്നി. താഴെ അഗാധമായ ഗർത്തമാണ്. ക്യാമറയും മൊബൈൽഫോണും പ്ലാസ്റ്റിക് കവറിലാക്കി ഞാൻ കൈവരിയിൽ മുറുകെ പിടിച്ചു നിന്നു.
അൽപ്പസമയത്തിനകം മഴക്കാറ്റുകൾ ഗിരിനിരകളിലേക്ക് ചൂളംവിളിച്ച് പറന്നകന്നു. പതിയെ മഞ്ഞുപടലകൾ തെന്നിനീങ്ങി. കുരങ്ങുകൾ സുരതാലസ്യത്തോടെ., താഴ്വരയിലേക്ക് പടർന്നുകിടന്ന മരച്ചില്ലകളിൽ അപ്രത്യക്ഷരായി.
തെളിഞ്ഞുവന്ന കാഴ്ചയിൽ ഇപ്പോൾ മാണിക്യധാര ജലപാതവും, അതിനരികിൽ ചിക്കമഗളൂർ ജില്ലാഭരണകൂടം സ്ഥാപിച്ച 'ബിലീവ് നോട്ട് ഇൻ സുപ്പർസ്റ്റിഷൻ., ബട്ട് ബിഹോൾഡ് ദ ബ്യൂട്ടിഫുൾ എൻവയറോൺമെൻറ്...' എന്ന ബോർഡും കാണാം. ശരിയാണ്., മനഷ്യനെ മനുഷ്യനിൽ നിന്ന് അകറ്റിനിർത്തുന്ന അന്ധവിശ്വാസങ്ങൾക്ക് ഇവിടെ സ്ഥാനം കൊടുക്കരുത്... പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഈ സുന്ദരദൃശ്യങ്ങൾ ആവോളം നുകരുക. പ്രകൃതിയെ വാഴ്ത്തുക. -'ആകാശഗോപുരവാതിലുകൾ തുറന്നെത്തിയ ഹേ മനുഷ്യാ., വിശ്വപ്രകൃതിയിതാ നിനക്കുള്ള വിരുന്നൊരുക്കിയിരിക്കുന്നു....' എന്ന് ആ ബോർഡ് വിളിച്ചു പറയുന്നപോലെ തോന്നി.
ബാബാ-ബുധാൻ ഗിരിയും, അവിടെയുള്ള ജലധാരയും, സമീപത്തുള്ള ഗുഹയും കേന്ദ്രീകരിച്ച് നിരവധി അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. ചില സ്ഥാപിത താൽപ്പര്യക്കാർ ബുധാൻഗിരിയെയും പരസ്പരസ്പർദ്ധയുടെ അരങ്ങാക്കി മാറ്റാൻ ഒരിക്കൽ ശ്രമിക്കുകയുണ്ടായി. എന്നാൽ സുപ്രീം കോടതിയുടെയും, ഭരണകൂടങ്ങളുടേയും സമയോചിതമായ ഇടപെടലുകൾ നടന്നതുകൊണ്ട് ഇന്ന് ബുധാൻഗിരിയിൽ സമാധാനം പുലരുന്നു.
ജലപാതത്തിൽ നിന്ന് തിരിച്ചു ജീപ്പ്റോഡിലേക്ക് എത്തുന്നിടത്ത് ചെറിയൊരു പന്തലിൽ ചൂടുള്ള കാപ്പി കുടിക്കാനും, തീ കായാനുമുള്ള സൗകര്യമുണ്ട്. അഗ്നികുണ്ഡത്തിനരികിൽ ചെന്നിരുന്നു കാപ്പി മൊത്തിക്കുടിച്ച് കുറേനേരം തീകാഞ്ഞ ശേഷമാണ് മരവിച്ചുപോയ കൈകളിലും കാലുകളിലും വീണ്ടും രക്തചലനം അനുഭവപ്പെട്ടത്.
തിരിച്ചുപോവാനുള്ള ജീപ്പ് ചുരം കയറി എത്തിയപ്പോഴേക്കും ഒരു ജീപ്പിൽ കൊള്ളാവുന്നതിലുമധികം സഞ്ചാരികൾ അവിടെ നിറഞ്ഞിരുന്നു. ആരേയും ഒഴിവാക്കാൻ താൽപ്പര്യമില്ലാതിരുന്ന ഡ്രൈവർ കുറേപ്പേരോട് ജീപ്പിനു മുകളിൽ കയറാൻ നിർദേശിച്ചു. ജീപ്പിനുമുകളിൽ വലിഞ്ഞുകയറിയ സംഘത്തോടൊപ്പം ഞാനും കൂടി. ആന്ധ്രയിലെ അനന്തപ്പൂരിൽ നിന്നെത്തിയ ഒരു സംഘമാണത്. കൂട്ടത്തിൽ ഏറ്റവും സജീവമായ ആൾ ഒരു കണ്ണുപൊട്ടനാണെന്നത് എന്നെ അത്ഭുതപ്പെടുത്തി. കാഴ്ച നിഷേധിക്കപ്പെട്ട ആ യുവാവ് അകക്കണ്ണുകൊണ്ട് എല്ലാം കാണുന്നു. എല്ലാം അറിയുന്നു. കാഴ്ചകളുടെ ആകാശഗോപുരങ്ങൾ സ്പർശങ്ങളിലൂടെയും, ഗന്ധങ്ങളിലൂടെയും, ശബ്ദവീചികളിലൂടെയും ആസ്വദിക്കാനായി അവധൂതനെപ്പോലെ അലയുന്നു.... മനോഹരമായ ഈണത്തിൽ അയാൾ കുലുങ്ങിയാടുന്ന ജീപ്പിന്റെ താളത്തിനൊപ്പം തെലുഗ് സിനിമാഗാനങ്ങൾ പാടിക്കൊണ്ടിരുന്നു. മറ്റുള്ളവർ താളം പിടിക്കുന്നു. എനിക്കറിയാവുന്ന തെലുഗുപദങ്ങൾ ഉപയോഗിച്ച് ഞാനും സംഘത്തിന്റെ വർത്തമാനങ്ങളിലേക്കു ലയിച്ചു ചേരാൻ ശ്രമിച്ചു. കർണാടകയിലെ തുംഗൂരിൽ താമസിച്ചിരുന്ന വേളയിൽ കണ്ട 'സ്വയംവര' എന്ന തെലുഗുസിനിമയിലെ യേശുദാസ് പാടിയ 'ഗാനിവാനലോ., വാനനീറ്റിലോ...' എന്ന ഗാനം പാടാൻ ഞാൻ ആവശ്യപ്പെട്ടപ്പോൾ അതു കേൾക്കാൻ കാത്തിരുന്നതുപോലെ യുവാവ് പാടാൻ തുടങ്ങി.....
'ഗനിവാനലോ വാനനീറ്റിലോ പടവപ്രയാണം.
തീരമെക്കടോ,ഗമ്യമേമിതോ തെലിയതുപാപം.
തെലിയതുപാപം.
ഓഹോഹോ.....'
(കൊടുങ്കാറ്റിലും പേമാരിയിലും അകപ്പെട്ട ഈ നൗകയിൽ തീരമേതെന്നറിയാതെ ഞാൻ യാത്ര ചെയ്യുകയാണ്. കാറ്റുകൾ ചീറിയടുക്കണമെന്നതും., തിരമാലകൾ കുതിച്ചുയരണമെന്നതും., കടൽപ്പരപ്പിൽ എന്റെ നൗക തകർന്നടിയണമെന്നതും നിയതിയുടെ നിയോഗമാണ് ......)
കണ്ണുപൊട്ടനായ യുവാവ് എല്ലാം മറന്നു പാടുകയാണ്…. മറ്റുള്ളവർ താളം പിടിക്കുന്നു. അവർപോലും മറന്നു തുടങ്ങിയ ആ മനോഹരഗാനം ഓർമ്മപ്പെടുത്തിയ ഈ മലയാളത്താനെ അവർക്ക് ഒരുപാട് ഇഷ്ടമായി എന്നു തോന്നുന്നു……
ജീവിതം കരുപ്പിടിപ്പിക്കാനുള്ള അലച്ചിലുകളുടെ ആദ്യകാലം..., ബംഗളൂരിലും, തുംഗൂരിലും ചിലവഴിച്ച നാളുകൾ..., വിശ്വനാഥറെഡ്ഡി എന്ന സുഹൃത്തിനോടൊപ്പം ചിക്കബല്ലാപ്പൂരിനു സമീപമുള്ള ഗ്രാമത്തിൽ കന്നടിഗരുടെ കാർഷികോത്സവമായ 'ജാത്ര' കാണാൻ പോയത്..., കന്നുകാലിച്ചന്തകളിലും, തെരുവുകച്ചവടക്കാർക്കിടയിലും കറങ്ങിത്തിരിഞ്ഞത്..., പാതിരാത്രി കഴിഞ്ഞപ്പോൾ കടുകെണ്ണയുടേയും, കന്നുകാലികളുടേയും മണമുള്ള ടാക്കീസിൽ കയറി 'സ്വയംവര' കണ്ടത്..., ജന്മനാടിന്റെയും, മാതൃഭാഷയുടേയും സ്മൃതികൾ ഉണർത്തിക്കൊണ്ട് യേശുദാസിന്റെ ശബ്ദം ടാക്കീസിനുള്ളിൽ അലയടിച്ചത്... -- മനസുകൊണ്ട് ഞാനപ്പോൾ പിന്നീട്ട ജീവിതപ്പാതകളിലൂടെ യാത്ര ചെയ്യുകയായിരുന്നു....
ചെറുതായി വെട്ടിയുണ്ടാക്കിയ മലമ്പാതയിൽ അഗാധഗർത്തങ്ങളുടെ വക്കുകളിലൂടെ വളച്ചും, തിരിച്ചും, ചെങ്കുത്തായ ഇറക്കങ്ങളും, കയറ്റങ്ങളും താണ്ടിയും, തികഞ്ഞൊരു അഭ്യാസിയെപ്പോലെ ഡ്രൈവർ ജീപ്പോടിക്കുകയാണ്... ജീവിതംപോലെ കയറ്റിറക്കങ്ങളും, അപായം നിറഞ്ഞ കൊടുംവളവുകളും, പ്രശാന്തിയുടെ സമതലങ്ങളുമുള്ള ആ പാതയിലൂടെ നീങ്ങിക്കൊണ്ടിരുന്ന ജീപ്പിനു മുകളിലിരിന്ന് ഞാൻ പിന്നിട്ട വഴികളിലേക്ക് ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി....
ഇനി ചിത്രങ്ങൾ സംസാരിക്കട്ടെ.....
താഴ്വരകളിൽ നിന്ന് കാനനപാതകളിലൂടെ ......
ചുരം പാതയിൽ പെരുമഴയുടെ മേളപ്പതക്കം.....
സ്വപ്നതാഴ്വരകൾ മേഘമൽഹാർ പാടുന്നു.....
മഴയുടെ തന്ത്രികൾ മീട്ടി നിന്നാകാശം മധുരമായാർദ്രമായ്.......
പറന്നടുക്കുന്ന മഴമേഘങ്ങൾ......
ആകാശനീലിമയിൽ പാറിക്കളിച്ച പ്രണയിനിയെ ഇനി ചുംബിച്ചുകൊള്ളുക
ജീപ്പിറങ്ങി കോടമഞ്ഞിലൂടെ ബുധാൻഗിരിയിലേക്കു നീങ്ങുന്ന നിഴലുകൾ
മഞ്ഞുപാളികളിൽ തീർത്ത ഗുഹാകവാടങ്ങൾ കാത്തുനിൽക്കുന്നു |
മഞ്ഞുപുതപ്പിനുള്ളിലൊരു പ്രണയരതിലീല
മാണിക്യധാര
പ്രകൃതിയെ വാഴ്ത്താം - ചിക്കമഗളൂർ ജില്ലാഭരണകൂടം സ്ഥാപിച്ച ബോർഡ് |
ആകാശഗോപുരങ്ങൾ |
ചുരം കയറിയെത്തിയ ജീപ്പിലേക്ക് സഞ്ചാരികളെ ക്ഷണിക്കുന്ന ഡ്രൈവർ |