കോഴിക്കോട് - ചരിത്രം, സമൂഹം, സംസ്കാരം ; ഭാഗം രണ്ട്


കോഴിക്കോടിനെ സാമൂതിരിയുടെ നഗരം എന്ന് പലയിടത്തും വിശേഷിപ്പിക്കുന്നത് കാണാം . എന്നാല്‍ പ്രബലന്മാരായ ഒരു രാജപരമ്പരയുടേതായ കാര്യമായ അവശേഷിപ്പുകളൊന്നും ഇന്ന് കോഴിക്കോട്ട് ഇല്ല. കേരളത്തില്‍ തിരുവനന്തപുരത്തും, കൊച്ചിയിലും കൊട്ടാരങ്ങളുടേയും, അനുബന്ധസ്ഥാപനങ്ങളുടേയും അവശേഷിപ്പുകള്‍ ഉണ്ട്. എന്നാല്‍ ഒരു കാലത്ത് തിരുവനന്തപുരത്തേക്കാളും, കൊച്ചിയേക്കാളും സമ്പത്തുകൊണ്ടും, സൈനികശക്തികൊണ്ടും പ്രബലരായിരുന്ന കോഴിക്കോട്ടെ സാമൂതിരിമാരുടെ ഭരണ ആസ്ഥാനം എവിടെയായിരുന്നു എന്നതിന്റെ തെളിവുകള്‍പോലും കണ്ടെത്താന്‍ പ്രയാസമാണ് . ആകെ അവശേഷിക്കുന്നത് മാനഞ്ചിറയെന്ന ഒരു ജലാശയമാണ്. ഇത്തരം ഒരു സ്ഥിതിവിശേഷം ഉണ്ടാവാന്‍ കാരണം എന്താണ്?. കോഴിക്കോടിന്റെ ചരിത്രത്തില്‍ സാമൂതിരിമാര്‍ വഹിച്ച പങ്ക് എന്തായിരുന്നു?. കോഴിക്കോടിനെ സാമൂതിരിയുടെ നഗരം എന്നു വിളിക്കുന്നത് എന്തുകൊണ്ട്? - ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയപ്പോള്‍ ലഭിച്ച ചില കൗതുകങ്ങള്‍ പങ്കുവെക്കുകയാണ്

റോമക്കാരെപ്പോലെ താടിവെച്ച സാവിരി 

ജനവാസമില്ലാത്ത ചുള്ളിക്കാടുകള്‍ നിറഞ്ഞ പ്രദേശമായിരുന്നു ഒരുകാലത്ത് കോഴിക്കോട്. കോഴിക്കോടും, ചുള്ളിക്കാടും എന്നാണ് ചില ചരിത്രരേഖകളില്‍ കോഴിക്കോടിനെക്കുറിച്ച് പറയുന്നത്. പ്രദേശത്തെപ്പറ്റി, പതിമൂന്നാം നൂറ്റാണ്ടുവരെ കാര്യമായി എവിടെയും പരാമര്‍ശിക്കപ്പെടുന്നില്ല. 1341 നും 1348 നും ഇടയില്‍ ഇവിടെ സന്ദര്‍ശിച്ച ഇബ്നു ബത്തൂത്തയുടെ കുറിപ്പുകളിലാണ് ആദ്യമായി കോഴിക്കോടിനെക്കുറിച്ചും സാമൂതിരിമാരെക്കുറിച്ചും പരാമര്‍ശിക്കുന്നത് -  'സാവിരി' എന്നറിയപ്പെടുന്ന ഒരു ഹിന്ദുവാണ് കോഴിക്കോട്ടെ രാജാവ് എന്നും ഇദ്ദേഹം റോമക്കാരുടെ മാതൃകയില്‍ താടിവെച്ചിട്ടുണ്ട് എന്നും ഇബ്നു ബത്തൂത്ത രേഖപ്പെടുത്തിയിട്ടുണ്ട്. ചുള്ളിക്കാടുകള്‍ നിറഞ്ഞ പ്രദേശം ക്രമേണ സാമൂതിരിയുടെ ശക്തികേന്ദ്രമായി പരിണമിച്ച് ലോകം മുഴുവന്‍ അറിയപ്പെടുന്ന തുറമുഖപട്ടണവും, വാണിജ്യകേന്ദ്രവുമായി മാറുകയായിരുന്നു.

കൊണ്ടോട്ടിയല്‍ നിന്ന് കോഴിക്കോട്ടെത്തിയവര്‍

കോഴിക്കോടിന് വടക്ക് ., വടകരവരെയുള്ള ഭാഗം ഒരുകാലത്ത് പ്രബലന്മാരായ കുലശേഖര ചക്രവര്‍ത്തിമാര്‍  വാണ രണ്ടാം ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. കുലശേഖര രാജാക്കന്മാര്‍., പ്രാദേശികമായ ഭരണനിര്‍വ്വഹണത്തിനും, നികുതിപിരിവിനും ചില പ്രമാണിമാരായ കുടുംബങ്ങള്‍ക്ക് അധികാരം നല്‍കിയിരുന്നു. ഇവര്‍ ആദ്യകാലത്ത് നാട്ടുപ്രമാണിമാര്‍ എന്നും പിന്നീട് നാടുവാഴികള്‍ എന്നും അറിയപ്പെട്ടു. യുദ്ധകാര്യങ്ങളിലും മറ്റും സഹായം ചെയ്ത് ഇത്തരം നാടുവാഴികള്‍ ചക്രവര്‍ത്തിമാരുടെ സ്നേഹം പിടിച്ചുപറ്റി . ഈ സ്നേഹവിശ്വാസത്തെ ദുരുപയോഗം ചെയ്ത് അവര്‍  തങ്ങളുടെ പ്രദേശത്തെ സര്‍വ്വതും നിയന്ത്രിക്കുന്ന പരമാധികാരികളായി മാറി.

അവസാനത്തെ ചേരചക്രവര്‍ത്തിയായിരുന്ന രാമവര്‍മ്മ കുലശേഖരന്റെ ആശ്രിതരായി ഏറാള്‍ നാട്ടിലെ നെടിയിരുപ്പ് ( ഇന്നത്തെ കൊണ്ടോട്ടി) ആസ്ഥാനമാക്കി നാടുവാണ രണ്ട് ഏറാടി സഹോദരന്മാരായിരുന്നു മാണിക്കനും, വിക്രമനും. ചോളന്മാരോടും, പാണ്ഡ്യന്മാരോടുമുള്ള യുദ്ധങ്ങളില്‍ സഹായം ചെയ്തുകൊടുത്ത് ഇവര്‍ രാജാവിന്റെ പ്രത്യേക സ്നേഹം പിടിച്ചുപറ്റി.

രാമവര്‍മ്മ കുലശേഖരന്റെ തിരോധനത്തോടെ സാമ്രാജ്യം ഛിന്നഭിന്നമാവുകയും പല നാട്ടുരാജ്യങ്ങളായി പരിണമിക്കുകയും ചെയ്തു. രാമവര്‍മ്മ കുലശേഖരന്‍ ഇസ്ളാംമതം സ്വീകരിച്ച് ഒരു അറേബ്യന്‍  കച്ചവടസംഘത്തോടൊപ്പം മക്കയിലേക്ക് പോയതായി പറയപ്പെടുന്നു. പോവുന്നതിനുമുമ്പ് തന്റെ രാജ്യം അദ്ദേഹം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വീതം വെച്ചുകൊടുത്തുരാജാവിനെ മുഖം കാണിക്കാന്‍ നെടിയിരുപ്പിലെ മാണിക്കനും, വിക്രമനും എത്തിയപ്പോഴേക്കും രാജ്യം മുഴുവനും വീതംവെച്ചു കഴിഞ്ഞിരുന്നു. തനിക്ക് ഏറെ പ്രിയപ്പെട്ട സഹോദരന്മാര്‍ക്ക് ഒന്നും നല്‍കാന്‍  ഇല്ലാത്തതില്‍ ഖിന്നനായ അദ്ദേഹം അവര്‍ക്ക് ഏറാള്‍നാട് ദേശത്തിന്റെ പരമാധികാരം നല്‍കി., രാജാക്കന്മാരായി വാഴിച്ചു. കൂടാതെ തന്റെ ഒടിഞ്ഞ ഉടവാളും ഉടഞ്ഞ ശംഖും കൊടുത്തിട്ട്ചത്തും, കൊന്നും, കീഴടക്കിയും  മലനാട് അടക്കിവാഴുക' എന്ന് ഉപദേശിക്കുകയും ചെയ്തു.

രാമവര്‍മ്മ കുലശേഖരന്റെ ഉപദേശം ശിരസാവഹിച്ച് ഏറാടിസഹോദരന്മാര്‍ അക്ഷരാര്‍ത്ഥത്തില്‍ ചത്തും,കൊന്നും മലനാട് അടക്കിവാണ കഥയാണ് കോഴിക്കോടിന്റെയും മലബാറിന്റെയും പില്‍ക്കാല ചരിത്രം

പോളനാട്

ഏറാടിസഹോദരന്മാര്‍ ഏറാള്‍നാട്ടിലെ രാജാക്കന്മാരായി സ്വയം അവരോധിച്ച് ഭരണം തുടങ്ങി. രാജ്യവിസ്തൃതി കൂട്ടലും, സമ്പത്ത് ആര്‍ജിക്കലുമായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം. സമ്പത്ത് ആര്‍ജിക്കുവാന്‍ വിദേശരാജ്യങ്ങളുമായുള്ള വാണിജ്യബന്ധം നല്ലൊരു വഴിയാണെന്ന് അവര്‍ മനസ്സിലാക്കി. കടല്‍വഴിയാണ് അന്ന് ഭൂരിഭാഗം വിദേശവാണിജ്യവും നടന്നിരുന്നത്. ഏറാള്‍നാടിനാവട്ടെ സ്വന്തമായി കടല്‍ത്തീരം ഉണ്ടായിരുന്നില്ല. തൊട്ടടുത്ത നാട്ടുരാജ്യങ്ങളായ രാമനാട്ടുകരക്കും, പോളനാടിനും സ്വന്തമായി കടല്‍ത്തീരം ഉണ്ടായിരുന്നു. കടല്‍വഴിയുള്ള വാണിജ്യം നാട്ടുരാജ്യങ്ങളില്‍  അഭിവൃദ്ധിപ്പെടുന്നത് ഏറാടികളുടെ ഉറക്കം കെടുത്തി.

പോളനാട് അന്ന് പോളാര്‍തിരിയുടെ അധീനതയിലായിരുന്നു. തങ്ങളുടെ രാജ്യത്തിന്  വിസ്തൃതികൂട്ടി സമുദ്രതീരം വരെ വ്യാപിപ്പിക്കുവാന്‍ ആഗ്രഹിച്ച നെടിയിരുപ്പിലെ ഏറാടിമാര്‍ രാമാനാട്ടുകര നാടുവാഴിയെ വലിയ ചെറുത്തുനില്‍പ്പില്ലാതെ അതിവേഗം പരാജയപ്പെടുത്തിയെങ്കിലും, പോളനാട്ടിലെ പോളാര്‍തിരിയുമായി വര്‍ഷങ്ങള്‍  നീണ്ടുനിന്ന സംഘട്ടനം വേണ്ടിവന്നു. യുദ്ധം പോളാര്‍തിരിയുടെ പരാജയത്തിലും, ഏറാടികളുടെ വിജയത്തിലുമാണ് കലാശിച്ചത്.

സമുദ്രാതിരിയും കോവില്‍ക്കോടും

ഏറാടിമാരില്‍  രണ്ടാമത്തെയാളായ മാണിക്കന്‍., 'ഏറാള്‍പ്പാട് ' എന്ന സ്ഥാനപ്പേരോടെ നെടിയിരിപ്പില്‍ത്തന്നെ തുടര്‍ന്നു. മൂത്തയാളായ വിക്രമനാവട്ടെ., 'മാനവിക്രമന്‍' എന്ന പേരില്‍ പോളനാടിന്റെ ഭരണം ഏറ്റെടുത്തുഇയാള്‍ 'പൂന്തുറക്കോന്‍ ' എന്ന സ്ഥാനപ്പേരുകൂടി സ്വീകരിച്ചതായി ചരിത്രരേഖകള്‍ പറയുന്നു. പോളനാട് കീഴടക്കി സമുദ്രവ്യാപാരത്തില്‍  ആധിപത്യം സ്ഥാപിച്ചതുകൊണ്ട് 'സമുദ്രാതിരി' യെന്ന സ്ഥാനപ്പേരും ഇദ്ദേഹത്തിന് ലഭിച്ചു. സമുദ്രാതിരിയെന്ന സ്ഥാനപ്പേര്‍ ലോപിച്ചാണ് പിന്നീട് 'സാമുതിരി' എന്ന പേരു ലഭിക്കുന്നത്. ഭരണസൗകര്യത്തിനായി ഇദ്ദേഹം പുതിയ ഒരു കോട്ട നിര്‍മ്മിച്ചു. അതോടെ പ്രദേശം കോട്ടയുള്ള സ്ഥലം എന്ന അര്‍ത്ഥത്തില്‍ 'കോവില്‍ക്കോട് ' എന്ന് അറിയപ്പെടാന്‍ തുടങ്ങി. കോവില്‍ക്കോട് ലോപിച്ചാണ് പിന്നീട് 'കോഴിക്കോട് ' എന്ന പേര് ലഭിക്കുന്നത്.

സമ്പന്നതയുടേയും, പടയോട്ടങ്ങളുടേയും നാളുകള്‍

മക്കത്തുപോയി മതംമാറിയ പെരുമാളിന് പ്രിയപ്പെട്ടവരായ കോഴിക്കോട്ടെ ഭരണാധികാരികളോട്  അറബികള്‍ക്ക് പ്രത്യേക സ്നേഹമായിരുന്നു അറബിക്കച്ചവടക്കാര്‍ക്ക്  കോഴിക്കോടിന്റെ അഭിവൃദ്ധിയില്‍ പ്രത്യേക താല്‍പ്പര്യം തോന്നാന്‍ കാരണം ഇതാണ്. തങ്ങള്‍ക്കു പ്രിയപ്പെട്ട ചേരമാന്‍ പെരുമാളിന്റെ പ്രിയപ്പെട്ടവരുടെ നാടിന്റെ വികസനത്തില്‍ അവര്‍ പ്രത്യേക ശ്രദ്ധ ചെലുത്തി. കോഴിക്കോടിന്റെ വ്യാപാരവര്‍ദ്ധനവില്‍ അറബികള്‍ വലിയ പങ്കു വഹിച്ചു. അറബികളുടെ നിര്‍ലോഭമായ സഹായത്തോടെയുള്ള സമുദ്രവ്യാപാരത്തിലൂടെ കോഴിക്കോട് സമ്പത്തുകൊണ്ട് അതിശക്തമായ രാജ്യമായി മാറി. സമ്പത്ത് ഉപയോഗിച്ച് സൈന്യബലം വര്‍ദ്ധിപ്പിക്കുകയും., അത് ഇതരനാട്ടുരാജ്യങ്ങളെ തങ്ങളുടെ അധീനതയില്‍ കൊണ്ടുവരാന്‍ സാമൂതിരിമാര്‍ ഉപയോഗിക്കുകയും ചെയ്തു.  

അയല്‍രാജ്യങ്ങളായ ബേപ്പൂരും,‍  പരപ്പനാടും, വെട്ടത്ത്നാടും യുദ്ധം കൂടാതെ തന്നെ സാമൂതിരിയുടെ കോയ്മ അംഗീകരിച്ചു. പിന്നീട്, കുറുമ്പ്രനാട്ട് രാജാവും, പയ്യോര്‍മല നായന്മാരും, സമീപപ്രദേശങ്ങളിലെ നാടുവാഴികളും സാമൂതിരിയുടെ സാമന്തന്മാരായി മാറി.  സാമൂതിരിക്കു നേരിടേണ്ടി വന്ന ഏറ്റവും പ്രബലനായ ശത്രു തെക്കേമലബാറിലെ വള്ളുവക്കോനാതിരിയായിരുന്നു. അദ്ദേഹം വഹിച്ചിരുന്ന മാമാങ്കത്തിന്റെ അദ്ധ്യക്ഷസ്ഥാനം പിടിച്ചെടുക്കുകയായിരുന്നു സാമൂതിരിയുടെ ലക്ഷ്യം. വള്ളുവനാട് പിടിച്ചടക്കിയ സാമൂതിരി ക്രമേണ നിലമ്പൂര്‍‍, മഞ്ചേരി, മലപ്പുറം, കോട്ടയ്ക്കല്‍എന്നീ നാടുകള്‍തന്റെ സ്വാധീനത്തിലാക്കി. സാമൂതിരിയുടെ അടുത്ത നീക്കം തലപ്പിള്ളിയിലേക്കായിരുന്നു . സാമൂതിരിയുടെ രൂക്ഷമായ ആക്രമണത്തിനു മുന്നില്‍ തലപ്പിള്ളിയും,  പൊന്നാനി മുതല്‍ ചേറ്റുവാ വരെയുള്ള ദേശങ്ങളിലെ രാജാക്കന്മാരും കീഴടങ്ങി.

അസ്തമയത്തിലേക്ക് കുതിച്ചുപാഞ്ഞവര്‍

കൊച്ചിയും കോഴിക്കോടും തമ്മിലുള്ള സംഘട്ടനം പതിനാലാം  നൂറ്റാണ്ട് മുതലാണ് ആരംഭിക്കുന്നത്. ഇതിന് കാരണമായത് കൊച്ചി ഭരിച്ച ഇളയ താവഴിയിലെ രാജാവിനെതിരെ., മൂത്ത താവഴി രാജാവ് നടത്തിയ കൊട്ടാര വിപ്ലവമായിരുന്നു. മൂത്ത താവഴി സാമൂതിരിയുടെ സഹായമഭ്യര്‍ത്ഥിച്ചു. അപേക്ഷ സ്വീകരിച്ച് കൊച്ചിയിലേക്ക് പടനയിച്ച സാമൂതിരി നാടുവാണിരുന്ന രാജാവിനെ തോല്‍പ്പിച്ച് തൃശ്ശൂര്‍കൊട്ടാരം പിടിച്ചെടുത്തു. തുടര്‍ച്ചയായ വിജയങ്ങള്‍കൊണ്ടും, വ്യാപരത്തിലൂടെ നേടിയ അമിതസമ്പത്തുകൊണ്ടും ലഭിച്ച വലിയ ആത്മവിശ്വാസത്തോടെ വേണ്ടതിലും, വേണ്ടാത്തതിലുമൊക്കെ ഇടപെട്ട സാമൂതിരിമാര്‍ ഭാവിയെക്കുറിച്ച് ഒട്ടും ചിന്തിച്ചില്ല. തങ്ങളുടെ സൗഭാഗ്യങ്ങള്‍ എക്കാലവും നിലനില്‍ക്കുമെന്ന് നിനച്ച് ഭാവിയിലേക്ക് ഒന്നും കരുതിവെക്കാതെ മുന്നേറിയ സാമൂതിരിമാരെ ചരിത്രം തൂത്തെറിയുകതന്നെ ചെയ്തു. 

കോഴിക്കോട്ടേക്കുള്ള പോര്‍ച്ചുഗീസുകാരുടെ വരവോടെ സാമൂതിരിമാരുടെ നല്ലകാലം അവസാനിക്കുകയായിരുന്നു. വാസ്കോഡഗാമയെ തന്റെ രാജ്യത്തേക്ക് ആനയിച്ച് പ്രതാപങ്ങള്‍ കാട്ടിക്കൊടുത്ത് മേനിനടിക്കുമ്പോള്‍ പതിയിരിക്കുന്ന അപകടത്തെക്കുറിച്ച് സാമൂതിരി ഒട്ടും ചിന്തിച്ചില്ല. ബുദ്ധിമാനായ വാസ്കോഡഗാമ തന്ത്രപരമായി കരുക്കള്‍ നീക്കി. സാമൂതിരിയുടെ ശക്തിയും, ദൗര്‍ബല്യവും മനസിലാക്കിയശേഷം., തക്കസമയംനോക്കി സാമൂതിരിയുമായി പിണങ്ങിയ വാസ്കോഡഗാമ കൊച്ചിയിലെത്തി അവിടുത്തെ രാജാവുമായി ചങ്ങാത്തത്തിലായി. കൊച്ചിയും, കോഴിക്കോടും തമ്മിലുള്ള മത്സരത്തില്‍ പക്ഷംപിടിച്ച് തന്ത്രപൂര്‍വം കൊച്ചിയില്‍ കോട്ടയും മറ്റു ആനുകൂല്യങ്ങളും ഗാമ സ്വന്തമാക്കി. ഇതില്‍ പ്രതിഷേധിച്ച് അന്ന് കൊച്ചിരാജാവിന്റെ പടനായകനായിരുന്ന കുഞ്ഞാലിമരക്കാര്‍ രാജാവുമായി പിണങ്ങി കോഴിക്കോട്ടേക്കു പോന്നു. സാമൂതിരിയാവട്ടെ കുഞ്ഞാലിമരക്കാര്‍ക്ക് അഭയം നല്‍കുകയും അദ്ദേഹത്തെ തന്റെ നാവികപ്പടയുടെ ഉത്തരവാദിത്വം ഏല്‍പ്പിക്കുകയും ചെയ്തു. സാമൂതിരികൂടി ഉള്‍പ്പെട്ട ഒരു ഗൂഢനീക്കത്തില്‍ പോര്‍ച്ചുഗീസുകാരുടെ പിടിയിലായി വധിക്കപ്പെടുന്നതുവരെ മരക്കാര്‍മാര്‍ തങ്ങളെ ഏല്‍പ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റി - കുഞ്ഞാലി മരക്കാര്‍മാരെപ്പറ്റി കൂടുതല്‍ വിശദമായി ഇതേ പരമ്പരയിലെ മറ്റൊരു ലേഖനത്തില്‍ വിവരിക്കാം.

 
1766 ല്‍ അവസാനിച്ച സാമൂതിരിയുഗം

സാമൂതിരിപരമ്പരയുടെ നാശത്തിനു കാരണം ഒരുതരത്തില്‍ സാമൂതിരിമാര്‍ തന്നെയായിരുന്നു എന്നു പറഞ്ഞല്ലോ. അമിതമായ സമ്പത്തും പ്രതാപവും കൈവന്നതോടെ തങ്ങളുടെ പരിമിതികളെക്കുറിച്ച് ചിന്തിക്കാതെ അവര്‍ അനാവശ്യമായ യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടത് ക്രമേണ അവര്‍ക്കുതന്നെ വിനയായി മാറി. 1756-57 ല്‍ നാടുവാണിരുന്ന സാമൂതിരി പാലക്കാട്ട് രാജാവിന്റെ നടുവട്ടം എന്ന സ്ഥലം പിടിച്ചടക്കി . പാലക്കാട് രാജാവായിരുന്ന കോമി അച്ചന്‍ നിവൃത്തിയില്ലാതെ സാമൂതിരിയുടെ ആക്രമണത്തെ നേരിടാന്‍ മൈസൂറിലെ  ഹൈദരാലിയെ ക്ഷണിച്ചുവരുത്തി പാലക്കാട് കോട്ടകെട്ടാന്‍സഹായം ചെയ്തുകൊടുത്തു (ഹൈദരാലി സമര്‍ഥനായിരുന്നു. നിരക്ഷരനായിരുന്നെങ്കിലും., അതിബുദ്ധിമാനായിരുന്ന ഹൈദരാലി പുതുച്ചേരിയിലെ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി സൗഹൃദത്തിലായി  അവരുടെ സഹായത്തോടെ കുതിരപ്പടയും പീരങ്കിപ്പടയുമുണ്ടാക്കിയിരുന്നു. അങ്ങനെ ശക്തിപ്രാപിച്ച ഒരു സൈന്യമുണ്ടായിരുന്നു അദ്ദേഹത്തിന്) മൈസൂറിന്റെയും പാലക്കാടിന്റെയും സത്വരവും, സുശക്തവുമായ സൈനിക നീക്കത്തിനു മുന്നില്‍ സാമൂതിരിയുടെ സൈന്യം പിന്തിരിഞ്ഞോടി. മൈസൂര്‍ സേന പിന്തുടര്‍ന്നപ്പോള്‍ വലിയൊരു തുക നഷ്ടപരിഹാരം കൊടുക്കാമെന്നും, പാലക്കാട് രാജാവിന്റെ സ്ഥലങ്ങള്‍ തിരിച്ചുകൊടുക്കാമെന്നും സാമൂതിരിക്ക് സമ്മതിക്കേണ്ടിവന്നു.  

എന്നാല്‍സാമൂതിരി വാക്കുപാലിച്ചില്ല . കപ്പം കൊടുക്കുന്നതിനോ, രാജ്യം രക്ഷിക്കുന്നതിനോ ഏര്‍പ്പാടു ചെയ്യാതെ കൊച്ചിരാജാവുമായി ഒരു കലഹത്തില്‍ അദ്ദേഹം ഏര്‍പ്പെട്ടു. തൃപ്രയാര്‍ ക്ഷേത്രത്തില്‍ ശാന്തിക്കാരനെ നിയമിക്കുന്നതിനെ ചൊല്ലിയുള്ളതായിരുന്നു കലഹം.   

ഈ സമയത്ത്., വാക്കുപാലിക്കാതിരുന്ന സാമൂതിരിക്കെതിരെ ഹൈദരാലി പടനയിക്കുകയായിരുന്നു. വളപട്ടണത്തില്‍ തമ്പടിച്ചിരുന്ന നായര്‍ പട്ടാളത്തെ തോല്‍പ്പിച്ചുകൊണ്ട് കുടകുവഴി വന്ന മൈസൂര്‍സൈന്യം കടത്തനാട്ടേയ്ക്കും, കോട്ടയത്തേക്കും നീങ്ങി. ഹൈദരാലിയുടെ സൈന്യം കൊയിലാണ്ടി എത്തിയപ്പോഴാണ് സാമൂതിരി അപകടം തിരിച്ചറിയുന്നത്. സുസജ്ജമായ സൈനികനീക്കത്തിന് സമയമില്ലാത്ത അവസ്ഥയില്‍ ., പെട്ടന്ന് തട്ടിക്കൂട്ടിയ ഒരു സംഘം പടയാളികളെ നേരിടാന്‍ അയച്ചെങ്കിലും അവര്‍ ഹൈദരാലിയോട് ദയനീയമായി പരാജയപ്പെട്ടു. ഹൈദരാലിയും, സംഘവും കോരപ്പുഴ കടന്ന്., കോഴിക്കോട്ടെത്തി പാളയത്തില്‍ തമ്പടിച്ചതോടെ സാമൂതിരിപ്പാടിന് പേടിയായി. എല്ലാ കുടുംബാംഗങ്ങളെയും അഭയാര്‍ത്ഥികളായി അദ്ദേഹം തിരുവനന്തപുരത്തേക്കയച്ചുസാമൂതിരിയും കുറച്ച് പടയാളികളും മാത്രം കോട്ടപ്പറമ്പിലെ കോവിലകത്ത് (ഇന്നത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി നില്‍ക്കുന്ന സ്ഥലം) അവശേഷിച്ചു. ഹൈദരാലിയുടെ സൈന്യം കോവിലകം വളഞ്ഞു. സാമൂതിരിപ്പാടിന് തങ്ങള്‍ജയിക്കില്ലെന്ന് ഉറപ്പായിരുന്നു. ജീവനോടെ ഹൈദരാലിയുടെ കൈയ്യില്‍ അകപ്പെട്ടാലുള്ള അപകടം ഓര്‍ത്ത് കോവിലകത്തുണ്ടായിരുന്ന വെടിമരുന്നുശാലക്ക് തീ കൊളുത്താന്‍ അദ്ദേഹം ആജ്ഞകൊടുത്തു. കോവിലകത്തോടൊപ്പം, സാമൂതിരിയും അതിനകത്തുണ്ടായിരുന്ന ആളുകളും കത്തിച്ചാമ്പലായി. അതോടെ, 1766ല്‍ കോഴിക്കോട്ട് സാമൂതിരിയുടെ ഭരണം എന്നെന്നേക്കുമായി അവസാനിച്ചു.

ഭരണമാറ്റങ്ങള്‍

കൊച്ചിയെപ്പോലെയോ, തിരുവിതാംകൂറിനെപ്പോലെയോ അല്ല., കോഴിക്കോടിന്റെ സ്ഥിതി. ഒരുകാലത്ത് കൊച്ചിയേക്കാളും, തിരുവിതാംകൂറിനേക്കാളും പ്രബലമായ രാജ്യമായിരുന്നെങ്കിലും കൊച്ചിയും, തിരുവിതാംകൂറും നിലനിന്നപ്പോള്‍ കോഴിക്കോട് നശിക്കുകയാണുണ്ടായത്.

കൊച്ചിയും, തിരുവിതാംകൂറും അടക്കമുള്ള  നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷുകാര്‍ ഒരിക്കലും പൂര്‍ണ്ണമായി കീഴടക്കിയിരുന്നില്ല. അവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കി തങ്ങളുടെ വരുതിയില്‍ നിര്‍ത്തുകയും., ഭരണമേല്‍നോട്ടത്തിന് റസിഡന്റിനെ ഏര്‍പ്പാടാക്കുകയുമാണ് ബ്രിട്ടീഷുകാര്‍ ചെയ്തത്. ഭരണത്തിന്റെ ഒരു ഭാഗം അപ്പോഴും രാജാക്കന്മാരുടെ കൈവശംതന്നെയായിരുന്നു. എന്നാല്‍, കോഴിക്കോട്ട്, 1766 ല്‍ സാമൂതിരിപ്പാടിന്റെ ഭരണം പരിപൂര്‍ണ്ണമായി അവസാനിച്ചു. പിന്നീട് ഹൈദരാലിയുടെ ഭരണമായിരുന്നു.  ഹൈദരാലിയുടെ മരണശേഷം അധികാരത്തിലെത്തിയ ടിപ്പുസുല്‍ത്താന്‍മലബാര്‍ ഒരു സംസ്ഥാനമാക്കി മാറ്റി ഇവിടെ ഒരു കോട്ട പണിതു. ആ കോട്ട നിന്ന സ്ഥലത്തിന് ഫറൂക്കാബാദ് (ഇന്നത്തെ ഫറോക്ക്) എന്നു പേരിട്ടു. ഫറൂക്കാബാദിനെ മലബാര്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു.  മുപ്പതു വര്‍ഷങ്ങളോളം അവരുടെ ഭരണത്തിന്‍ കീഴിലായിരുന്നു കോഴിക്കോട്.

1792ല്‍ നടന്ന നാലാം മൈസൂര്‍ യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ ടിപ്പുസുല്‍ത്താനെ തോല്‍പ്പിച്ച് ശ്രീരംഗപട്ടണം കീഴടക്കി. അതോടെ മലബാറടക്കം ടിപ്പുവിന്റെ കീഴിലുള്ള പ്രദേശങ്ങളെല്ലാം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടേതായി മാറി.

 അതായത്  കൊച്ചിയിലും, തിരുവിതാംകൂറിലും അതാത് രാജവംശങ്ങള്‍ ഭരണം തുടരുമ്പോള്‍  മലബാറില്‍ അങ്ങിനെയൊരു രാജവംശം ഉണ്ടായിരുന്നില്ല.  ഭരണം നടത്തിയത് പൂര്‍ണ്ണമായും ബ്രിട്ടീഷുകാരായിരുന്നു.  

ബ്രിട്ടീഷുകാരുടെ സൗജന്യംകൊണ്ട് ലഭിച്ച ചില നേട്ടങ്ങളല്ലാതെ മറ്റൊന്നും സാമൂതിരിപ്പാട് കുടുംബത്തിനുണ്ടായിരുന്നില്ല. 1766 ല്‍ അവസാനിച്ച അവരുടെ രാജ്യഭരണം പിന്നീട് ഉണ്ടാകുന്നുമില്ല. മറ്റു രാജവംശങ്ങളെപ്പോലെ  സാമൂതിരി വംശത്തിന് അധികാരമോ സ്വത്തുക്കളോ ഉണ്ടായിരുന്നില്ല. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് തിരിച്ചുവന്ന സാമൂതിരിപ്പാടിന്റെ വംശത്തിന് താമസിക്കാന്‍പോലും ഒരു ഇടമുണ്ടായിരുന്നില്ല. അത്രയും ദരിദ്രമായ അവസ്ഥയിലായിരുന്നു അവര്‍‍. 

 ഈ ലേഖനത്തിന്റെ തുടക്കത്തില്‍ പങ്കുവെച്ച സംശയങ്ങള്‍ക്കുള്ള മറുപടി., ഈ സംഭവങ്ങളില്‍ നിന്ന് കണ്ടെടുക്കാനാവും.

 കടപ്പാട്

ചരിത്ര പണ്ഡിതന്മാരായ എം.ജി.എസ് നാരായണൻ , കെ.കെ കൊച്ച് തുടങ്ങിയവരുടെ ലേഖനങ്ങളേയും., നോവലിസ്റ്റ്, ചരിത്രകാരന്‍ , സാഹിത്യ നിരൂപകന്‍ എന്നീ നിലകളിലെല്ലാം പ്രതിഭ തെളിയിച്ച പി.കെ ബാലകൃഷ്ണന്റെ 'ജാതി വ്യവസ്ഥയും,കേരള ചരിത്രവും' എന്ന ഗ്രന്ഥത്തേയും ആശ്രയിച്ച് തയ്യാറാക്കിയതാണ് ഈ ലേഖനം. ഇവിടെ അവതരിപ്പിച്ച ആശയങ്ങള്‍ക്ക് ഞാന്‍ അവരോട്  കടപ്പെട്ടിരിക്കുന്നു.


ഇനി ചിത്രങ്ങള്‍ സംസാരിക്കട്ടെ33 അഭിപ്രായങ്ങൾ:

 1. എഴുതിവന്നപ്പോൾ അൽപ്പം നീണ്ടുപോയി - പറഞ്ഞു വന്നത് പൂർത്തിയാക്കാതെ ലേഖനം അവസാനിപ്പിക്കാനും തോന്നിയില്ല. ഇവിടെ അവതരിപ്പിച്ച വസ്തുതകളിൽ എന്റെ അറിവ് പൂർണ്ണമല്ല. തിരുത്തുകൾ തുറന്നു പറയണമെന്ന് അഭ്യർത്ഥിക്കുന്നു....

  മറുപടിഇല്ലാതാക്കൂ
 2. റഫറന്‍സ്, അധിക വായനയ്ക്കള്ള സൂചിക ഇവിടെ കൂടി ഉള്‍പ്പെടുത്തിയിരുന്നെന്കില്‍ കൂടുതല്‍ നന്നായിരിക്കും. ഒരേ 'ചരിത്ര'സംഭവത്തിനു തന്നെ പലരും പല രീതിയില്‍ വ്യാഖ്യാനങ്ങള്‍ എഴുതാറുണ്ടല്ലോ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആദ്യവായനക്കും അഭിപ്രായത്തിനും ഒരുപാട് സന്തോഷം വിഷ്ണു. റഫറൻസും, സൂചികകളും ഉൾപ്പെടുത്താം. നല്ലൊരു നിർദേശം തന്നതിന് നന്ദി....

   ഇല്ലാതാക്കൂ
 3. വളരെ വിജ്ഞാന പ്രദമായ പോസ്റ്റ്‌ കോഴിക്കോട് എന്നാ വികാരത്തിൽ നിന്ന് സാമൂതിരി എന്ന ചരിത്രത്തിലേക്ക് സസൂക്ഷ്മം ആകാംഷയെ ഒരു കഥയിലെന്ന പോലെ കൂട്ടി കൊണ്ട് പോയി.. എന്നിട്ടും വിവരണം കുറഞ്ഞു പോയോ എന്നൊരു സംശയമേ വായിച്ചു കഴിഞ്ഞപ്പ്പോൾ തോന്നിയുള്ളൂ
  വളരെ നല്ല ഒരു ഉദ്യമം തുടരര്ന്നു പ്രതീക്ഷിക്കുന്നു

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വളരെയധികം നന്ദി ബൈജു. എഴുത്തിന്റെ നീളക്കൂടുതൽ വായനക്കാരിൽ മടുപ്പ് ഉളവാക്കുമോ എന്ന് ഞാൻ ഭയന്നിരുന്നു. വിവരണം കുറഞ്ഞുപോയോ എന്ന തോന്നലുളവാക്കി എന്നറിഞ്ഞപ്പോൾ ചെരിയൊരു സമാധാനം.....

   ഇല്ലാതാക്കൂ
 4. ലേഖനത്തിന്‍റെ തുടക്കത്തില്‍ മാഷ്‌ പറഞ്ഞ പോലെയുള്ള കാര്യങ്ങള്‍ ഞാനും ആലോചിക്കാറുണ്ടായിരുന്നു. കുറെ കാര്യങ്ങള്‍ മനസിലാക്കാന്‍ പറ്റി.
  നല്ല പോസ്റ്റ്‌:)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഈ ലേഖനത്തോടൊപ്പം സഞ്ചരിച്ച് എഴുത്തിന് പ്രോത്സാഹനം തരുന്നതിന് വലിയ സന്തോഷം മുബി...

   ഇല്ലാതാക്കൂ
 5. എന്റെ അച്ഛന്റെ തറവാട്ടിന് തൊട്ടടുത്ത്‌ ഒരു പുഴയുണ്ട്. ആപുഴക്ക് അക്കരെ എത്തിയ ടിപ്പുവിന്റെ(അതോ ഹൈദരുടെയോ?)സൈന്യം ഇക്കരെ എത്താതിരിക്കാന്‍ പാലം വലിച്ചു കളഞ്ഞു എന്നും, എന്നിട്ടു തറവാട്ടിലെ സ്ത്രീകളുടെ മാനം രക്ഷിക്കാനായി അച്ഛന്റെ തറവാട്ടില്‍ അന്നത്തെ കാരണവര്‍ , താന്‍ കൂടെ വന്നു ഇസ്ലാം മതം സ്വീകരിക്കാം എന്ന് വാക്ക് പറയുകയും നാട്ടിലെ പ്രധാന വൈദ്യന്‍ കൂടി ആയിരുന്ന ആ കാരണവരുടെ അഭ്യര്‍ത്ഥന മാനിച്ചു അക്കരയ്ക്കു കടക്കാതെ സൈന്യം അദ്ദേഹത്തെയും കൂട്ടി പോയി എന്നും അദ്ദേഹം വളരെ കാലം സുല്‍ത്താന്റെ വൈദ്യനായി കഴിഞ്ഞു . മരിച്ചപ്പോള്‍ അദ്ധേഹത്തിന്റെ അന്ത്യാഭിലാഷം നടപ്പാക്കാനായി മൃതദേഹം അച്ഛന്റെ തറവാട്ടില്‍ കൊണ്ട് വന്നു മുസ്ലിം മതാചാര പ്രകാരം സംസ്കരിക്കയും ചെയ്തു.(ഇന്നും ആ ദിവസത്തില്‍ അടുത്തുള്ള പള്ളിയിലെ ആള്‍ക്കാര്‍ വന്നു മത പരമായ ചട ങ്ങുകള്‍ നടത്താറുണ്ട്.)
  ഇതിന്റെ സത്യാവസ്ഥ എന്തായിരിക്കാം?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഈ ചെറിയ ലേഖനത്തിന് നല്ലൊരു അനുബന്ധക്കുറിപ്പ് സമ്മാനിച്ചതിന് ഒരുപാട് ഒരുപാട് നന്ദി. ഇത്തരം അറിവുകൾ ലഭിക്കുക എന്നതായിരുന്നു അപൂർണമായ ഈ ലേഖനം ചർച്ചക്കു വെച്ചതിലൂടെ ഞാൻ ആഗ്രഹിച്ചത്. ഇവിടെ പരാമർശിച്ച പുഴ ഏതാണ്. കോരപ്പുഴയാണെന്ന് ഊഹിക്കുന്നു. ടിപ്പുവിന്റെയും, ഹൈദരാലിയുടേയും കൈയ്യിൽ പെട്ടാൽ പിടിച്ച് മൈസൂർക്ക് കൊണ്ടുപോവുമെന്നും മതം മാറ്റുമെന്നും അന്ന് ആളുകൾ ഭയപ്പെട്ടിരുന്നു. ഹൈദരും, ടിപ്പുവും പ്രാദേശികഭരണത്തിന് ഏൽപ്പിച്ച അധികാരികൾ തങ്ങൾക്ക് അനഭിമതരാവുന്നവരെക്കുറിച്ച് ടിപ്പുവിനേയും ഹൈദരിനേയും അറിയിക്കുകയും, പട്ടാളം അവരെ മൈസൂരിലേക്ക് പിടിച്ച്കൊണ്ടുപോയി മതം മാറ്റുകയും ചെയ്യുന്ന ഒരു ഏർപ്പാട് അന്നു നിലവിലുണ്ടായിരുന്നു. ഒരു ശിക്ഷാവിധിയെന്നോണം നടപ്പിലാക്കിയിരുന്ന ഈ സമ്പ്രദായം ജനങ്ങളിൽ ഭയം വിതച്ച് അധികാരികൾക്കു വിധേയരായി നിൽക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചു. അവസാനത്തെ സാമൂതിരി ആത്മഹത്യ ചെയ്തതുപോലും ഹൈദരാലിയുടെ കൈയ്യിൽ പെട്ടാൽ പിടിച്ച് മൈസൂരിൽ കൊണ്ടുപോയി മതം മാറ്റുമെന്ന് ഭയന്നായിരുന്നു എന്ന് എം.ജി.എസ് നാരായണൻ ഒരു ലേഖനത്തിൽ പറയുന്നുണ്ട്...

   ഇല്ലാതാക്കൂ
  2. കോരപ്പുഴയുടെ ഒരു കൈവഴിയാണ് ആ പുഴ. മുത്താമ്പി, നടെരി ഒക്കെ ഒഴുകി നെല്ല്യാടിപുഴയായി അങ്ങനെ പോകുന്നു.ആരെയും ഭയമില്ലാതെ നടന്നിരുന്ന അച്ഛന്റെ ആ കാരണവര്‍ എന്തിനു മതം മാറി എന്നതിന് തറവാട്ടിലെ സ്ത്രീകളെ പട്ടാളക്കാര്‍ ഉപദ്രവിക്കാതിരിക്കാന്‍ എന്ന ഉത്തരമാണ് എനിക്ക് കിട്ടിയത്. ഒരാള്‍ ത്യാഗം ചെയ്തു ഒരു തറവാട് രക്ഷിച്ച കഥയായി ഇന്നും അത് സ്മരിക്കപ്പെടുന്നു. ടിപ്പുവിന്റെ പീരങ്കിയില്‍ നിന്നു തറവാട്ടു മുറ്റത്ത്‌ വന്നു വീണ ഒരു ഉണ്ട എന്റെ ചെറുപ്പകാലത്ത് അവിടെ കണ്ടിരുന്നു.ആ പുഴയ്ക്കു ഞങ്ങളുടെ വീട്ടിനടുത്ത് ഒരു പാലം ഉണ്ടായിരുന്നു അത് അന്ന് വലിച്ചു കളഞ്ഞതാണ് എന്ന് കേട്ടിട്ടുണ്ട്. ആ പാലത്തിന്റെ ഒരു അറ്റം ഉണ്ടായിരുന്നതിനാല്‍ ആകും തൊട്ടടുത്ത വീട് നില്‍ക്കുന്ന പുരയിടം പാലംതലക്കല്‍ എന്നാണു അറിയപ്പെട്ടിരുന്നത്.

   ഇല്ലാതാക്കൂ
  3. നെല്ല്യാടിക്കടവ് - ഏകദേശം സ്ഥലം മനസ്സിലായി. ആ ഭാഗത്തൊക്കെ സഞ്ചരിച്ചിട്ടുണ്ട്. വലിയൊരു ത്യാഗത്തിന്റെ കഥയാണ് പറഞ്ഞത്. ഇത്തരം അറിവുകൾ എനിക്ക് പുതിയതാണ്. അദ്ദേഹത്തെപ്പറ്റിയും, ആ പാലത്തെപ്പറ്റിയുമൊക്കെ കൂടുതൽ എഴുതി ബ്ലോഗിലൂടെ പങ്കുവെക്കൂ. പഴയ കാലത്തെക്കുറിച്ച് ചരിത്രപുസ്തകങ്ങളിലൊന്നും രേഖപ്പെടുത്താത്ത അമൂല്യസമ്പത്താണ് അത്തരം അറിവുകൾ .

   അനുബന്ധമായി തന്ന കുറിപ്പിന് നന്ദി പറയുന്നു

   ഇല്ലാതാക്കൂ
 6. ചരിത്രം മനസ്സിലാക്കാന്‍ നല്ലൊരു അവസരം. ഈ ശ്രമകരമായ ഉദ്യമത്തിന് നന്ദി മാഷേ.

  നല്ല ലേഖനം

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ലേഖനം നന്നായെന്നറിയുന്നത് സന്തോഷകരം ശ്രീ

   ഇല്ലാതാക്കൂ
 7. എൻ. എം. നമ്പൂതിരിയല്ലേ ഈ ചരിത്രങ്ങളൊക്കെ നന്നായി പഠിച്ച് അവതരിപ്പിച്ച ആൾ?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. താങ്കളെപ്പോലുള്ള ശ്രദ്ധേയരായ എഴുത്തുകാർ ഇതു വായിച്ചത് എനിക്ക് വലിയ അംഗീകാരമാണ്. എങ്ങിനെ നന്ദി പറയണം എന്നറിയില്ല. നമ്പൂതിരിസാർ കോഴിക്കോടിനെ നന്നായി പഠിച്ചിട്ടുണ്ട്. കോഴിക്കോടിന്റെ ചരിത്രം വിശദമാക്കി അദ്ദേഹം സംസാരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ ഞാൻ എഴുതിയ ലേഖനത്തിൽ നമ്പൂതിരിസാറിന്റെ നിരീക്ഷണങ്ങളിലേക്ക് അധികം പോയിട്ടില്ല .

   ഇല്ലാതാക്കൂ
 8. ഹൃദയം നിറഞ്ഞ ക്രിസ്ത്മസ് നവവത്സര ആശംസകൾ.......

  മറുപടിഇല്ലാതാക്കൂ
 9. ചരിത്രങ്ങൾ ചികഞ്ഞെടുത്ത് കോർത്തിണക്കി
  എന്നെപ്പോലെയുള്ള ചരിത്ര മണ്ടന്മാരെയൊക്കെ
  വിവരം വെപ്പിക്കുന്ന അസ്സൽ ലേഖനം
  അഭിനന്ദനങ്ങൾ കേട്ടൊ മാഷെ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എനിക്ക് അറിയാത്ത വിവരം മറ്റുള്ളവരിൽ നിന്ന് കിട്ടുക എന്നതാണ് സത്യത്തിൽ ഈ സാഹസത്തിന്റെ ഉദ്ദേശം :) . ഈ നല്ല അഭിപ്രായത്തിന് സ്നേഹവും സന്തോഷവും അറിയിക്കുന്നു

   ഇല്ലാതാക്കൂ
 10. വളരെ ഡീറ്റെയില്‍ ആയി കോഴിക്കോടിന്‍റെ സാമൂതിരി കാലഘട്ടം വിവരിച്ച ഈ അദ്ധ്യായം ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഒരു മുതല്‍കൂട്ടാണ്. എന്നെപ്പോലെ ചരിത്രം ഇഷ്ടപ്പെടുകയും എന്നാല്‍ അതില്‍ ഒട്ടും അവഗാഹം ഇല്ലാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം പലയിടങ്ങളില്‍ നിന്നും ശേഖരിച്ച് അടുക്കിയ ഈ കുറിപ്പ് ഒരു വലിയ നിധി തന്നെയാണ്. അനേകം വായനയുടെ അന്തസത്ത മാത്രം ഒറ്റയിരുപ്പില്‍ വായിക്കാനൊക്കുക ഒരു ഭാഗ്യം തന്നെയല്ലേ. മാഷിന്‍റെ ഈ ദൌത്യം ആനുകാലികങ്ങളില്‍ തുടര്‍ ലേഖനമായി വന്നിരുന്നെങ്കില്‍ ഒരുപാട് പേര്‍ക്ക് ഗുണം ചെയ്തേനെ. ഒന്ന് ശ്രമിച്ചുകൂടെ?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഡീറ്റയിൽ ചെയ്യുന്നതിനേക്കാൾ ഈ വിഷയത്തിൽ കൂടുതൽ അറിവുള്ളവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുക എന്നൊരു ഉദ്ദേശത്തോടെയാണ് ഞാൻ ഇതു പോസ്റ്റ് ചെയ്തത്. ചരിത്രമെഴുത്ത് എനിക്കു വഴങ്ങുന്നതല്ല എന്ന ഭയത്തോടെയാണ് ഞാൻ ഈ സാഹസത്തിനു മുതിർന്നത്. ജോസിന്റെ വാക്കുകൾ ആത്മവിശ്വാസം നൽകുന്നു .

   ഇല്ലാതാക്കൂ
 11. Really Enjoyed. അവിടെയും ഇവിടെയും ഒക്കെ കേട്ടകാര്യങ്ങളാണെങ്കിലും ഒരു അടുക്കും ചിട്ടയും വന്നു. ഇനി മറക്കൂല്ല. വലിയ ഉപകാരമായി. തികച്ചും ലളിതമായി, സങ്കീർണചരിത്രം പറഞ്ഞിരിക്കുന്നു. ഗ്രേറ്റ്, മാഷേ! നന്ദി.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. താങ്കളെപ്പോലുള്ള എഴുത്തുകാർ നല്ല വാക്കുകൾ പറയുമ്പോൾ ആത്മവിശ്വാസം വർദ്ധിക്കുന്നു

   ഇല്ലാതാക്കൂ
 12. ചരിത്രത്തിന്‍റെ പിറകിലേക്ക് സന്ജരിക്കുക എപ്പോഴും രസകരമായ അനുഭവങ്ങളാവും, ഇവിടെയും അത് അനുഭവപെട്ടു, പലപ്പോഴും ഞാനും ചിന്തിച്ചിരുന്നു ഒരു പാട് രാജവംശങ്ങള്‍ ഭരണം നടത്തിയിട്ടും കോഴിക്കോട് അത്തരത്തിലുള്ള സ്മാരകങ്ങള്‍ ഒന്നും ഇല്ലാതെ പോയത് എന്തെ എന്ന് , ഒരു സാമൂതിരി സ്കൂള്‍ ഉള്ളത് കൊണ്ട് ആ പേര് ഓര്‍മ്മിച്ചുപോവുന്നു , പിന്നെ കാപ്പാട് ഒരു ബീച്ചും, എങ്കിലും രാജകൊട്ടാരങ്ങളോ മ്യൂസിയങ്ങളോ ഒന്നും ഇല്ല ,എങ്കിലും ചരിത്രത്തിന്‍റെ വഴിത്താരകളില്‍ കോഴിക്കോട് വിശേഷങ്ങള്‍ പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒന്നാണ് താനും.!!. ഇതില്‍ ഏറാടി സഹോദരന്‍മാരെ കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ല എന്ന് പറഞ്ഞാല്‍ അതാണ്‌ സത്യം. ആ ചരിത്രം ഏറെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു, ചരിത്രം മറന്നുപോവുന്നവര്‍ക്കും മറക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഉപകാരപ്രദമായ ഒരു പോസ്റ്റ്‌ .

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കൊണ്ടോട്ടിയിൽ നിന്നെത്തിയ ഏറാടിമാരാണ് കോഴിക്കോട് സാമൂതിരിമാരായതെന്നു ചരിത്രം - കോഴിക്കോടിന്റെ ചരിത്രമന്വേഷിക്കൽ ഏറെ കൗതുകകരമായിരുന്നു - ഹൃദ്യമായി എന്നറിയുന്നത് സന്തോഷകരം ഫൈസൽ

   ഇല്ലാതാക്കൂ
 13. മറുപടികൾ
  1. ചരിത്രം വായിച്ചാൽ മാത്രം പോര സിയാഫ് - അത് ഇന്നിനെ വിലയിരുത്താനുള്ള ഒരു ഉപാധികൂടിയാണ് - വായിക്കാനെത്തിയതിൽ ഒരുപാട് സന്തോഷം

   ഇല്ലാതാക്കൂ
 14. ചരിത്രം ഇത്രയും രസമുള്ളതായി വായിക്കാൻ കഴിയുക, മനോഹരം മാഷേ..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനക്കും അഭിപ്രായത്തിനും വലിയ സന്തോഷം ജെഫു

   ഇല്ലാതാക്കൂ