മരങ്ങളുടേയും പക്ഷികളുടേയും സംഗീതവും, പാലത്തിന്റെ ചാഞ്ചാട്ടവും ചേരുമ്പോൾ പ്രകൃതിമാതാവിന്റെ തൊട്ടിലിൽ ആടുന്ന തീരേചെറിയ കുട്ടികളായി നാം മാറും…....
- ഇത് നിലമ്പൂരിലെ ചാലിയാറും, അതിനു കുറുകേയുള്ള തൂക്കുപാലവും, കനോലി പ്ലാന്റേഷൻ എന്നറിയപ്പെടുന്ന വിശാലമായ തേക്ക് തോട്ടവും.....
നിലമ്പൂർ
നിലമ്പൂരിന്റെ പരിസരങ്ങളിലുള്ള മലമ്പ്രദേശങ്ങളും, കാടുകളും കേന്ദ്രീകരിച്ച് നിരവധി ആദിവാസി സമൂഹങ്ങളുണ്ട്. സോഷ്യോളജി വിദ്യാർത്ഥികൾക്ക് മനുഷ്യനെന്ന മഹാത്ഭുതത്തെക്കുറിച്ച് അറിവു പകരുന്ന വ്യത്യസ്ഥമായ ജീവിതവും, ഗോത്രാചാരങ്ങളും ഇവർ പിന്തുടരുന്നു. സാധാരണ മനുഷ്യരിൽനിന്ന് അകന്ന് ഉൾക്കാടുകളിൽ കഴിയാൻ ഇഷ്ടപ്പെടുന്ന ചോലനായ്ക്കന്മാർ ഇപ്പോഴും മുഖ്യധാരയിലെത്തിയിട്ടാത്ത ഇന്ത്യയിലെ വിരലിലെണ്ണാവുന്ന സമൂഹങ്ങളിലൊന്നാണ്.
ഫോറസ്റ്റ് റൂട്ട്സ്
ഫേറസ്റ്റ് റൂട്ട്സിലെ ആദ്യവരികൾ "നിങ്ങൾ ഒരു നല്ല മനുഷ്യനാണെങ്കിൽ അഞ്ചു വർഷത്തിൽ ഒരിക്കലെങ്കിലും ഒരു മരം നടണം" എന്ന ബുദ്ധവചനമാണ്. ഈ അടുത്തകാലത്ത് അദ്ദേഹം തനിക്കേറ്റവും പ്രിയപ്പെട്ട നിലമ്പൂർ വീണ്ടും സന്ദർശിക്കുകയുണ്ടായി.
കനോലി പ്ലോട്ട്
ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്ക് തോട്ടമാണ് കനോലി പ്ലോട്ട്. തോട്ടത്തിനുള്ളിലൂടെ നടക്കുമ്പോൾ പുരാതനമായ കാലത്തിൽ വേരുകളാഴ്ത്തി ഭാവിയുടെ ആകാശങ്ങളിലേക്ക് വളരുന്ന വംശാവലികളുടെ ഗാഥകൾ നമുക്ക് ഓർമ്മ വരും. മരങ്ങളാണ് ചരിത്രത്തിന്റെ യഥാർത്ഥ സൂക്ഷിപ്പുകാർ. ചരിത്രാതീത കാലത്തിൽ നിന്ന് ഉയർന്നു നിൽക്കുന്ന മാമരങ്ങൾ സംസ്കാരങ്ങളുടെയും, നാഗരികതകളുടേയും ഉദയത്തിനും, അസ്തമയത്തിനും ഒരു ചെറു പുഞ്ചിരിയോടെ സാക്ഷികളാവുന്നു....
തോട്ടത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ശിലാഫലകങ്ങളും, ബോർഡുകളും മറ്റൊരു റഫറൻസിന്റെ ആവശ്യമില്ലാത്തത്ര വ്യക്തതയോടെ ചരിത്രവും, വസ്തുതകളും തുറന്നു തരുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ ഡിസ്ട്രിക്ട് കലക്ടറായിരുന്ന 'എച്ച്.വി കനോലി' യാണ് ഇത്തരത്തിൽ ഒരു തേക്ക്തോട്ടം നട്ടു പിടിപ്പിക്കാൻ തീരുമാനമെടുത്തത്. അന്ന് നിലമ്പൂരിലെ സബ്-ഫോറസ്റ്റ് കൺസർവേറ്റർ ആയിരുന്ന 'ചാത്തുമേനോൻ' എന്ന വ്യക്തിയെ ഇതിനായി അദ്ദേഹം ചുമതലപ്പെടുത്തി.തോട്ടത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ശിലാഫലകങ്ങളും, ബോർഡുകളും മറ്റൊരു റഫറൻസിന്റെ ആവശ്യമില്ലാത്തത്ര വ്യക്തതയോടെ ചരിത്രവും, വസ്തുതകളും തുറന്നു തരുന്നു.
1846 ലാണ് തേക്ക് നടനുള്ള പദ്ധതി ആരംഭിച്ചതെന്ന് ചരിത്ര രേഖകളിൽ കാണുന്നു. ആ കാലയളവ് വെച്ച് നോക്കുമ്പോൾ ഇപ്പോൾ തോട്ടത്തിന് 169 വർഷം പ്രായമുണ്ട്. ലോകത്തിലെ ഏറ്റവും പ്രായമുള്ളതും വലുപ്പമുള്ളതുമായ തേക്കുകളുടെ കേന്ദ്രമായി ഇന്ന് ഇത് വികസിച്ചിരിക്കുന്നു.
ചിട്ടയോടെയുള്ള ഇത്തരത്തിലൊരു വനവൽക്കരണ പദ്ധതി ഇന്ത്യയിൽത്തന്നെ ആദ്യത്തേത് ആയിരുന്നു. പ്ലാന്റേഷന് ഉള്ളിലുള്ള 'കന്നിമാര' എന്ന തേക്കുമരം ഉയരംകൊണ്ടും, വ്യാസംകൊണ്ടും ലോകത്തിലെ ഏറ്റവും വലുതാണത്രെ. ഈ മരത്തിനു ചുറ്റും കെട്ടിയ തറക്കുള്ളിലാണ് ചാത്തുമേനോന്റെ ഭൗതികാവശിഷ്ടങ്ങൾ അടക്കം ചെയ്തിരിക്കുന്നത്.
രണ്ടാം ലോക മഹായുദ്ധ കാലത്ത് സഖ്യശക്തികളുടെ ആവശ്യങ്ങൾക്കായി ഇവിടെനിന്നും തേക്കുകൾ മുറിച്ചുമാറ്റി കൊണ്ടുപോവുകയുണ്ടായി. ബാക്കിയുള്ളത് ഇപ്പോൾ കേരള വനം വകുപ്പിന്റെ സംരക്ഷണയിലാണ്. ഇപ്പോൾ ഈ സ്ഥലം 'കാനോലീസ് പ്ലാൻറേഷൻസ്' എന്ന പേരിൽ ഗവേഷണ പ്രവർത്തനങ്ങൾക്കായുള്ള സംരക്ഷിത മേഖലയാണ്. തേക്കിനു പുറമെ അപൂർവ്വ ജനുസ്സിൽപ്പെട്ട മറ്റനേകം മരങ്ങളുടേയും, ചെടികളുടേയും, ജീവജാലങ്ങളുടേയും വൈവിധ്യം ഇവിടെ ആസ്വദിക്കാനാവും.
തോട്ടത്തിന്റെ ഒരു ഭാഗത്തുകൂടി രാജകീയ പ്രൗഢിയോടെ ചാലിയാർ ഒഴുകുന്നു. ചാലിയാറിന് കുറുകെയുള്ള തൂക്കുപാലം ഇപ്പോൾ 'നിലമ്പൂർ ഇക്കോ ടൂറിസം പദ്ധതി' യുടെ ഭാഗമാണ്. തോട്ടത്തിന്റെ മറ്റൊരു അതിരിലൂടെ 'കുറിഞ്ഞിപ്പുഴ' ഒഴുകിവന്ന് ചാലിയാറിനോട് ചേരുന്നു.
തേക്ക് മ്യൂസിയം
ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയം നിലമ്പൂരിലാണ്. കനോലി പ്ലാട്ടിൽ നിന്ന് ഗൂഡല്ലൂർ റൂട്ടിൽ രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ നിലമ്പൂർ പട്ടണമായി. വീണ്ടും നാലു കിലോമീറ്റർകൂടി അതേ പാതയിൽ സഞ്ചരിച്ചാൽ 'ബയോ റിസോർസസ് നാച്വർ പാർക്ക്' കാമ്പസ് കാണാം. ഈ കാമ്പസിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. 'കേരള ഫോറസ്റ്റ് റിസർച്ച് സെന്ററിന്റെ' സബ് സെന്ററായ ഈ മ്യൂസിയത്തിന്റെ രീതിയിൽ മറ്റൊന്ന് ഇന്ത്യയിൽ എവിടെയുമില്ല.
തേക്ക് വളർത്തുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളുടെ വിവരണവും, തേക്കിൽ നിർമ്മിച്ച പഴയകാല ഉപകരണങ്ങളുടെ പ്രദർശനവും രണ്ടു നിലകളിലായുള്ള ഈ കെട്ടിടത്തിൽ കാണാം. ചാത്തുമേനോൻ, എച്ച്,വി കനോലി തുടങ്ങിയവരുടെ വലിയ ഛായാചിത്രങ്ങളും മ്യൂസിയത്തിനുള്ളിൽ ഉണ്ട്.പുരാതനകാലം മുതലുള്ള തേക്കുതടികളുടെ വലിയ ശേഖരം ഇവിടെയുണ്ട്. മുഗൾ രാജവംശത്തിന്റെ ഉദയവും, അസ്തമയും കണ്ട തേക്കുതടികൾ നമ്മെ ചരിത്രത്തിന്റെ ഇടനാഴികളിലേക്ക് കൂട്ടിക്കൊണ്ട്പോവും.
ഒരു കാലത്ത് കേരളത്തിലെ ആഢ്യഗൃഹങ്ങളുടെ മുഖമുദ്രയായിരുന്നു തേക്ക്. തേക്കിൽ നിർമ്മിച്ച ഫർണിച്ചറുകളും,തേക്കുകൊണ്ടുള്ള സീലിങ്ങുകളും, തേക്കുപാകിയ നിലവുമൊക്കെ അത്തരം വീടുകളിൽ അനിവാര്യമായിരുന്നു. സ്വാതന്ത്ര്യത്തിനുമുമ്പ് ബ്രിട്ടീഷ് റോയൽ നേവിയുടെയും, റെയിൽവേയുടേയും, കപ്പൽ നിർമ്മാണത്തിന്റെയും ആധാരം നിലമ്പൂരിലെ തേക്കുതടികളായിരുന്നു. കോഴിക്കോട്ടെ 'കല്ലായി' ലോകത്തിലെ വലിയ മരവ്യവസായ കേന്ദ്രമായി ഉയർന്നതിൽ നിലമ്പൂരിലെ തേക്കുതടികൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.തേക്ക് മ്യൂസിയത്തിനു പുറത്തുള്ള വലിയ ഉദ്യാനം നല്ല രീതിയിൽ പരിപാലിക്കപ്പെടുന്നു. മനോഹരമായി ഒരുക്കിയ നിരവധി സസ്യജാലങ്ങളുടേയും, പുഷ്പഫലങ്ങളുടെയും കണ്ണിന് ഇമ്പമേകുന്ന വലിയൊരു ശേഖരം ഇവിടെയുണ്ട്. മുന്നൂറോളം ഇനം പൂമ്പാറ്റകളുടെ ഉദ്യാനവും ഈ കാമ്പസിന്റെ ഭാഗമാണ്.
ഊട്ടിയിലേയും, കൂനൂരിലെയും ഗാർഡനുകൾ തേടിപ്പോവുന്ന നാം, നാടുകാണിച്ചുരം എത്തുന്നതിനു മുമ്പ്, നമ്മുടെ തൊട്ടടുത്ത് ഇത്തരത്തിലുള്ള മികച്ച ഒരു ഉദ്യാനമുണ്ടെന്നത് കാര്യമായി ശ്രദ്ധിക്കാറില്ല. മുറ്റത്തെ മുല്ലക്ക് മണമില്ലെന്ന പഴഞ്ചൊല്ല് അന്വർത്ഥമാവുന്നത് ഇവിടെയാണ്.....