ബൈലക്കുപ്പസ്വന്തം മണ്ണില്‍ നിന്ന് ഒരു കൂട്ടം മരങ്ങളെ കാലാവസ്ഥയും , ഭൂമിയും അന്യമായ മറ്റൊരിടത്തേക്ക് പറിച്ചുനടുന്നതിനെപ്പറ്റിയാണ് ബൈലക്കുപ്പയിലേക്കുള്ള യാത്രയില്‍ ഞാന്‍ ഓര്‍ത്തത് . സാധാരണ നിലയില്‍ ആ വൃക്ഷങ്ങള്‍ കരിഞ്ഞുപോവും , തൈകളാണെങ്കില്‍ കുറേക്കാലം ജീവിതത്തിനും , മരണത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തിലൂടെ സഞ്ചരിച്ച് മരവിച്ച മനസ്സുമായി ഒരു ജീവിതചക്രം പൂര്‍ത്തിയാക്കിയേക്കാം . ചെറുവിത്തുകള്‍ ഒരുപക്ഷേ പുതിയ കാലാവസ്ഥയോട് പൊരുത്തപ്പെട്ടും , പൊരുത്തപ്പെടാതെയും ഒട്ടും പ്രസരിപ്പില്ലാതെ വളര്‍ന്നേക്കാം .

മരങ്ങളുടെ കാര്യത്തിലെ ഈ തത്വം മനുഷ്യവര്‍ഗങ്ങളുടെ കാര്യത്തിലും ശരിയാണ് - അങ്ങുദൂരെ., ഹിമാലയത്തിന്റെ താഴ്വരകളില്‍ തലമുറകളായി ജീവിച്ചുവന്ന ഒരു മനുഷ്യവര്‍ഗത്തിന് ചരിത്രഗതിയുടെ ഒരു ഘട്ടത്തില്‍ സ്വന്തം മണ്ണില്‍ നിന്ന്  പലായനം ചെയ്യേണ്ടി വന്നു ഇന്ത്യന്‍ ഉപഭൂഖണ്ഡം മുഴുവനും താണ്ടി അവര്‍ എത്തിച്ചേര്‍ന്നത് തെക്കന്‍ സംസ്ഥാനമായ കര്‍ണാടകത്തിന്റെ തെക്കന്‍ ചരിവിലാണ് . തണുപ്പും , മഞ്ഞുമുള്ള ഹിമാലയന്‍ താഴ്വരയില്‍ നിന്ന് തികച്ചും വ്യത്യസ്ഥമായ പുതിയ ഭൂമിയിലേക്ക് പറിച്ചുനടപ്പെട്ട അവര്‍ വാടിക്കരിയാന്‍ തയ്യാറല്ലായിരുന്നു . അഹിംസാവാദത്തിന്റെ ആചാര്യനെ ദൈവമായി ആരാധിക്കുന്ന അവര്‍ക്ക് സ്വന്തം ജീവിതംകൊണ്ട് പലരോടും മറുപടി പറയാനുണ്ടായിരുന്നു . ഭാരതസര്‍ക്കാര്‍ കനിഞ്ഞു നല്‍കിയ വനമേഖലയില്‍ ., അപരിചിതമായ കാലാവസ്ഥയോടും , മണ്ണിനോടും , കാട്ടുമൃഗങ്ങളോടും അവര്‍ പടപൊരുതി . പുത്തന്‍ ജീവിതസാഹചര്യത്തിലേക്ക് വേരുകള്‍ ആഴ്ത്തി അവര്‍ തങ്ങളുടെ ജലവും, വായുവും , വളവും വലിച്ചെടുത്ത് വളര്‍ന്നു . ആ വിജയഗാഥയാണ് ഇന്ന്  കുശാല്‍ നഗറിലെ ബൈലക്കുപ്പയില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത് .

1949 – 50 കാലത്താണ് ചൈനീസ് ഭരണകൂടം സമാധാനത്തോടെ കഴിഞ്ഞുവന്ന ടിബറ്റിനുമേല്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കാനും , ബുദ്ധമത വിശ്വാസികളായ ടിബറ്റന്‍ ജനതയുടെ വിശ്വാസങ്ങളേയും, സംസ്കാരത്തേയും തകര്‍ത്തെറിയാനും ശ്രമങ്ങള്‍ ആരംഭിക്കുന്നത് . 1959 ല്‍ ടിബറ്റന്‍ ജനതക്കും , സംസ്കാരത്തിനും മീതെ സര്‍വ്വനാശം വിതച്ച ചൈനീസ് ഭരണകൂടം ., ലക്ഷക്കണക്കിന് ടിബറ്റുകാരെ കൊന്നൊടുക്കിമരിച്ചവര്‍ക്കു പുറമെ നിരവധി ടിബറ്റന്‍ യുവാക്കള്‍ ചൈനയിലെ ലേബര്‍ ക്യാംമ്പുകളില്‍ തടവുകാരക്കപ്പെട്ടു . ആറായിരത്തോളം ബുദ്ധവിഹാരങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കി . സംസ്കാരികപ്രാധാന്യമുള്ള മറ്റനവധി അടയാളങ്ങള്‍ മതനിഷേധത്തിന്റെ പേരിൽ ബോധപൂര്‍വ്വം ചാമ്പലാക്കപ്പെട്ടു

തങ്ങളുടെ വംശംതന്നെ ഇല്ലാതാകുമെന്ന നിസ്സഹായാവസ്ഥയില്‍ അന്നത്തെ ബുദ്ധസന്യാസിമാരില്‍ പ്രമുഖനായിരുന്ന 'പെനോര്‍ റിംപോച്ചെ' തന്റെ അനുയായികളുമായി ടിബറ്റ് വിട്ടു . ചൈനീസ് പട്ടാളം ഇവരെ പിന്തുടർന്ന് ആക്രമിക്കുകയും, ഒട്ടനവധിപ്പേരെ വധിക്കുകയുംചെയ്തു . രക്ഷപ്പെട്ടവര്‍ ഇന്ത്യയിലെ അരുണാചല്‍പ്രദേശില്‍ അഭയം തേടി . ചൈനീസ് ഭരണകൂട ഭീകരതയില്‍ നിന്ന് രക്ഷതേടി ഇന്ത്യയിലേക്കുള്ള ടിബറ്റന്‍ അഭയാര്‍ത്ഥി പ്രവാഹത്തിന്റെ ഒന്നാം അദ്ധ്യായം ഈ സംഭവമാണ് .

1960 ആയപ്പോഴേക്കും ടിബറ്റില്‍ നിന്ന് ധാരാളം അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് ഒഴുകാന്‍ തുടങ്ങി . ഹിമാചല്‍ പ്രദേശിലെ 'ധര്‍മ്മശാല' യില്‍ ഇവർക്കായി ഭാരത സര്‍ക്കാര്‍ അഭയകേന്ദ്രം ഒരുക്കിയെങ്കിലും , ഒഴുക്ക് ക്രമാതീതമായി വര്‍ദ്ധിച്ചതോടെ സര്‍ക്കാറിന് മറ്റ് സ്ഥലങ്ങള്‍ അന്വേഷിക്കേണ്ടി വന്നു . അങ്ങിനെയാണ് കുടകിലെ 'ബൈലക്കുപ്പ' വനമേഖലയില്‍ കര്‍ണാടക സര്‍ക്കാറിന്റെ സഹായത്തോടെ അഭയാര്‍ത്ഥികള്‍ക്കായി മൂവായിരം ഏക്കര്‍ വനഭൂമി നല്‍കാന്‍ തീരുമാനിക്കുന്നത് .

ധര്‍മ്മശാലയില്‍ നിന്ന് ആദ്യമെത്തിയ ടിബറ്റുകാര്‍ക്ക് ബൈലക്കുപ്പ ശരിക്കുമൊരു നരകമായിരുന്നു . കാലവസ്ഥകൊണ്ടും , ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍കൊണ്ടും ടിബറ്റിനോട് സാമ്യമുള്ള പ്രദേശമാണ് ധര്‍മ്മശാല . ആ സ്ഥലവുമായി പൊരുത്തപ്പെടാന്‍ അവര്‍ക്ക് പ്രയാസമുണ്ടായിരുന്നില്ല . എന്നാല്‍ ബൈലക്കുപ്പ തികച്ചും വിഭിന്നമായ അനുഭവമായിരുന്നു . തെക്കന്‍ ഇന്ത്യയുടെ കാലാവസ്ഥയുമായി പൊരുത്തപ്പെടുക എന്നത് , തലമുറകളായി ഹിമാലയസാനുക്കളില്‍ ജീവിച്ചുവന്ന , 'മംഗോളിയന്‍ ' വംശജരായ ആ മനുഷ്യര്‍ക്ക് ഏറെ പ്രയാസകരമായിരുന്നു . എത്തിച്ചേര്‍ന്ന വനഭൂമിയില്‍ എന്തുചെയ്യണമെന്നറിയാതെ നിരാശയുടെ പടുകുഴിയില്‍ അവര്‍ തളര്‍ന്നു വീണുപോയി . 

എന്നാല്‍ 1963ല്‍ പെനോര്‍ റിംപോച്ചെയും അനുയായികളും അരുണാചലില്‍ നിന്ന് ബൈലക്കുപ്പയിലെത്തിയതോടെ സ്ഥിതിഗതികള്‍ മാറി നിരാശരായ ടിബറ്റുകാര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കിയത് പെനോര്‍ റിംപോച്ചയാണ് . അതിനായി സമീപത്തുള്ള കാട്ടിലെ മുളകള്‍ കൊണ്ട് ഒരു 'ബുദ്ധവിഹാരം' അദ്ദേഹം   നിര്‍മ്മിച്ചു . അന്ന് മുളകൊണ്ട് നിര്‍മ്മിച്ച ബുദ്ധവിഹാരം പിന്നീട് മുളങ്കാട് പോലെ പടര്‍ന്ന് പന്തലിക്കുകയായിരുന്നു . കുടിലുകളില്‍ അന്തിയുറങ്ങിയും , കൃഷിചെയ്തും , കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടാനക്കൂട്ടങ്ങളെ ആട്ടിയോടിക്കാന്‍ രാത്രികാലങ്ങളില്‍ വലിയ ഡ്രമ്മുകള്‍ മുട്ടി ഒച്ചവെച്ചും അവര്‍ ജീവിതത്തോട് പൊരുതി . ക്രമേണ ആ വനമേഖലയെ ഇന്ന് കാണുന്ന ചെറുപട്ടണമാക്കി അവര്‍ വളര്‍ത്തിയെടുത്തു . ആരിലും അസൂയയുളവാക്കുന്ന വാസ്തുവിദ്യാകൗതുകമായി പുതിയ ബുദ്ധവിഹാരം അവിടെ പണിതുയര്‍ത്തി . ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ 'ദലൈലാമ' ബൈലക്കുപ്പയില്‍ നേരിട്ടുവന്നാണ് പുതിയ ബുദ്ധവിഹാരത്തിന് 'നംഡ്രോളിങ് മോണാസ്ട്രി' അഥവാ 'സുവര്‍ണ ക്ഷേത്രം' എന്ന പേര് നല്‍കിയത്.

ബൈലക്കുപ്പയില്‍ നാം ഇന്ന് കാണുന്നത് ഒരു കൊച്ചു ടിബറ്റാണ് . വീടുകളും , സ്കൂളുകളും, സന്യാസിമഠങ്ങളും , കൃഷിയിടങ്ങളും , കച്ചവടസ്ഥാപനങ്ങളും , കോളേജും , ആശുപത്രിയും എല്ലാമായി അഭയാര്‍ത്ഥികളായി വന്നവര്‍ അവിടെയൊരു ടിബറ്റന്‍സ്വര്‍ഗം തീര്‍ത്തിരിക്കുന്നു . ഇന്ത്യയിലെ മറ്റു സ്ഥലങ്ങളില്‍നിന്നും , വിദേശങ്ങളില്‍നിന്നും ധാരാളം ബുദ്ധമതവിശ്വാസികളും , സന്ന്യാസിമാരും സന്ദര്‍ശകരായി അവിടെ എത്തുന്നുണ്ട് . ധര്‍മ്മശാല കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടിബറ്റന്‍ സെറ്റില്‍മെന്റാണ് ബൈലക്കുപ്പയിലേത് ടിബറ്റന്‍ ഭക്ഷണം , കരകൗശല വസ്തുക്കള്‍ , രോമക്കുപ്പായങ്ങള്‍ എന്നിങ്ങനെ  ഒട്ടേറെ വിഭവങ്ങള്‍ സഞ്ചാരികള്‍ക്ക് ഇവിടെയുള്ള കടകളില്‍ ലഭ്യമാണ് .

ബൈലക്കുപ്പ സന്ദര്‍ശിക്കുന്നവര്‍ക്ക് സുവര്‍ണ ക്ഷേത്രമാണ് പ്രധാന ആകര്‍ഷണം . പരമ്പരാഗത ടിബറ്റന്‍ ശൈലിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് . പ്രാര്‍ത്ഥനാപതാകകള്‍ നിറഞ്ഞ പ്രവേശന കവാടം കഴിഞ്ഞാല്‍ ടിബറ്റന്‍ വാസ്തുശൈലിയിലുള്ള ശില്‍പ്പങ്ങള്‍ നിറഞ്ഞ , സുവര്‍ണനിറത്തിലുള്ള ആകാശം മുട്ടുന്ന ക്ഷേത്രം കാണാം. പെനോര്‍ റിംപോച്ചെയുടെ വലിയൊരു ചിത്രം ക്ഷേത്ര ഗോപുരത്തിനുമുകളില്‍ സ്ഥാപിച്ചിട്ടുണ്ട് . വ്യാളീമുഖങ്ങളും , ശില്‍പ്പങ്ങളും അടങ്ങിയ നിരവധി അലങ്കാരങ്ങളും , തോരണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നതാണ് ഗോപുരത്തിന്റെ മുകള്‍ഭാഗം . ഇടതു ഭാഗത്താണ്  'പദ്മസംഭവ ബുദ്ധവിഹാരം'. ഈ വിഹാരത്തിനുള്ളിലാണ് ബുദ്ധന്റെ സുവര്‍ണ പ്രതിമ . ഇരുവശത്തും ഏതാണ്ട് ഇതേ ഉയരം വരുന്ന മറ്റ് രണ്ട് പ്രതിമകള്‍ കൂടി കാണാം .

നംഡ്രോളിംഗിന്റെ വിശാലമായ കവാടം കടന്ന് അകത്തേക്ക് പ്രവേശിച്ചാല്‍ ബുദ്ധമത രീതിയിലുള്ള പ്രാര്‍ത്ഥനകള്‍ക്കായി അതിമനോഹരങ്ങളായ അലങ്കാരപ്പണികളുള്ള പ്രയര്‍ ഡ്രമ്മുകളും , പ്രയര്‍ വീലുകളും കാണാം . ക്ഷേത്രച്ചുമരുകളിലെല്ലാം ബുദ്ധന്റെ അവതാരകഥകളും, എഴുത്തുകളും ചിത്രങ്ങളുമാണ് . 'ഗുരു പദ്മസംഭവ' യാണ് ടിബറ്റില്‍ ബുദ്ധമതം പ്രചരിപ്പിച്ചതെന്നാണ് വിശ്വസം . ബുദ്ധന്റെ രണ്ടാം ജന്മമായാണ് പദ്മസംഭവയെ ടിബറ്റുകാര്‍ കാണുന്നത് . സുവര്‍ണ പ്രതിമകളുടെ ഇരുവശത്തുമായി പദ്മസംഭവയുടെ ഇരുപത്തിയഞ്ച് പ്രധാന ശിഷ്യന്‍മാരുടെ ചിത്രങ്ങളാണ് . അതിന് മുകളിലത്തെ നിലയില്‍ ബുദ്ധന്റെ ജീവചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു . ഇതു കൂടാതെ ബുദ്ധമതത്തിലെ 'നിയന്‍ഗമ' പരമ്പരയിലുള്ള 'സോഗോച്ചന്‍ ' രീതിയിലെ പന്ത്രണ്ട് ഗുരുക്കന്‍മാരുടെ ചിത്രങ്ങളും നിരവധി ബോധിസത്വന്മാരുടെ ചുവര്‍ ചിത്രങ്ങളും ഇവിടെ കാണാം . ക്ഷേത്രത്തിന് മുന്നിലായി ഇടനാഴി പോലെ ഇരുവശത്തും രണ്ട് കെട്ടിടങ്ങളുണ്ട്. ദിയകള്‍ അഥവ ദീപങ്ങള്‍ തെളിയിക്കാനുള്ളതാണിവ

നംഡ്രോളിങ്ങിന് ചുറ്റും മൂന്ന് നിലകളിലായി ലോകത്തിന്റെ പല കോണുകളില്‍ നിന്നെത്തിയ ലാമമാരുടെ താമസസ്ഥലങ്ങളും ഓഫീസ് മുറികളുമാണ് .അവയുടെ മുറ്റത്ത് മനോഹരമായി വളര്‍ത്തിയെടുത്ത തണല്‍മരങ്ങളും പുല്‍ത്തകിടികളും ചേര്‍ന്ന് തീര്‍ത്ത സുന്ദരലോകം ആസ്വദിച്ചുകൊണ്ട് ഞാന്‍ നടന്നെത്തിയത് ക്ഷേത്രത്തിന്റെ പിന്‍ഭാഗത്തെ പ്രവേശനകവാടത്തിലാണ്.

പിന്‍ഭാഗത്തെ പ്രവേശനകവാടത്തോട് ചേര്‍ന്ന് ഒരു തുറന്ന കളിസ്ഥലമാണ്. ഏതാനും കുട്ടികള്‍  അവിടെ കളിച്ചുകൊണ്ടിരിക്കുന്നു . അഭയാര്‍ത്ഥികള്‍ക്ക് ഈ മണ്ണില്‍ പിറന്ന പുത്തന്‍ തലമുറയാണവര്‍ .  അവരുടെ കണ്ണുകളില്‍ അപരിചിതത്വമോ, അന്യതാബോധമോ തുടിക്കുന്നില്ല. അവര്‍ ജനിച്ചത് ഭാരതത്തില്‍ ., തെക്കേ ഇന്ത്യയുടെ മണ്ണിലാണ് . ഈ മണ്ണ് ഞങ്ങളുടെ സ്വന്തം എന്നു വിളിച്ചു പറയുന്ന പ്രസരിപ്പ് അവിടെ കണ്ടത് ആ കൊച്ചുകണ്ണുകളിലാണ് . അതിനുമപ്പുറം ഗ്രൗണ്ടില്‍ ഒരു കൂട്ടം യുവാക്കള്‍ ഫുട്ബോള്‍ കളിക്കുന്നുണ്ടായിരുന്നു . ഒരു കൗതുകക്കാഴ്ചപോലെ ഞാനത് നോക്കി നിന്നു . ബൈക്കില്‍ വന്ന രണ്ടു യുവാക്കള്‍ ഞാന്‍ നിന്ന മരത്തണലില്‍ ബൈക്ക് നിര്‍ത്തി ടിബറ്റന്‍ ഭാഷയില്‍ എന്തോ തമാശ പറഞ്ഞുചിരിച്ചുകൊണ്ട് അവരോടൊപ്പം ചേര്‍ന്നു . കോഴിക്കോടന്‍ ഭാഷയില്‍ 'ചെത്ത് ' എന്നു പറയുന്ന ആധുനികരീതിയിലുള്ള ബൈക്കോടിക്കുമ്പോഴും , ഫുട്ബോള്‍ കളിക്കുമ്പോഴും എല്ലാം അവര്‍ തങ്ങളുടെ പരമ്പരാഗതമായ ടിബറ്റന്‍ വസ്ത്രധാരണരീതി തുടരുന്നത് ശ്രദ്ധേയമായിത്തോന്നി . തങ്ങളുടെ ആത്മാഭിമാനത്തിന്റെ ചിഹ്നങ്ങള്‍ എപ്പോഴും അവര്‍ നെഞ്ചോടു ചേര്‍ക്കുന്നു . അഭയമരുളിയ നാടിനോട് അങ്ങേയറ്റം കൂറു പുലര്‍ത്തുമ്പോഴും തങ്ങള്‍ക്ക് നഷ്ടമായിപ്പോയ നാടിന്റെ ഓര്‍മ്മകൾ അവരെ വേട്ടയാടുന്നുണ്ടാവുമോ .  തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് ജീനുകളിലൂടെ ഒരു നഷ്ടഭൂമിയുടെ തുടിപ്പുകള്‍ തീവ്രമായി സംക്രമിക്കപ്പെടുന്നുവോ....

കുശാല്‍ നഗറില്‍ നിന്ന് തിരിച്ചു പോരുമ്പോള്‍ നഷ്ടഭൂമിയുടെ ഉള്‍ത്തുടിപ്പുകള്‍ രക്തത്തില്‍ അലിയിച്ച ഒരു യുവതയെക്കുറിച്ചും ,അന്യതാബോധമില്ലാതെ  ഈ മണ്ണിനോട് ചേര്‍ന്ന് കളിച്ചു രസിക്കുന്ന ബാല്യങ്ങളെക്കുറിച്ചുമാണ് ഞാന്‍ കൂടുതല്‍ ചിന്തിച്ചത്. ഞാനറിയാതെ ഒരു പൈങ്കിളിക്കഥ മനസ്സിലേക്ക് വന്നുവീണു - കഥയിലെ നായകന്‍ ബൈലക്കുപ്പയിലെ ഒരു ടിബറ്റന്‍ യുവാവാണ് . നായിക ഒരു കുടക് യുവതിയും . ശുഭപര്യവസായിയായ ഏതൊരു പൈങ്കിളിക്കഥയും പോലെ ഈ കഥയിലും പ്രണയം വിവാഹത്തിലെത്തുന്നു. പിന്നീട് ജീനുകളിലൂടെ സംക്രമിക്കപ്പെടുന്ന നഷ്ടഭൂമിയുടെ ഉള്‍ത്തുടിപ്പുകളും , അഭയം നല്‍കിയ സ്നേഹഭൂമിയുടെ സ്വാന്ത്വനവും പരസ്പരം  ലയിച്ച് ഒന്നായി മാറുന്നുസംസ്കാരങ്ങളുടെ പരസ്പരലയനം എന്ന കേന്ദ്രബിന്ദുവിലൂടെ തലമുറകളിലേക്ക് വളര്‍ന്ന് വികസിക്കുന്ന ഒരു കഥയായിരുന്നു അത് .

ഇന്ത്യ കണ്ട മഹാനായ സാമൂഹശാസ്ത്രജ്ഞന്‍ 'പ്രൊഫസര്‍ : എം.എന്‍ ശ്രീനിവാസ് ' തന്റെ സാമൂഹിക ലയനവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്ക് ഉപയുക്തമാക്കിയത് കുടകിന്റെ മണ്ണും മനുഷ്യരേയുമാണ്. അദ്ദേഹത്തിന്റെ 'റിമമ്പേഡ് വില്ലേജ്', 'റിലിജ്യന്‍ ആന്‍ഡ് സൊസൈറ്റി എമങ്ങ് കൂര്‍ഗ്സ് ' എന്നീ രണ്ടു പുസ്തകങ്ങളും എഴുതപ്പെട്ടത് കുടക് സമൂഹങ്ങളില്‍ നടത്തിയ സമൂഹശാസ്ത്ര ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് . സാമൂഹ്യലയനസിദ്ധാന്തങ്ങള്‍ 'കള്‍ച്ചറല്‍ സോഷ്യോളജി '  എന്ന പഠനശാഖക്ക് സംഭാവന ചെയ്ത മഹാനായ എം.എന്‍ ശ്രീനിവാസ് തന്റെ നിരീക്ഷണങ്ങള്‍ക്കും, പരീക്ഷണങ്ങള്‍ക്കും വിധേയമാക്കിയ അതേ കുടകിന്റെ ഭൂമികയെ പാശ്ചാത്തലമാക്കിയ ഒരു ഭാവനാസൃഷ്ടിയായിരുന്നു വെറുതേ മനസ്സിലേക്ക് പാറിവീണത് .

ബൈലക്കുപ്പയില്‍ നിന്ന് തിരിച്ചുപോരുമ്പോള്‍ ഒരിക്കലും എഴുതാന്‍ സാദ്ധ്യതയില്ലാത്ത അനുരാഗകഥയിലെ  കഥാപാത്രങ്ങളും , അവരുടെ ജീവിതപരിസരങ്ങളും ഒരു വലിയ ക്യാന്‍വാസിലെ ചിത്രങ്ങള്‍ പോലെ മനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ടായിരുന്നു....

ഇനി ചിത്രങ്ങള്‍ സംസാരിക്കട്ടെ .....


ബൈലക്കുപ്പ - പുറത്തു നിന്നുള്ള ഒരു കാഴ്ച


'നംഡ്രോളിങ് മോണാസ്ട്രി' അഥവാ 'സുവര്‍ണ ക്ഷേത്രം'


പദ്മസംഭവ ബുദ്ധവിഹാരം


ഉള്‍ഭാഗം - ചില ദൃശ്യങ്ങള്‍

 
ഉള്‍ഭാഗം - ചില ദൃശ്യങ്ങള്‍


ഉള്‍ഭാഗം - ചില ദൃശ്യങ്ങള്‍


നഷ്ടഭൂമിയുടെ ഉള്‍ത്തുടിപ്പുകള്‍ രക്തത്തില്‍ അലിയിച്ചവര്‍
 

ആത്മാഭിമാനത്തിന്റെ ചിഹ്നങ്ങള്‍ എപ്പോഴും ....
 ‌

ഈ മണ്ണിനോട് ചേര്‍ന്ന് കളിച്ചു രസിക്കുന്ന ബാല്യങ്ങള്‍


ടിബറ്റന്‍ ഭക്ഷണം , കരകൗശല വസ്തുക്കള്‍ , എന്നിങ്ങനെ .... 

 
 തണല്‍മരങ്ങളും പുല്‍ത്തകിടികളും

40 അഭിപ്രായങ്ങൾ:

 1. ഒരിക്കലും എഴുതാന്‍ സാദ്ധ്യതയില്ലാത്ത അനുരാഗകഥയിലെ കഥാപാത്രങ്ങളും , അവരുടെ ജീവിതപരിസരങ്ങളും ഒരു വലിയ ക്യാന്‍വാസിലെ ചിത്രങ്ങള്‍ പോലെ മനസ്സില്‍ നിറഞ്ഞ് നിന്നു

  മറുപടിഇല്ലാതാക്കൂ
 2. ആദ്യമായിട്ടാണിത്രയും വിശദമായി ഇവരെക്കുറിച്ചും ഇവരുടെ വാസത്തെക്കുറിച്ചും അറിയുന്നത്.
  താങ്ക്സ് പ്രദീപ്

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആദ്യവായനക്കും അഭിപ്രായത്തിനും ഒരുപാട് സന്തോഷം

   ഇല്ലാതാക്കൂ
 3. പഠനാർഹമായ വിവരണം.
  ആശംസകൾ!

  മറുപടിഇല്ലാതാക്കൂ
 4. ആധുനിക ഭാരതത്തിൻറെ സ്വകാര്യ മനസ്സ് സങ്കുചിതമാണെന്ന് പലപ്പോഴും തോന്നുമെങ്കിലും പൊതുമനസ്സിൻറെ വിശാലത ഇന്നും അവശേഷിക്കുന്നു.അതുകൊണ്ടാണല്ലോ അയൽക്കാരൻറെ ശത്രുത സമ്പാദിച്ചും അശരണർക്ക് ആശ്രയം നൽകാൻ ഈ രാജ്യത്തിനു കഴിയുന്നത്. ലോകത്ത് മാതൃഭൂമി നഷ്ടപ്പെട്ട കോടിക്കണക്കിനു ജനങ്ങളുടെ പ്രതിനിധികളാണ്‌ അവർ. അവർക്കായി ബ്ലോഗ്ഗിൽ ഒരിടം കണ്ടെത്തിയത് ആ പൊതുമനസ്സിനെ കൂടുതൽ ശക്തമാകാൻ സഹായിക്കും എന്നത് സംശയമില്ല ......

  ....ആശംസകൾ ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഈ അഭിപ്രായം എന്റെ ലേഖനത്തിന് നല്ലൊരു അനുബന്ധമായി ചേര്‍ക്കാവുന്നത്. - നന്ദി ശരത്

   ഇല്ലാതാക്കൂ
 5. മാഷേ ..സമഗ്രമായ വിവരണമാണ് നൽകിയത് .
  പാലായനത്തിന്‍റെ , സഹനത്തിന്‍റെ , അതിജീവനത്തിന്‍റെ നാൾവഴികൾ .
  പണ്ടൊക്കെ ഊട്ടി പോകുമ്പോൾ മുഖ്യ ആകർഷണം ടിബറ്റുക്കാരുടെ കച്ചവടങ്ങൾ ആയിരുന്നു . ഇപ്പോൾ അവരെ കാണാറില്ല അവിടെ .
  ഇവരുടെ അതിജീവനത്തിന്‍റെ കഥ മുസഫർ അഹമ്മദിന്‍റെ "മയിലുകൾ സവാരിക്കിറങ്ങിയരിവിലൂടെ " പുസ്തകത്തിലെ ഒരധ്യായത്തിലും സൂചിപ്പിക്കുന്നുണ്ട് .

  ആധികാരികമായ ഇത്തരം വിവരണങ്ങൾ പൊതുവെ കുറവാണ് ബ്ലോഗിൽ . അതുകൊണ്ട് തന്നെ മികച്ച അവതരണത്തിലൂടെ ഈ കുറിപ്പ് ശ്രദ്ധേയമാകുന്നു .
  പിന്നെ , സംസ്കാരങ്ങളുടെ പരസ്പരലയനം എന്ന് മാഷ്‌ തന്നെ വിശേഷിപ്പിക്കുന്ന ആ കഥാ ബീജമുണ്ടല്ലോ .. അതൊരു കഥയായി തന്നെ പറയാൻ പ്രദീപ്‌ എന്ന കഥാകാരന് പറ്റും എന്നുറപ്പുണ്ട്‌ . നല്ലൊരു തീം പകർത്തുന്നതിനെ പൈങ്കിളി എന്നൊന്നും വിളിക്കരുത് . :).

  ഇതിന്‍റെ തുടർച്ച ആ കഥയാവട്ടെ . ഒരിക്കൽകൂടെ നല്ലൊരു വിവരണത്തിന് നന്ദി .. സ്നേഹം .

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആ കഥ എഴുതാന്‍ കഴിവുള്ളവര്‍ എഴുതട്ടെ എന്നാണ് എന്റെ ആഗ്രഹം. എന്നെക്കൊണ്ട് അത് സാധിക്കും എന്നു തോന്നുന്നില്ല. യാത്ര എഴുത്തിനെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന ചെറുവാടിയെപ്പോലുള്ളവരുടെ നല്ല വാക്കുകള്‍ ആത്മവിശ്വാസം തരുന്നു

   ഇല്ലാതാക്കൂ
 6. ബൈലകുപ്പയെ അടുത്തറിഞ്ഞു .... ഹൃദ്യമായ വിവരണം മാഷേ ...

  ചിത്രങ്ങള്‍ക്ക് തെളിച്ചം അല്‍പ്പം കുറഞ്ഞുവോ എന്നൊരു സംശയം ഇല്ലാതില്ല.

  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ചിത്രത്തിന്റെ കാര്യം സൂചിപ്പിച്ചത് നന്നായി - വിവരണം ഹൃദ്യമായി എന്നറിയിച്ചതില്‍ സന്തോഷം വേണുവേട്ടാ

   ഇല്ലാതാക്കൂ
 7. എറണാകുളം മഹാരാജാസ് ഗ്രൌണ്ടിനോട് ചേര്‍ന്നുള്ള വഴിയോരത്ത് ഷൂസുകളും രോമാക്കുപ്പയങ്ങളും വില്‍ക്കുന്ന ഇക്കൂട്ടരെ കണ്ടിട്ടുണ്ട് ചെറുപ്പത്തില്‍....... , പുരികമില്ലാത്ത ഇവരുടെ മുഖമായിരുന്നു ആദ്യ കൌതുകം. പിന്നിട് ഇവരുടെ അഭയാര്‍ത്ഥികഥകള്‍ എപ്പോഴോ അറിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ മാഷിന്‍റെ ഈ പോസ്റ്റില്‍ നിന്നുമാണ് കിട്ടുന്നത്. മാഷിന്‍റെ മനസ്സിലെ കഥയിലെ കഥാപാത്രങ്ങളുടെ പിറകെയാണ് ഞാനിപ്പോള്‍ ....! :)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആ കഥ അംജതിന് ഒന്നു ട്രൈ ചെയ്തുകൂടെ. അഭിപ്രായമറിയിച്ചതിന് സ്നേഹം, സന്തോഷം അംജത്

   ഇല്ലാതാക്കൂ
 8. അറിവ് പകരുന്ന നല്ല വിവരണം....

  മറുപടിഇല്ലാതാക്കൂ
 9. ഞാന്‍ അറിയാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍. നല്ല പോസ്റ്റ്.അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നല്ല പോസ്റ്റ് എന്ന് അറിയിച്ചതില്‍ സന്തോഷം രാകേഷ്

   ഇല്ലാതാക്കൂ
 10. അറിവ് പകരുന്ന പോസ്റ്റ്‌.അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 11. യാത്രകളുംഅനുഭവങ്ങളും എത്രത്തോളംവിജ്നാനപ്രദമാക്കാം എന്ന അറിവാണു ഞാനിവിടെ നിന്ന് സ്വയത്തമാക്കുന്നത്‌..
  വിദ്യാർത്ഥികൾക്ക്‌ കൂടി ഒരു മുതൽകൂട്ട്‌ തന്നെയാണു മാഷിന്റെ പല യാത്രാവിവരണങ്ങളും..പ്രത്യേകിച്ചും വിരസതാനുഭവം നൽകാത്ത എഴുത്തിന്റെ മിടുക്ക്‌ അഭിനന്ദനീയം തന്നെ..
  ആശംസകൾ..നന്ദി

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇത്രയെങ്കിലും കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കാതെ ഈ പോസ്റ്റിന് യാതൊരു പ്രസക്തിയുമില്ലെന്ന് തോന്നിയിരുന്നു. എഴുതിക്കഴിഞ്ഞപ്പോള്‍ വിരസമായിപ്പോവുമോ എന്ന ഭയവും ഉണ്ടായിരുന്നു. വിരസമായില്ല എന്നറിയിച്ചതില്‍ വളരെ സന്തോഷം ടീച്ചര്‍

   ഇല്ലാതാക്കൂ
 12. അതിമനോഹരമായ ഈ അറിവ്
  പകരുകൾക്ക് അഭിനന്ദനം കേട്ടൊ മാഷെ.
  ബൈലകുപ്പയെ ഇത്ര വിശദമായി വിശദീകരിക്കുന്ന
  ചിത്രീകരണങ്ങൾ അടക്കമുള്ള ഒരു കുറിപ്പ് ഭൂമിമലയാളത്തിൽ
  ഇല്ല എന്നു തന്നെ പറയാം.തീർത്തും വിഭിന്നമായ രീതികളുമായി
  അതിജീവനനം നടത്തി , ജന്മനാട് വിട്ട് പാലായനം നടത്തേണ്ടി വന്ന
  ഈ ജനതയുടെ ഒറിജനൽ കഥയിൽ നിന്നും ; ഭായിക്ക് തീർച്ചയായും നമ്മുടെ
  തെക്കെ ഇന്ത്യൻ സംസ്കാരവുമായി സംയോജിപിച്ച് ഒരു സൂപ്പർ കഥ ചമയിച്ചൊരുക്കാം ,
  താങ്കൾക്കതിന് കഴിവുമുണ്ടല്ലോ...കുടക് താഴ്വരയിൽ വിരിയുന്ന ആ കഥക്ക് ഞങ്ങൾ വായനക്കാർ കാത്തിരിക്കുന്നൂ ...!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഈ നല്ല വാക്കുകള്‍ക്ക് എന്റെ സ്നേഹവും സന്തോഷവും മറുപടി

   ഇല്ലാതാക്കൂ
 13. ബൈലകുപ്പയെ കുറിച്ച് കേട്ടിരുന്നെങ്കിലും ആഴത്തില്‍ മനസ്സിലാക്കിയത് ഇപ്പോഴാണ്. നന്ദി..
  നല്ലൊരു വായനാനുഭവമായി എന്നുമുണ്ടാവും മനസ്സില്‍ ഈ കുറിപ്പ്.. :)

  മറുപടിഇല്ലാതാക്കൂ
 14. സാധാരണമല്ലാത്ത മേച്ചില്‍ പുറങ്ങള്‍, സാധാരണമല്ലാത്ത എഴുത്ത്. പുതിയ അറിവുകള്‍. നന്ദി പ്രദീപ്‌ മാഷേ.

  മറുപടിഇല്ലാതാക്കൂ
 15. സര്‍ , വളരെ മനോഹരമായ മനസ്സില്‍ നിന്നും മായാത്ത യാത്രാവിവരണം .ആശംസകള്‍ !

  മറുപടിഇല്ലാതാക്കൂ
 16. വർഷങ്ങൾക്കു മുൻപ് ബൈലക്കൊപ്പയിൽ പോയ ഓർമകളെ തിരികെയുണർത്തി ...
  ആശംസകൾ .
  ഒരു കാര്യം നമ്മൾ ഓർക്കണം .
  ടിബറ്റിൽ നിന്നും പാലായനം പാലായനം ചെയ്തെത്തിയ ആ ജനതയെ "വന്നു കയറിയവർ" എന്ന രീതിയിലാണ് നമ്മൾ എന്നും കാണുന്നത് . ഈ ലോകം എല്ലാവർക്കും ജീവിക്കുവാൻ ഉള്ളതാണ് എന്ന് മറന്നുകൊണ്ട് !!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എവിടെയോ ഒരൽപ്പം ബാക്കി നിൽക്കുന്നു എന്ന് തോന്നുന്നു.
   വായനക്കും അഭിപ്രായത്തിനും വലിയ സന്തോഷം

   ഇല്ലാതാക്കൂ
 17. വിജ്ഞാനപ്രദം. വായന അടയാളപ്പെടുത്തുന്നു

  മറുപടിഇല്ലാതാക്കൂ
 18. നല്ലൊരു ചരിത്ര ക്ലാസിൽ കയറിയ പോലെ . ഒട്ടും ബോറടിക്കാതെ വായിക്കാൻ സാധിച്ചു എന്നതാണ് ഈ ലേഖനത്തിന്റെ പ്രത്യകത . ബുദ്ധ വിഹാരങ്ങൾ ലോകത്തിന്റെ പല ഭാഗത്ത്‌ നിന്നും നീക്കം ചെയ്യപ്പെട്ടിട്ടുണ്ട് . ആലോചിക്കുന്നത് മറ്റൊരു കാര്യമാണ്. എങ്ങിനെയായിരിക്കും ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും ചുരുങ്ങിയ കാലം കൊണ്ട് ബുദ്ധമതം വ്യാപിച്ചത് . പണ്ട് ചരിത്രംസ്ക്കൂളിൽ പഠിക്കുന്ന സമയത്ത് ഭയങ്കര ബോറായിരുന്നു .. ഇപ്പോഴാണ് സത്യത്തിൽ അതൊക്കെ പഠിക്കാൻ ആഗ്രഹം തോന്നുന്നത് .. ഈ ലേഖനം മനസ്സിൽ അങ്ങിനെയൊരു ആഗ്രഹത്തിന് കൂടിയാണ് വിത്ത്‌ പാകിയിരിക്കുന്നത് ...പുസ്തകം വായിക്കല് ഇല്ല .. പക്ഷെ ഇത്തരം വിഷയങ്ങൾ ബ്ലോഗുകളിൽ അവതരിപ്പിക്കപ്പെടുമ്പോൾ അറിയാതെ വായിച്ചു പോകുന്നു .. ആശംസകളോടെ ..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നമ്മുടെ സ്കൂൾ സിസ്റ്റത്തിലെ മറ്റേതൊരു വിഷയം പഠിപ്പിച്ചില്ലെങ്കിലും, നാടിന്റെ ചരിത്രവും, സാമൂഹ്യജീവിതവും കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട് എന്ന് എവിടെയോ കേട്ടത് ഓർക്കുന്നു പ്രവീൺ. വായനക്കും അഭിപ്രായത്തിനും വലിയ സന്തോഷം

   ഇല്ലാതാക്കൂ
 19. കുശാല്‍ നഗറിലെ ഈ സുവര്‍ണ്ണ ക്ഷേത്രം ഈ തവണ എന്‍റെ സന്തര്ഷനത്തില്‍ അവിചാരിതമായി വന്നു പെട്ട ഒരു യാത്രയായിരുന്നു , അതിന്റെ ചരിത്രമോ പശ്ചാത്തലമോ ഒന്നും അറിയാതെ കുടകില്‍ നിന്നും മൈസൂരിലേക്ക് ഉള്ള യാത്രയില്‍ വഴിയില്‍ വെച്ചാണ് ഈ സ്ഥലത്തെ കുറിച്ച് കേട്ടത്, ഉച്ചക്ക് രണ്ടു മണി മുതല്‍ വൈകീട്ട് 6 മണി വരെ അവിടെ ചിലവഴിച്ചു ,തികച്ചും വ്യതസ്തമായ ഒരു ലോകത്ത് എത്തിയത് പോലെയായിരുന്നു ആ അനുഭവം. ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ ആ യാത്ര ഒന്ന് കൂടി ഹൃദ്യമായി തോന്നി . കാണാന്‍ വൈകിയ ഒരു പോസ്റ്റ്‌ .

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കുടകിലെ മടിക്കേരിയിലേക്കുള്ള ഒരു യാത്രക്കിടയിലാണ് ഞാൻ ബൈലക്കുപ്പയിലെത്തിയത്. വായനക്കും അഭിപ്രായത്തിനും ഒരുപാട് സന്തോഷം ഫൈസൽ

   ഇല്ലാതാക്കൂ
 20. പ്രവീണ്‍ ഷെയര്‍ ചെയ്താണ് ഈ പോസ്ടിലെക്ക് എത്തിയത്. വായിചില്ലയിരുന്നു എങ്കില്‍ നഷ്ടമായി പോയേനെ സര്‍! :) . വളരെ രസകരമായി പല ചരിത്ര സത്യങ്ങളും എഴുതിയിരിക്കുന്നു -ഒരു യാത്ര വിവരണം എന്നതല്ല ഈ ലേഖനം തരുന്ന ഉള്‍ക്കാഴ്ചകള്‍ നന്ദി :)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എന്റെ എളിയ പോസ്റ്റ് ഗ്രൂപ്പിൽ ഷെയർ ചെയ്തതിനു പ്രവീണിനു നന്ദി പറയുന്നു. എന്റെ ബ്ലോഗിലെത്തിയതിനും അഭിപ്രായം അറിയിച്ചതിനും എന്റെ നന്ദിയും കടപ്പാടും....

   ഇല്ലാതാക്കൂ
 21. ചരിത്രത്തിലെ നോവും പിടപ്പും വളരെ മനോഹരമായി എഴുതിയിരിക്കുന്നു.... വേരുകള്‍ പറിച്ചെടുത്തിട്ടും വാടിപ്പോകാതെ അതിജീവിക്കുന്ന ജനതയുടെ മനശക്തിക്കു പ്രണാമം. ബൈലക്കുപ്പയെ ഇത്ര രസകരമായി വേറെയെവിടെയും വായിച്ചിട്ടില്ല...

  നേരത്തേ വായിച്ചിരുന്നെങ്കിലും കമന്‍റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല, ഇപ്പോള്‍ പ്രവീണ്‍ ഷെയര്‍ ചെയ്ത ലിങ്കിലൂടെ വീണ്ടും ഇവിടെയെത്തി.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഈ നല്ല വായനക്കും അഭിപ്രായത്തിനും ഒരുപാട് സന്തോഷം

   ഇല്ലാതാക്കൂ