കബനീനദിക്ക് ഇവിടെ മറ്റൊരു നിറമാണ്
ഒരു കാലത്തെ കേരളീയയുവത്വത്തിന്റെ വിപ്ളവമോഹങ്ങളുടേയും, സാംസ്കാരിക കൂട്ടായ്മകളുടേയും കഥ പറയുന്ന സിനിമയാണ് പി.എ ബക്കർ സംവിധാനം ചെയ്ത 'കബനീനദി ചുവന്നപ്പോൾ..'   വടക്കെ വയനാടിന്റെ രക്തപങ്കിലമായ ചരിത്രത്തോടും,സംസ്കാരത്തോടും കബനി അത്രയേറെ ബന്ധപ്പെട്ടു കിടക്കുന്നതുകൊണ്ടാവണം ബക്കർ ഇത്തരമൊരു പേര് തന്റെ സിനിമക്ക് നൽകിയത്.

തിരുനെല്ലിയിൽ നിന്ന് നോക്കിയാൽ ദൂരെ  ബ്രഹ്മഗിരി കാണാം. ബ്രഹ്മഗിരിയിലെ കൊടുമുടിയായ പക്ഷിപാതാളം മേഘപാളികളാൽ പൊതിഞ്ഞു നിൽക്കുന്നത് മനോഹരമായൊരു കാഴ്ചയാണ്. പക്ഷിപാതാളത്തിലെ നീരുറവകളിൽ നിന്നാരംഭിക്കുന്ന കാളിന്ദീനദി കബനിയുടെ പ്രധാന പോഷകനദിയാണ്.  തിരുനെല്ലിയിലെ പിതൃതർപ്പണം ഏറ്റുവാങ്ങി ഒഴുകുന്ന  പാപനാശിനി  കാളിന്ദിയിലേക്ക് ചേരുന്നു. പക്രംതളം മലയിൽനിന്ന് ഉത്ഭവിക്കുന്ന മാനന്തവാടിപ്പുഴ., മക്കിയാട് പുഴയേയും, പനമരം പുഴയേയും ഏറ്റുവാങ്ങി  കുറുവദ്വീപു കടന്ന് കാനനമധ്യത്തിൽ വെച്ച് കാളിന്ദിയുമായി ചേരുമ്പോൾ കബനി പൂർണരൂപം പ്രാപിക്കുന്നു

തിരുനെല്ലി വനാന്തരങ്ങൾ കേന്ദ്രീകരിച്ച് നടന്ന ഒരുപാട് സംഭവങ്ങൾക്ക് ഈ നദി സാക്ഷിയാണ്. പഴശ്ശിരാജാവിന്റെ ഒളിപ്പോർ സങ്കേതങ്ങൾ  കബനിയുടെ തീരത്തായിരുന്നു - പഴശ്ശിയുടെ സന്തതസഹചാരികളായിരുന്ന കുറിച്യപ്പോരാളികളുടെ രക്തംകൊണ്ട് ഈ നദി ചുവന്നുപോയ ഒരു കാലമുണ്ടായിരുന്നു...  വള്ളിയൂർക്കാവിലെ ഉത്സവത്തിന് അടിമക്കച്ചവടത്തിൽ വിലപേശാൻ ആദിവാസികളെ നിഷ്കരുണം വലിച്ചിഴച്ച് കൊണ്ടുപോയതിനും ഈ നദി സാക്ഷിയാണ് - നിസ്സഹായരായ മനുഷ്യജന്മങ്ങളുടെ ചോരവീണും ഈ നദിയിലെ ഓളങ്ങൾ ചുവന്നു തുടുത്തു... മാവോസേദൂങിന്റെയും, ചാരുമജൂംദാരുടേയും ആശയങ്ങളിൽ നിന്നും ആവേശം ഉൾക്കൊണ്ട  ഒരുകൂട്ടം യുവാക്കൾ അടിച്ചമർത്തപ്പെട്ടവന്റെ ആധിപത്യം സായുധസമരങ്ങളിലൂടെ സ്ഥാപിച്ചെടുക്കാമെന്ന വ്യാമോഹത്തോടെ യൗവ്വനം ഹോമിച്ചതും നദിയുടെ തീരത്താണ് - നടക്കാതെപോയ വിപ്ളവമോഹങ്ങളും നദിയെ ചുവപ്പിച്ചിട്ടുണ്ട്...  സഖാവ് വർഗീസ് പലതവണ കബനി നീന്തിക്കടന്ന് തിരുനെല്ലിയുടെ വന്യനിഗൂഢതയിൽ അഭയം പ്രാപിച്ചിട്ടുണ്ട് - ഏറ്റവും ദരിദ്രരായവരുടേയും, പാർശ്വവൽക്കരിക്കപ്പെട്ടവരുടേയും നല്ല നാളുകൾ സ്വപ്നം കണ്ട  ധീരനായ മനുഷ്യസ്നേഹിയുടെ ചോരകൊണ്ടും കബനി ചുവന്നിട്ടുണ്ട്...  

കേരളത്തിൽ വിപ്ളവസ്വപ്നങ്ങളുടെ ചുവന്ന പ്രതീകമാണ് കബനി.

എന്നാൽ തിരുനെല്ലിക്കാടുകൾ താണ്ടി കർണാടകയിലെത്തുമ്പോൾ കബനി ചുവന്ന പാവാട  മാറ്റുകയായി. കബനീനദിക്ക് ഇവിടെ മറ്റൊരു നിറമാണ്. കർണാടകത്തിൽ കബനി  ചാമരാജ് നഗറിലേയും, മൈസൂരിലേയും കാർഷിക സമൃദ്ധിയുടെ ജീവദായിനിയാണ് . കബനി അപ്പോൾ ചുവന്ന ചേലചുറ്റിയ കാട്ടുപെണ്ണിന്റെ ഭാവം വെടിഞ്ഞ് കന്നഡിക നാടോടിപ്പെൺകുട്ടിയായി മാറും.ഡക്കാൻ പീഠഭൂമിയുടെ മെയ് വഴക്കവും, സമതലങ്ങളുടെ സാന്ദ്രനീലിമയും, പാടശേഖരങ്ങളുടെ വൈക്കോൽ നിറവും ചേർന്ന സർവ്വാംഗമനോഹരിയാവും.


കർണാടകത്തിൽ കബനിയുടെ ഗ്രാമാന്തരങ്ങളിലൂടെ നടത്തിയ ഒരു യാത്രയുടെ ചിത്രങ്ങൾ പങ്കുവെക്കുകയാണ്

ഗുണ്ടൽപ്പേട്ട മൈസൂർ റോഡിൽ ബേഗൂർ കഴിയുമ്പോൾ ഇടത്തോട്ടുള്ള ചെറിയ വഴി കബനിയുടെ തീരത്തിലേക്കും,  ഗ്രാമഭംഗിയിലേക്കും കൂട്ടിക്കൊണ്ടുപോവുന്നു


കബനിയുടെ ഗ്രാമങ്ങളിലൂടെയുള്ള   ഈ വഴി നീളുന്നത് എച്ച്.ഡി കോട്ട എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഹെങ്കദേവൻ കോട്ടയിലേക്കാണ്. എച്ച് . ഡി കോട്ടയിൽ നിന്ന് ഹുൻസൂർ വഴി കുടകിലേക്കോ, ഹാസൻ ജില്ലയിലേക്കോ പോവാം


വിജനമായ നാട്ടുവഴിയിൽ ഇടക്ക് കാർഷിക വിളകൾ നിറച്ച കാളവണ്ടികൾ കാണാം . ഫലഭൂയിഷ്ടമായ കബനി നദീതടം സമൃദ്ധമായ കാർഷിക വിളവെടുപ്പിന്റെ കഥകൾ പറയും

 ഗ്രാമവീഥിയിൽ അപരാഹ്നവെയിലിലൂടെ - കർണാടക ഗ്രാമങ്ങളിൽ ഇത്തരം കാഴ്ചകൾ പതിവാണ്                     കബനീതടത്തിലെ പാടശേഖരങ്ങൾസൗമ്യം ,ശാന്തം, പ്രസന്നം - വന്യനിഗൂഢതകൾ താണ്ടി കർണാടകയിലെത്തുമ്പോൾ കബനി ചുവന്ന ചേലചുറ്റിയ കാട്ടുപെണ്ണിന്റെ ഭാവം വെടിഞ്ഞ് കന്നഡിക നാടോടിപ്പെൺകുട്ടിയായി മാറും. ഡക്കാൻ പീഠഭൂമിയുടെ മെയ് വഴക്കവും, സമതലങ്ങളുടെ സാന്ദ്രനീലിമയും,  പാടശേഖരങ്ങളുടെ വൈക്കോൽ നിറവും ചേർന്ന സർവ്വാംഗമനോഹരിയാവും.


                                 സർഗൂറിനടുത്ത് ബീച്ചനഹള്ളിയിലെ കബനി ഡാംശ്രീരംഗപട്ടണത്തെ ത്രിവേണി സംഗമം

ത്രിവേണി സംഗമം


എച്ച്.ഡി കോട്ട താലൂക്കിൽവെച്ച് താരക, നുഗു എന്നീ നദികളേയും ഏറ്റുവാങ്ങി കബനി കിഴക്ക് മൈസൂരിലെ ശ്രീരംഗപട്ടണത്തേക്ക് ഒഴുകുന്നു. പടയോട്ടങ്ങൾക്കും, ചരിത്രമുഹൂർത്തങ്ങൾക്കും സാക്ഷ്യം വഹിച്ച ശ്രീരംഗപട്ടണത്തെ ത്രിവേണി സംഗമത്തിൽവെച്ച് ചിക്കമംഗളൂരിൽ നിന്ന് ഒഴുകിയെത്തുന്ന ഹേമാവതി നദിയോടൊപ്പം കബനി കാവേരിയിൽ വിലയം പ്രാപിക്കുന്നു....