കോഴിക്കോട് - ചരിത്രം, സമൂഹം, സംസ്കാരം ;ഭാഗം - ഒന്ന്






ചരിത്രപഠനങ്ങളുടെ അക്കാദമിക് രീതികള്‍ അറിയാതെ ഒരു ചരിത്രാന്വേഷണത്തിന് മുതിരുകയാണ്..... ജീവിക്കുന്ന പ്രദേശത്തിന്റെ ചരിത്രവും സംസ്കാരവും അറിയാനുള്ള കൗതുകം മാത്രമാണ് ഈ അന്വേഷണത്തിന്റെ മൂലധനം. സര്‍വ്വകലാശാലകള്‍ നിഷ്കർഷിക്കുന്ന ശാസ്ത്രീയമുറകൾ അറിയാത്ത ഒരു അന്വേഷണകുതുകിയുടെ അവിവേകത്തിന് പണ്ഡിതലോകം മാപ്പു നല്‍കുക....

കേവലം ഒരു ബ്ലോഗ് പോസ്റ്റില്‍ ഒതുങ്ങുന്നതല്ല കോഴിക്കോട് എന്ന നഗരത്തിന്റേയും, അതിന്റെ പ്രാന്തപ്രദേശങ്ങളുടേയും ചരിത്രകൗതുകങ്ങളും,സാംസ്കാരികത്തനിമകളും.... സമയവും സാഹചര്യവും ഒത്തിണങ്ങുന്ന മുറക്ക്  ഈ ചര്‍ച്ച തുടരണമെന്ന് ആഗ്രഹിക്കുന്നു. എന്റെ ധാരണകളില്‍ അപൂര്‍ണമായവ പൂര്‍ണമാക്കാനുംതെറ്റായവ തിരുത്താനുമുള്ള ഒരു ഉദ്യമമായി ഈ കുറിപ്പുകള്‍ കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു 

ചരിത്രത്തിന് ഒരു ആമുഖം

കടലിനോട് ചേര്‍ന്ന് ചുള്ളിക്കാടുകളും ചതുപ്പുനിലങ്ങളുമായി കിടന്നിരുന്ന പ്രദേശമായിരുന്നു ഒരുകാലത്ത് കോഴിക്കോട്.  ഐടി പാര്‍ക്കുകളും, ഷോപ്പിങ്ങ് മാളുകളും, മള്‍ട്ടിപ്ലക്സുകളുമായി അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഈ നഗരം ഒരുകാലത്ത് ചെറുകുന്നുകള്‍ നിറഞ്ഞ് കുറുനരികളും, പെരുമ്പാമ്പുകളും വിഹരിച്ചിരുന്ന വിജനപ്രദേശമായിരുന്നു എന്നത് പുതിയ തലമുറ ഒരുപക്ഷേ വിശ്വസിക്കുകയില്ല.

കോഴിക്കോട് തുറമുഖനഗരമായി വികസിച്ചത് സാമൂതിരിമാരുടെ കാലത്താണ്. കടലും പുഴയും ചേരുന്ന അഴിമുഖങ്ങള്‍ കപ്പലുകള്‍ക്ക് നങ്കൂരമിട്ടു കിടക്കാനും, തോണികളിലൂടെ കരയിലെത്താനും സൗകര്യമൊരുക്കി. കല്ലായിപ്പുഴയുടെ തീരം ലോകത്തിലെ പ്രധാന തടിവ്യവസായ കേന്ദ്രമായി പുരാതനകാലം മുതല്‍ അറിയപ്പെട്ടിരുന്നു. നിലമ്പൂരിലെയും, വയനാട്ടിലേയും., തേക്കും, ഈട്ടിയും, മഹാഗണിയും, മറ്റു തടിമരങ്ങളും കല്ലായിയിലെത്തിച്ച് പണിത്തരങ്ങളാക്കിമാറ്റി പല വിദേശനാടുകളിലേക്കും കൊണ്ടുപോയിരുന്നു. കല്ലായിയുടെ സമീപത്തുള്ള ബേപ്പൂരില്‍ ഈ മരങ്ങള്‍ ഉപയോഗിച്ച് പത്തേമാരികള്‍ നിര്‍മ്മിച്ചിരുന്നു. വിദേശികളായ സമുദ്രയാത്രികര്‍ ബേപ്പൂരിലെ പത്തേമാരികള്‍ അന്വേഷിച്ച് വന്നു. ചാലിയാര്‍ കടലില്‍ പതിക്കുന്ന അഴിമുഖത്തിന്റെ പ്രത്യേകത ബേപ്പൂരില്‍ കപ്പലുകള്‍ അടുപ്പിക്കാനും, പായ്ക്കപ്പലുകളെ നീറ്റിലിറക്കാനും സൗകര്യമൊരുക്കി. പരമ്പരാഗതരീതിയില്‍ ആശാരിമാര്‍ നിര്‍മ്മിച്ച് ഖലാസികളുടെ സഹായത്തോടെ കപ്പിയും, കയറുമുപയോഗിച്ച് അഴിമുഖം വഴി അറബിക്കടലിലിറക്കുന്ന ബേപ്പൂരിലെ പത്തേമാരികളുടെ  പ്രശസ്തി സാങ്കേതികവിദ്യ ഏറെ പുരോഗതി പ്രാപിച്ച ഈ കാലത്തും തുടരുന്നു.

AD 851 മുതൽതന്നെ അറബികളുമായും ചൈനക്കാരുമായും മറ്റ് വിദേശരാജ്യങ്ങളുമായും കോഴിക്കോടിന് വാണിജ്യബന്ധമുണ്ടായിരുന്നു. അന്ന് ഇന്ത്യയിലെ സുഗന്ധദ്രവ്യങ്ങളുടെ രാജ്യാന്തരകച്ചവടത്തിന്റെ കുത്തക അറബികൾക്കായിരുന്നു. കോഴിക്കോട് നിന്നാണ് അറബികൾ സുഗന്ധദ്രവ്യങ്ങൾ കൊണ്ടുപോയിരുന്നത്. 1342 ൽ കേരളം സന്ദര്‍ശിച്ച ഇബ്നുബത്തൂത്ത കോഴിക്കോട് തുറമുഖത്തെ കേരളത്തിലെ ഏറ്റവും വലിയ തുറമുഖമായി വിശേഷിപ്പിക്കുന്നുണ്ട്. ഇബ്നുബത്തൂത്ത വരുന്നതിനു തൊട്ട്മുമ്പ് 1341 ൽ പെരിയാറ്റിലുണ്ടായ വലിയ വെള്ളപ്പൊക്കത്തില്‍ അതുവരെ  ലോകത്തിലെ പ്രധാന തുറമുഖങ്ങളിലൊന്നായിരുന്ന കൊടുങ്ങല്ലൂര്‍ തുറമുഖം തകര്‍ന്നു പോയത് കോഴിക്കോടിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നതിന്  കാരണമായി.

1498 മെയ് 20 ന് പോർച്ചുഗീസ് സഞ്ചാരിയായിരുന്ന വാസ്കോഡഗാമ കോഴിക്കോട്ട് കപ്പലിറങ്ങി. പാശ്ചാത്യരുമായുള്ള വാണിജ്യബന്ധത്തിന്റെ വാതിലുകള്‍ മാത്രമല്ല അതോടെ തുറക്കപ്പെട്ടത്. പാശ്ചാത്യ സാമ്രാജ്യത്തിന്റെ കടന്നുവരവ് കൂടി ആയിരുന്നു വാസ്കോഡഗാമയുടെ ആഗമനം. ഇന്ത്യാചരിത്രത്തിന്റെ ഗതിമാറ്റിയെഴുതിക്കൊണ്ട് പാശ്ചാത്യസാമ്രാജ്യത്തിന് വാതിലുകള്‍ തുറന്നുകൊടുത്ത ഇതേ കോഴിക്കോട് നിന്നാണ് സാമ്രാജ്യത്തിനെതിരായ ആദ്യത്തെ പടവാള്‍ ഉയര്‍ന്നത് എന്നത് ചരിത്രത്തിന്റെ തമാശകളില്‍ ഒന്നാണ്

കോഴിക്കോട്ടെത്തുന്ന ഏത് അപരിചിതനേയും സല്‍ക്കരിക്കുകയും സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്യുന്ന തദ്ദേശിയരെക്കുറിച്ച് സഞ്ചാരികളും കച്ചവടക്കാരും ധാരാളം രേഖപ്പെടുത്തിയിട്ടുണ്ട്. ആതിഥ്യത്തിന്റെ ഈ മധുരം താനും അനുഭവിച്ചിട്ടുണ്ടെന്ന് വാസ്കോഡഗാമ രേഖപ്പെടുത്തി. പതിനാറാം നൂറ്റാണ്ടിലെ കോഴിക്കോടിന്റെ ചരിത്രമെഴുതിയ ഷേക്ക് സൈനുദ്ദീനും ഈ സൗഹൃദമനോഭാവം വിവരിക്കുന്നു

എന്നാല്‍ പോർച്ചുഗീസുകാരുടെ ലക്ഷ്യം ഈ ആതിഥ്യമധുരം നുകരലായിരുന്നില്ല... മലബാറിലെ കച്ചവടക്കുത്തക ഏതു വിധേനയും അറബികളില്‍നിന്ന് തട്ടിയെടുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഇതിനായി അവര്‍ അറബികളേയും, തദ്ദേശീയരായ മുസ്ലിങ്ങളേയും ആക്രമിക്കുകയും ഇവിടെനിന്ന് ആട്ടിയോടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അന്നു നാടുവാണിരുന്ന സാമൂതിരിയുടെ പടത്തലവന്മാരായ കുഞ്ഞാലിമരക്കാന്മാര്‍ പോർച്ചുഗീസുകാരുടെ ദുഷ്ടലാക്കുകളോട് സന്ധിചെയ്യാന്‍ തയ്യാറായിരുന്നില്ല. ദേശാഭിമാനികളായിരുന്ന  അവര്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ ധീരമായി പോരാടി. രക്ഷയില്ലാതായ പോര്‍ച്ചുഗീസുകാര്‍ സാമൂതിരയേയും കുഞ്ഞാലിമരക്കാന്മാരേയും പരസ്പരം ശത്രുക്കളാക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞുഅതിൽ അവർ വിജയിക്കുകയും ചെയ്തു.

സഞ്ചാരിയായ ഇബ്നുബത്തുത്ത കോഴിക്കോടിന്റെ വളര്‍ച്ചയെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഭരതത്തിന്റെ വാണിജ്യ കേന്ദ്രം എന്നാണ് ഇറ്റാലിയന്‍ സഞ്ചാരിയായിരുന്ന നിക്കോളോ കോണ്ടി കോഴിക്കോടിനെ വിശേഷിപ്പിച്ചത്.പതിനഞ്ചാം നൂറ്റാണ്ടില്‍ കോഴിക്കോട് സന്ദര്‍ശിച്ച അബ്ദു റസാക്ക് എന്ന അറബ് സഞ്ചാരി., അബീസിയ, സഞ്ചുബാര്‍ , സേര്‍ബാദ്, മലാക്ക, മക്ക, ഹിജാസ് എന്നിവിടങ്ങളിൽ നിന്നുള്ള ധാരാളം വ്യാപാരികള്‍ കോഴിക്കോട്ട് താമസിക്കുന്നെണ്ടെന്നും ലോകത്തിലെ എല്ലാ സാധാനങ്ങളം ഇവിടെ ലഭ്യമാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്

മലബാറിന്റെ പ്രകൃതിസൗന്ദര്യവും വാണിജ്യപ്രാധാന്യവും വിദേശികളെ മാത്രമല്ല സ്വദേശീയരേയും ആകര്‍ഷിച്ചിട്ടുണ്ട്.മൈസൂരിലെ ഹൈദരാലിയും, ടിപ്പു സുൽത്താനും മലബാര്‍ കീഴടക്കി കോട്ടകള്‍ കെട്ടിയത് ഇതുകൊണ്ടാണ് . മലബാറിന്റെ വാണിജ്യപ്രാധാന്യമാണ് മൈസൂര്‍ ആക്രമിക്കാന്‍ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ച ഘടകങ്ങളില്‍ ഒന്ന്. മൂന്നാം മൈസൂര്‍ യുദ്ധത്തില്‍ ടിപ്പുവിനെ തോല്‍പ്പിച്ച് ബ്രിട്ടീഷുകാര്‍ മലബാര്‍ കൈവശപ്പെടുത്തി. കോഴിക്കോടായിരുന്നു ബ്രിട്ടീഷുകാരുടെ ഭരണസിരാകേന്ദ്രം. തീരപ്രദേശങ്ങളില്‍ അവര്‍ പണ്ടികശാലകള്‍ കെട്ടി. കടലിൽ സിഗ്നല്‍ നല്‍കാനായി ലൈറ്റ്ഹൗസുകള്‍ നിര്‍മിച്ചു. കപ്പലുകളിൽ ചരക്ക് കയറ്റാനും, ഇറക്കാനുമുള്ള സൗകര്യത്തിനായി കോഴിക്കോടിന്റെ വടക്കും, തെക്കുമായി രണ്ട് കടല്‍പ്പാലങ്ങൾ പണിതു.  വരക്കല്‍ കടപ്പുറത്തിനു കിഴക്കുഭാഗത്തായി വെസ്റ്റ്ഹില്‍ , ഈസ്റ്റ്ഹില്‍ ഭാഗങ്ങളില്‍ ഭരണകേന്ദ്രവും സൈനിക ആസ്ഥാനവും അവര്‍ സ്ഥാപിച്ചു.

ജൈനരും, ബുദ്ധരും, പാഴ്സികളും, മാര്‍വാഡികളും, ചെട്ടികളും കുടിയേറിയതും തീരപ്രദേശങ്ങളിലും നഗരത്തിലും സ്ഥിരതാമസമാക്കിയതും ഇവിടുത്തെ വാണിജ്യസാധ്യതകള്‍ മുന്നിൽ കണ്ടുകൊണ്ടാണ്. നഗരത്തിന്റെ ഹൃദയഭാഗത്ത് വലിയങ്ങാടിക്ക് തെക്കുവശത്തായി അറുനൂറു വര്‍ഷത്തിലധികം പഴക്കമുള്ള ജൈനക്ഷത്രമുണ്ട്. പട്ടുതെരുവില്‍ നാനൂറ് വർഷത്തിലധികം പഴക്കമുള്ള ക്രിസ്തീയ ദേവാലയവും, മിഠായിത്തെരുവില്‍ പാഴ്സി ക്ഷേത്രവും, കുറ്റിച്ചിറയില്‍ എഴുനൂറു വര്‍ഷത്തിലധികം പഴക്കമുള്ള മുച്ചുന്തിപ്പള്ളിയും നിലകൊള്ളുന്നു. ലോകത്തിലെ ഒട്ടുമിക്ക മതാനുയായികളേയും ഇവിടെ കാണാനാവും, അവരുടെ ആചാരാനുഷ്ടാനങ്ങളും, വിശ്വാസരീതികളും കൂടിക്കുഴഞ്ഞ്., സാംസ്കാരങ്ങളുടെ സഹവര്‍ത്തിത്വത്തിനും, പാരസ്പര്യത്തിനും ഉദാത്ത മാതൃകയായി നിലകൊണ്ട പ്രദേശം ഇന്ത്യയില്‍ മറ്റൊന്നുണ്ടാവുമെന്നു തോന്നുന്നില്ല

മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ കേരളത്തിലെ മൂന്ന് പ്രധാന ഭൂപ്രകൃതിയും ഒന്നിച്ചു കാണുന്ന ജില്ലയാണ് കോഴിക്കോട്. കടലുണ്ടിപ്പുഴ, ചാലിയാർ, കല്ലായിപ്പുഴ, കോരപ്പുഴ, കുറ്റ്യാടിപ്പുഴ, മയ്യഴിപ്പുഴ എന്നിവ കോഴിക്കോടിനെ പ്രകൃതിരമണീയവും ജലസമ്പുഷ്ടവുമാക്കി അറബിക്കടലിൽ പതിക്കുന്നു

ഇവിടെ പറഞ്ഞ പല സംഭവങ്ങള്‍ക്കും ഒരുപാട്  പിന്നാമ്പുറക്കഥകളും, തുടര്‍ക്കഥകളുമുണ്ട്.  അവയുടെ  കൂടുതല്‍ വിശദീകരണങ്ങള്‍ തുടര്‍ന്നുള്ള ഭാഗങ്ങളിൽ അവതരിപ്പിക്കാമെന്ന് കരുതുന്നു. കോഴിക്കോടിന്റെ ചരിത്രത്തിന് ഒരു ആമുഖം മാത്രം ഇപ്പോൾ പറഞ്ഞുവെക്കുന്നു....

ഇനി ചിത്രങ്ങൾ സംസാരിക്കട്ടെ.......