ഏഴു മലകളെ തുന്നിച്ചേർത്ത അത്ഭുതക്കോട്ടയിൽ


പണ്ടൊരിക്കൽ ഒരു രാജവംശം ഏഴുമലകളെ തുന്നിച്ചേർത്ത് നിരവധി രഹസ്യങ്ങളെ അതിൽ ഒളിപ്പിച്ച് ഒരു കോട്ട പണിതു...! ശത്രുവിന് ഒട്ടും പ്രാപ്യമല്ലാത്ത ഗോപുരങ്ങളും, അകത്തളങ്ങളും, ഖജനാവുകളും, തടാകങ്ങളും, അരുവികളും, നിറഞ്ഞ കോട്ടയുടെ പരിപൂർണ സംരക്ഷണയിൽ ആ രാജപരമ്പര നൂറ്റാണ്ടുകളോളം നാടുവാണു....! 

പ്രബലരായ വിജയനഗരത്തിന്റെ സാമന്തന്മാരായതുകൊണ്ട് അവർക്ക് ഒന്നിനേയും പേടിക്കേണ്ടതില്ലായിരുന്നു.... കാലത്തിന്റെ കുത്തൊഴുക്കിൽ ഡക്കാനിൽ ഹംപിയുടെ പ്രതാപം അസ്തമിച്ചു.... കൃഷ്ണദേവരായരുടേയും, റാണിമാരുടേയും, തെന്നാലി രാമന്റേയും ചരിതങ്ങൾ മൺകൂനകളായും, കരിങ്കൽ ചീളുകളായും തർത്തെറിയപ്പെട്ടു.

അപ്പോഴും 'ചിത്രദുർഗ' യെന്ന ശക്തികേന്ദ്രത്തിന്റെ ആത്മവിശ്വാസവുമായി 'നായകർ ' എന്ന സ്ഥാനപ്പേരുള്ള ആ രാജപരമ്പര നാടുവാഴുകയായിരുന്നു....

പക്ഷേ ഒന്നും സ്ഥിരമായി പിടിച്ചു നിർത്താനാവില്ല എന്ന നിയതിയുടെ നിയമത്തിന് നായക രാജവംശവും വിധേയരാവുകതന്നെ ചെയ്തു. പലതവണ പരാജിതരായിട്ടും പിന്തിരിയാത്ത ആത്മവീര്യത്തിന്റെ യുദ്ധതന്ത്രങ്ങൾക്കുമുന്നിൽ ഒടുവിൽ ചിത്രദുർഗ അടിപതറിവീണു. നിരവധി യോദ്ധാക്കളുടെ ചോരപ്പുഴയിലൂടെ നീന്തിക്കയറിയ 'മൈസൂരിലെ ഹൈദരലി' കോട്ടയുടെ അഭേദ്യതയിലേക്ക് പട നയിച്ച് വിജയകാഹളം മുഴക്കി……

ചിത്രദുർഗയിലെ രാത്രികൾക്ക് പുരാതനമായ ആ കോട്ടയുടെ ഗന്ധമാണ്. രാത്രിയിൽ ആളൊഴിഞ്ഞ തെരുവുകളിലൂടെ നടക്കുമ്പോൾ നൂറ്റാണ്ടുകൾക്കു മുമ്പ് ഡക്കാൻ സമതലങ്ങളും, കുന്നുകളും താണ്ടി മൈസൂരിൽ നിന്നെത്തിയ പടയാളികളുടെ തമ്പുകളിലെ ആരവങ്ങൾ അന്തരീക്ഷത്തിൽ മാറ്റൊലി കൊള്ളുന്നതായി തോന്നും.

പുരാണങ്ങളുടേയും, യുദ്ധവീര്യത്തിന്റേയും കഥകളുറങ്ങുന്ന പാറക്കെട്ടുകൾ നിറഞ്ഞ മലകളാണ് ഈ നഗരത്തിന്റെ അതിരുകൾ. നിഴലിൽ എഴുന്നുനിൽക്കുന്ന പാറക്കെട്ടുകൾക്ക് ഭാവനക്കനുസരിച്ച് പല രൂപങ്ങളും മെനഞ്ഞെടുക്കാം - അതുകൊണ്ടാവാം ചിത്രദുർഗക്കു ചുറ്റുമുള്ള വലിയ പാറക്കെട്ടുകളെ ചൂഴ്ന്ന് നിരവധി കഥകളും ഉപകഥകളും പ്രചാരത്തിലുണ്ട്!. മഹാഭാരതത്തിലെ ഹിഡുംബനെന്ന രാക്ഷസൻ വാണത് ഈ മലകളിലാണെന്ന് പറയപ്പെടുന്നു. നരഭോജിയായ ആ രാക്ഷസനെ അജ്ഞാതവാസക്കാലത്ത് ഇവിടെയെത്തിയ ഭീമസേനൻ വധിച്ചു. പരസ്പരം നടന്ന ദ്വന്ദയുദ്ധത്തിൽ അവർ എടുത്തെറിഞ്ഞ കല്ലുകളാണുപോലും മലകളിൽ നിറഞ്ഞുകാണുന്ന ഈ വലിയ ഉരുളൻപാറകൾ! 

പുരാവസ്തു വകുപ്പിനു കീഴിലുള്ള കോട്ടയിൽ പ്രവേശനസമയം രാവിലെ പത്തുമണി മുതൽ വൈകിട്ട് അഞ്ചുമണി വരെയാണ്. കോട്ടയുടെ പ്രധാന പ്രവേശനകവാടത്തിൽ ഏഴു ഫണമുള്ള മൂർഖൻപാമ്പിന്റേയും, ഇരുതലയുള്ള പക്ഷിയുടേയും, ഗന്ധബെരുന്ദ എന്ന രാജഹംസത്തെയും കൊത്തി വെച്ചിരിക്കുന്നതാണ് യാത്രികരെ ആദ്യം എതിരേൽക്കുക.

ഒരു പകൽ മുഴുവൻ ചിലവഴിച്ചാലും തീരാത്തത്ര കാഴ്ചകളും, ചരിത്രവും, കഥകളും, ഉപകഥകളും നിറഞ്ഞതാണ് ഈ കോട്ടയിലെ ഓരോ ഭാഗവും. മലകളുടെ ഉയരങ്ങളും താഴ്വരകളും സമർത്ഥമായി ഉപയോഗപ്പെടുത്തിയ ആ പഴയകാല വാസ്തുവിദ്യാ വിശാരദന്മാരെ മനസ്സുകൊണ്ട് നമസ്കരിക്കാതെ നാം ഈ കാഴ്ചകൾ പൂർത്തിയാക്കില്ല.

'ചിൻമുലാദ്രി' മലനിരകളിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്. 'കല്ലിന കോട്ടെ', 'ഉക്കിന കോട്ടെ', 'യേലു സുത്തിന കോട്ടെ' എന്നൊക്കെ കന്നഡയിൽ ഈ കോട്ടക്ക് വിളിപ്പേരുണ്ട്. പ്രധാന രാജകൊട്ടരവും, അന്തപ്പുരങ്ങളും കോട്ടക്കുള്ളിലാണ്. പത്തൊൻപത് കവാടങ്ങൾ, മുപ്പത്തെട്ട് തുരങ്ക വഴികൾ, നാല് അതീവരഹസ്യ കവാടങ്ങൾ, ഹിന്ദുക്ഷേത്രങ്ങൾ, മുസ്ളിം ദേവാലയം, പത്തായപ്പുരകൾ, നാണയം അടിക്കാനുള്ള അച്ചുകൂടം, പാറ വെട്ടിയെടുത്ത് നിർമ്മിച്ച എണ്ണക്കുളം, പാറക്കെട്ടുകൾ നിറഞ്ഞ മലമുകളിലായിട്ടും നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ട് രണ്ട് പ്രധാന ജലാശയങ്ങൾ , തുരങ്കങ്ങളിലൂടെ ചെറിയ അരുവികളായി മാറുന്ന ഉറവകൾ - കാഴ്ചകൾ നിരവധിയാണ്….. ഓരോ മലയും കോട്ടയും കടന്ന് ചെന്ന് ഏറ്റവും ഉയരത്തിലുള്ള മലയിൽനിന്ന് സമതലങ്ങളിലേക്ക് നോക്കുമ്പോൾ തുഗഭദ്രയുടെ പോഷകനദിയായ വേദവതി ഒഴുകുന്ന കാഴ്ച അന്യാദൃശമാണ്.

എല്ലാത്തരം യാത്രികരേയും ചിത്രദുർഗ തൃപ്തിപ്പെടുത്തും - ട്രക്കിങ് ഇഷ്ടപ്പെടുന്ന സഞ്ചാരികളെ കോട്ടക്കുള്ളിലെ ഉയരമുള്ള മലനിരകളും, പാറക്കെട്ടുകളും കാത്തിരിക്കുന്നു. ചരിത്രാന്വേഷണ കുതുകികൾക്കും, ആർക്കിയോളജി വിദ്യാർത്ഥികൾക്കും മാസങ്ങളോളം പഠിക്കാനുള്ള വിഭവങ്ങൾ ഇവിടെയുണ്ട്. 

പാറക്കെട്ടുകളിൽ ശിൽപ്പസാന്ദ്രമായ പലതരം രൂപങ്ങൾ നമുക്ക് വായിച്ചെടുക്കാനാവും. സൂക്ഷിച്ചു നോക്കിയാൽ അവയിൽ കൊമ്പനാനയേയും, പന്നിയേയും, കുതിരയേയും, കരടിയേയുമൊക്കെ കണ്ടെത്താം. 

സാധാരണയാത്രികർക്കുപോലും ഒറ്റ ദിവസംകൊണ്ട് ഈ കോട്ടയെ വലംവെച്ചു തീർക്കാനാവില്ല. വളഞ്ഞും, പുളഞ്ഞും പോവുന്ന വഴികളാണ് കോട്ടയുടെ സവിശേഷത. കാവൽക്കാരുടെ കണ്ണ് വെട്ടിച്ച് ശത്രുക്കൾ പെട്ടന്നൊന്നും കോട്ടക്കുള്ളിൽ എത്തിപ്പെടരുതെന്ന ഉദ്ദേശത്തിലാവും ഇത് ചെയ്തത്. കോട്ടയുടെ ഉയരങ്ങളിൽ ജാഗരൂകമായിരുന്ന പീരങ്കികളും, മുതലക്കൂട്ടങ്ങളുള്ള വലിയ കിടങ്ങുകളും നുഴഞ്ഞുകയറ്റക്കാരുടെ പേടിസ്വപ്നമായിരുന്നിരിക്കണം.

പാറകൾ നിറഞ്ഞ ഭൂപ്രകൃതിയെ നന്നായി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് കോട്ടയുടെ നിർമ്മാണം. ചുമരു കെട്ടാനാവശ്യമായ കല്ലുകൾ പാറകളിൽനിന്ന് വെട്ടിയെടുക്കുകയായിരുന്നു. മണ്ണുകൊണ്ടുണ്ടാക്കിയ കെട്ടിടമാണ് ഖജനാവും, നാണയമടിക്കുന്ന മിന്റും. കോട്ടയുടെ പല ഭാഗത്തായി ധാന്യപ്പുരകളും, വെടിക്കോപ്പുകൾ സൂക്ഷിച്ചിരുന്ന സ്ഥലങ്ങളും ഉണ്ട്. പതിനെട്ടു ക്ഷേത്രങ്ങളാണ് ചിത്രദുർഗയിലുള്ളത്. പാർവതീ ദേവിയെ ആരാധിക്കുന്ന ഏകനാഥേശ്വരി ക്ഷേത്രവും, ഹിഡുംബേശ്വരക്ഷേത്രവും, ഗണപതി ക്ഷേത്രവുമെല്ലാം അതിൽ ഉൾപ്പെടുന്നു. ഹൈദരലിയുടെ ഭരണകാലത്ത് കൂട്ടിച്ചേർത്തതെന്നു കരുതുന്ന മസ്ജിദും ഇവിടെ ഉണ്ട്.

അൽപ്പം ചരിത്രം 

'രാഷ്ട്രകൂടരും', 'ചാലൂക്യരും', 'ഹൊയ്ശാലരും', 'നായകരും' പല ഘട്ടങ്ങളിൽ ഈ കോട്ടയുടെ നിർമ്മാണത്തിൽ പങ്കെടുത്തിട്ടുണ്ട്. ചാലുക്യരുടേയും, ഹൊയ്ശാലരുടേയും, വിജയനഗരത്തിന്റേയും നിരവധി മുദ്രകളും 'ഹളേകന്നഡ' എന്ന ലിപിയിലുള്ള ശാസനങ്ങളും കോട്ടയുടെ പലയിടങ്ങളിലും കാണാം. 

എ.ഡി പത്താംനൂറ്റാണ്ടു മുതൽ പതിനെട്ടാം നൂറ്റാണ്ടുവരെയാണ് കോട്ടയുടെ നിർമ്മാണകാലം. എ.ഡി 1500 മുതലുള്ള കാലഘട്ടത്തിൽ ചിത്രദുർഗ പല ചരിത്രമുഹൂർത്തങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഹൊയ്ശാലരുടെ കൈയ്യിൽ നിന്നും ശക്തരായ വിജയനഗരരാജാക്കന്മാർ കോട്ട പിടിച്ചടക്കുകയും പ്രഭുക്കന്മാരായ നായകരെ ചുമതല ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന് 200 വർഷത്തോളം നായകവംശത്തിന്റെ ഭരണകാലമായിരുന്നു.

വിജയനഗരത്തെ സേവിച്ച ശക്തനായ പടനായകനും, അടുത്ത വിശ്വസ്തനുമായിരുന്ന തിമ്മണ്ണ നായകിനെയാണ് ചിത്രദുർഗയുടെ ഭരണകാര്യങ്ങൾ നോക്കാൻ വിജയനഗര രാജാവ് ആദ്യമായി ഏൽപ്പിച്ചത്. തിമ്മണ്ണ നായ്ക്കിനെ തുടർന്ന് അദ്ദേഹത്തിന്റെ മകനായ മധകേരി നായ്കും, തുടർന്ന് അദ്ദേഹത്തിന്റെ മകൻ കസ്തൂരി രംഗപ്പ നായ്ക്കും വിജയനഗര സാമന്തന്മാരായി ചിത്രദുർഗ ഭരിച്ചതായി ചരിത്ര രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. 


കസ്തൂരി രംഗപ്പ നായ്ക്കിന് പുത്രന്മാരില്ലാതിരുന്നതുകൊണ്ട് തന്റെ ദത്തുപുത്രനെ അധികാരത്തിൽ വാഴിച്ചെങ്കിലും ഈ രാജവംശത്തോട് വിദ്വേഷം പുലർത്തിയിരുന്ന ദളവകളാൽ അദ്ദേഹം വധിക്കപ്പെട്ടു. തുടർന്ന് 1676 ൽ മധകേരി നായ്ക്കിന്റെ സഹോദരനായ ചിക്കണ്ണ നായക് എന്നയാൾ മധകേരി നായക് രണ്ടാമൻ എന്ന സ്ഥാനപ്പേരോടെ ഭരണമേറ്റെടുത്തു. തുടർന്ന് അദ്ദേഹത്തിന്റെ മറ്റൊരു സഹോദരൻ മധകേരി നായക് മൂന്നാമൻ എന്ന പേരിലും ചിത്രദുർഗ ഭരിച്ചു. 


ദളവകൾക്ക് ചിത്രദുർഗ ഭരണാധികാരികളോടുള്ള വിദ്വേഷംമൂലം തുടർന്നുള്ള ചിത്രദുർഗയുടെ ചരിത്രം ഭരണപരവും സാമുദായികവുമായ അസ്വസ്ഥതകളുടേതാണ്. ദുർബലനായ മധകേരി നായ്ക്ക് മൂന്നാമനെ പുറത്താക്കി ദളവകൾ ഇവരുടെ ഒരു അകന്ന ബന്ധുവായ ബ്രഹ്മപ്പനായ്ക്കിനെ 1689 ൽ സിംഹാസനത്തിൽ വാഴിച്ചു. തുടർന്ന് 1721 മുതൽ 1748 വരെയുള്ള കാലയളവിൽ ഹിരി മദകരി നായകും, തുടർന്ന് കസ്തൂരി രംഗപ്പ നായക് രണ്ടാമനും, പിന്നീട് മദകരി നായക് നാലാമനും ചിത്രദുർഗ ഭരിച്ചപ്പോഴൊക്കെ അധികാര വടംവലിയും, രാജകുടുംബാംഗങ്ങൾക്കിടയിലെ ആഭ്യന്തര പ്രശ്നങ്ങളും, പുറത്തു നിന്നുള്ള ആക്രമണവും ചേർന്ന് ജനജീവിതം ദുസ്സഹമാക്കി. 

അതിനിടയിൽ ഒരിക്കലും തകർക്കാനാവില്ലെന്നു കരുതിയിരുന്ന കോട്ടയിലേക്ക് ഹൈദരലിയുടെ സൈന്യമെത്തി. 1760 ലും 1770 ലും ഹൈദരലി ചിത്രദുർഗക്കുനേരെ ആക്രമണം നടത്തിയെങ്കിലും പരാജയപ്പെട്ടു. 1779 ൽ മൂന്നാമത്തെ ശ്രമത്തിൽ ഹൈദർ വിജയിച്ചു. പിന്നീട് ടിപ്പുവിന്റെ മരണശേഷം കോട്ട ബ്രിട്ടീഷുകാരുടെ കൈവശമായി. 

കോട്ടയിൽ പലയിടങ്ങളിലുമുള്ള ലിഖിതങ്ങളും, ചുമർ ചിത്രങ്ങളും ഈ ചരിത്രവസ്തുതകൾ ശരിവെക്കുന്നു. 

ഒബവ്വയെന്ന ധീരവനിതയുടെ കഥ 
  
മദകരി നായ്ക്ക് നാലാമന്റെ കാലത്താണ് മൈസൂരിൽ നിന്ന് ഹൈദരാലിയും സംഘവും ചിത്രദുർഗ കോട്ട പിടിച്ചടക്കാനെത്തിയത്. പലനാൾ ശ്രമിച്ചിട്ടും കോട്ട പിടിച്ചടക്കാനാവാതെ വന്നപ്പോൾ പിൻവാങ്ങുന്ന രീതിയിൽ നഗരത്തിന് പുറത്ത് തമ്പടിച്ച് തന്റെ ചാരന്മാരെ കോട്ടയുടെ രഹസ്യം അറിയാനായി ഹൈദരലി അയച്ചു. 

കോട്ടയുടെ പിൻഭാഗത്തെ പാറക്കെട്ടിലെ ചെറിയ വിടവിലൂടെയുള്ള ഗുഹയിലൂടെ ഒരു പാൽക്കാരി കോട്ടയിലേക്കു പോവുന്നതും വരുന്നതും കണ്ടെത്തിയ ചാരന്മാർ വിവരം രാജാവിനെ അറിയിച്ചു. ഈ വഴിയിലൂടെ കോട്ടക്കുള്ളിലേക്ക് ആയുധമേന്തിയ പടയാളികളെ ഹൈദരാലി അയച്ചു. അവിടെ കാവലിന് നിയോഗിക്കപ്പെട്ട പട്ടാളക്കാരൻ തന്റെ ഭാര്യയെ തൽക്കാലം അവിടെ നിർത്തി ഭക്ഷണം കഴിക്കാൻ പോയ വേളയായിരുന്നു അത്. ഒബവ്വ എന്ന ആ സ്ത്രീയാണ് ഇടുങ്ങിയ തുരങ്കത്തിലൂടെ പടയാളികൾ നിരങ്ങി നിങ്ങി വരുന്നത് കണ്ടത്. 

ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഭർത്താവിനോട്പോലും പറയാതെ അവർ ഒരു ഉലക്ക കൊണ്ട് വന്ന് ഗുഹാമുഖത്ത് ക്ഷമയോടെ കാത്ത് നിന്നു. ഇടുങ്ങിയ ഗുഹയിലൂടെ നിരങ്ങിയെത്തുന്ന ഓരോ പടയാളിയുടേയും തല ഗുഹക്കു വെളിയിൽ എത്തുന്ന നിമിഷത്തിൽത്തന്നെ ഉലക്കകൊണ്ട് അടിച്ചു തകർത്ത് ശവം കോട്ടക്കുള്ളിലേക്ക് വലിച്ചെടുത്തു. നടന്നതെന്തെന്നറിയാതെ മുന്നിൽ പോയ ആളുടെ പാതയിലൂടെ നിരങ്ങിയെത്തിയ ഓരോരുത്തരേയും അവർ തലക്കടിച്ച് കൊന്ന് ശവം വലിച്ചു കൂട്ടി. ഒരു ശബ്ദംപോലും പുറപ്പെടുവിക്കാൻ അവസരം കൊടുക്കാതെ നൂറുകണക്കിന് പട്ടാളക്കാരെയാണ് ഈ സ്ത്രീ ഒറ്റക്കു കൊന്നു തള്ളിയത്.

ഒടുവിൽ ഭർത്താവ് വന്നുനോക്കുമ്പോൾ ചോരയിൽ കുതിർന്ന ഉലക്കയുമായി സംഹാരരുദ്രയായി നിൽക്കുന്ന ഭാര്യയെയാണ് കണുന്നത്. 

ഒബ്ബവയുടെ കഥയിലെ ഇടുങ്ങിയ ഗുഹയും, അതിലൂടെ ഒഴുകുന്ന നീർച്ചാലും ഇപ്പോഴും കാണാം. ആ ധീരതയുടെ അഭിമാനകഥ ഇന്ന് കർണാടകയിലെ സ്കൂൾ പാഠപുസ്തകങ്ങളിലെ അദ്ധ്യായമാണ്. ഒരു സ്ത്രീയുടെ ധീരമായ ഇടപെടലിലൂടെ കോട്ട ഹൈദരാലിയിൽനിന്നു താൽക്കാലികമായി സംരക്ഷിക്കപ്പെട്ടെങ്കിലും, 1799 ൽ ശക്തമായ സൈനികനീക്കത്തിലൂടെ ഹൈദരാലി കോട്ട പിടിച്ചടക്കിയതിനും  ചരിത്രം സാക്ഷിയായി.

ജ്യോതിരാജ്

തമിഴ്നാട്ടിലെ തേനിയിൽ നിന്ന് ഇങ്ങുദൂരെ കർണാടകയിലെ ചിത്രദുർഗയിലെത്തിയ ജ്യോതിരാജിനെ ഗെയിറ്റിൽ വെച്ചുതന്നെ പരിചയപ്പെട്ടു. സൗമ്യതയാർന്ന ഒരു പുഞ്ചിരി എപ്പോഴും മുഖത്ത് ഒട്ടിച്ചുവെച്ച് എല്ലാവരോടും സ്നേഹപൂർവ്വം ഇടപഴകുന്ന ഈ ചെറുപ്പക്കാരനു മാത്രമാണ് ഒരുപാട് പടയോട്ടങ്ങളെ അഹന്തയോടെ നെഞ്ചുവിരിച്ച് നേരിട്ട കോട്ടമതിലുകളും, ഗോപുരങ്ങളും വിനയപൂർവ്വം തലകുനിച്ച് തോറ്റു കൊടുക്കുന്നതെന്ന് പിന്നീടാണ് അറിഞ്ഞത്.

കോട്ടയുടെ കൽച്ചുമരുകളിലൂടെയും, കുത്തനെയുള്ള പാറകളിലൂടെയും ഉയരങ്ങളിലേക്ക് ഒരു പല്ലിയെപ്പോലെ കയറിപ്പോവുന്ന ജ്യോതിരാജ് ഒരു വിസ്മയമാണ്. ലംബമായ പാറക്കെട്ടുകളും, ചുമരുകളും കയറാൻ താൻ പഠിച്ചെടുത്തത് കുരങ്ങുകളുടെ ശരീരഭാഷയിൽ നിന്നാണെന്ന് ജ്യോതിരാജ് പറയുന്നു.

വീഡിയോ കാണുമല്ലോ......

പുരാതനമായ ചരിത്രമുറങ്ങുന്ന അത്ഭുതക്കോട്ടയും, പതിനാലോളം ദരിദ്രരായ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് അതിന്റെ ചിലവിനുള്ള കാശിനായി സ്വന്തം ജീവൻ പണയം വെച്ച് അതിസാഹസിക പ്രകടനങ്ങൾ നടത്തുന്ന., ഇന്നത്തെ ലോകത്തിന് അത്രവേഗം മനസ്സിലാവാത്ത ഒരു അത്ഭുതയുവാവിനേയും പരിചയപ്പെട്ട ചാരിതാർത്ഥ്യത്തോടെയാണ് ചിത്രദുർഗയോട് വിട പറഞ്ഞത്.