ഓണവേഷങ്ങള്‍ ......മാവേലിയാവാന്‍ ആരും തയ്യാറല്ല - നാണക്കേട്, അഭിമാനക്ഷതം,വിഡ്ഢിവേഷം കെട്ടുന്നതിന്റ കുറച്ചിൽ .......

ദിനേശനും, സജീവനും തങ്ങളുടെ പ്രണയിനികള്‍ കാണുന്നതിന്റെ നാണക്കേട്. ദാമോദരേട്ടന് ഭാര്യയോ ബന്ധുക്കളോ കണ്ടാല്‍ തന്റെ അഭിമാനം പോവുമെന്ന വേവലാതി. ശങ്കരേട്ടന് ഇത്രയും വലിയ ഔദ്യോഗിക പദവിയിലിരിക്കുന്ന താന്‍ വിഡ്ഢി വേഷം കെട്ടുന്നതിന്റെ കുറച്ചിൽ .

ചുരുക്കത്തില്‍ മാവേലിയാവാന്‍ ആരുമില്ല.....!!
ഓണാഘോഷമാണ് …!! മാവേലിയില്ലാതെ എന്ത് ഓണം !!

മേക്കപ്പ് മാന്‍ ഹര്‍ഷന്‍ രാവിലെതന്നെ സ്ഥലത്തെത്തിയിട്ടുണ്ട് . ഉത്രാടദിവസം സംഘടിപ്പിക്കാറുള്ള ഓണാഘോഷത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.

പൂക്കള മത്സരത്തിന് കേരളത്തനിമയുള്ള വേഷം ധരിച്ച യുവാക്കളും യുവതികളും മധ്യവയസ്കരുമൊക്കെ തയ്യാറെടുത്ത് നിരന്നു കഴിഞ്ഞു....- നല്ലൊരു മത്സരം നടക്കുമെന്ന് ഉറപ്പാണ്... അത്രയേറെ പൂവുകള്‍ ഇന്നലെ വൈകിട്ട് തന്നെ പാളയത്തെ പൂക്കടകളില്‍ ചെന്ന് വലിയ സഞ്ചികളില്‍ വാങ്ങിക്കൂട്ടി അതുമായാണ് ഓരോ ടീമും എത്തിയിരിക്കുന്നത്. കൂടാതെ സംഘാടകര്‍ തന്നെ ഏര്‍പ്പാടാക്കിയ ചില പൂക്കച്ചവടക്കാര്‍ ഹാളിനു പുറത്ത് സ്റ്റാളുകള്‍ തുറന്നിട്ടുണ്ട്. പുലര്‍ച്ചെയുള്ള കോയമ്പത്തൂര്‍ പാസഞ്ചറില്‍ തമിഴ് നാട്ടില്‍ നിന്ന് പൂവുമായി നേരിട്ടെത്തിയ കച്ചവടക്കാരയതുകൊണ്ട് ഫ്രഷ് ആയ പൂവ് കിട്ടും. അണ്ണാച്ചികളായതകൊണ്ട് വിലപേശി വാങ്ങാം. അണ്ണാച്ചികളെ എളുപ്പം പറ്റിക്കാം. അവര്‍ ഇരുനൂറ് പറയുന്നത്, വിലപേശി എണ്‍പതിനും എഴുപത്തഞ്ചിനുമൊക്കെ വാങ്ങാനാവും. മലയാളികളുടെ അത്ര ബുദ്ധിയില്ലാത്തതുകൊണ്ട് വില കുറച്ച് തരുകയും ചെയ്യും...

ഓണസദ്യക്കുള്ള ഒരുക്കങ്ങള്‍ റെഡിയാണ് - വിഭവ സമൃദ്ധമാണ് ഇത്തവണ ഓണസദ്യ. മിനിഞ്ഞാന്ന് സംഘാടക സമിതി പ്രസിഡണ്ട് സജീവേട്ടനും, സിക്രട്ടറി നാരായണനും കാറെടുത്ത് ബോണിക്കുപ്പയിലും,ഗുണ്ടല്‍പേട്ടയിലും പോയിരുന്നു. ഫ്രഷ് ആയ പച്ചക്കറികള്‍ കച്ചവടക്കാരില്‍ നിന്ന് നേരിട്ട് വാങ്ങി സ്ഥലത്തെത്തിച്ചിട്ടുണ്ട്. പച്ചക്കറിയുടെ കാര്യം ഇനി ഒരു പ്രശ്നമേ അല്ല.

ഹിന്ദുപ്പൂരില്‍ ., സ്റ്റേറ്റ് ബാങ്കില്‍ ജോലിചെയ്യുന്ന വിനോദ് നായര്‍ അവിടെനിന്ന് രണ്ട് ചാക്ക് അരി വാങ്ങി സ്വന്തം കാറില്‍ ബാംഗളൂരിലെത്തിച്ച്, കലാശിപ്പാളയത്തു നിന്ന് രാത്രി പുറപ്പെട്ട കല്ലട ട്രാവല്‍സ് ബസ്സിന്റെ ഡിക്കിയില്‍ കയറ്റി വിട്ടത് കോഴിക്കോട്ട് ബസ് നിര്‍ത്തിയിടുന്ന മാങ്കാവിലെ ഗാരേജില്‍ നിന്ന് എടുക്കാന്‍ ആളുപോയിട്ടുണ്ട്....

ഒന്നാം തരം റായലസീമ അരിയും, ബോണിക്കുപ്പയിലെ പച്ചക്കറിയും ഓണസദ്യയെ സ്വാദിഷ്ഠമാക്കും…..

എല്ലാം തയ്യാറാണ് .ഓണാഘോഷം ഗംഭീരമാവും എന്ന കാര്യം ഉറപ്പാണ്. പക്ഷേ.....

മാവേലിയാവാന്‍ ആരും തയ്യാറല്ല - നാണക്കേട്,  അഭിമാനക്ഷതം,വിഡ്ഢിവേഷം കെട്ടുന്നതിന്റ കുറച്ചിൽ .......

"മാവേലിയില്ലാതെ പറ്റില്ല.....” സംഘാടകസമിതി ജോയന്റ് സിക്രട്ടറി പ്രശാന്ത് തറപ്പിച്ചു പറഞ്ഞു -സാധരണ ഇന്‍സര്‍ട്ട് ചെയ്ത പാന്റും, സ്ട്രൈപ്പ്സ് ഷര്‍ട്ടും ധരിച്ച് എക്സിക്യുട്ടീവ് സ്റ്റൈലില്‍ നടക്കാറുള്ള സുമുഖനായ പ്രശാന്തിന് കസവുമുണ്ടും, സില്‍ക്ക് ഷര്‍ട്ടും ,നെറ്റിയിലെ ചന്ദനക്കുറിയും പ്രത്യേകമൊരു സൗന്ദര്യം നല്‍കുന്നുണ്ട്.

എന്തു ചെയ്യും.....

സംഘാടക സമിതിയുടെ വേവലാതി അറിയാതെ ഹാളിലും പുറത്തും ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

പതിവായി ജീന്‍സും ടോപ്പുമിടുന്ന പെണ്‍കുട്ടികളുടെ ദാവിണിയും ബ്ലൗസുമണിഞ്ഞ ചടുല ചലനങ്ങൾ രംഗത്തിന് മിഴിവേകി.....

മാവേലിയെ എവിടെ നിന്ന് സംഘടിപ്പിക്കും

പെട്ടെന്നാണ് എല്‍..സി കോടിപതിയായ സുരേഷിന്റെ തലയില്‍ ആശയം മുളച്ചത്. ഏത് കക്ഷികളെയും വീഴ്ത്തി പോളിസി എടുപ്പിക്കുവാന്‍ സമര്‍ത്ഥനാണ് സുരേഷ്. പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ അയാള്‍ക്ക് പ്രത്യേക മിടുക്കുണ്ട്....

"ഇതു തന്നെ എളുപ്പവഴി....”-  ആശയം പങ്കുവെച്ചപ്പോള്‍ എല്ലാവരും പിന്താങ്ങി.....

സമയം വൈകിയാല്‍ അവര്‍ മറ്റെവിടെയെങ്കിലും പോവും എന്നതുകൊണ്ട് മൂന്നു ബൈക്കുകളിലായി സംഘാടക സമിതിയുടെ ആറു ചെറുപ്പക്കാര്‍ പുതിയപാലത്തെ ബീഹാര്‍ പണിക്കാരുടെ താവളത്തിലേക്ക്  വേഗം പുറപ്പെട്ടു

ഭാഗ്യം - മേസ്തിരി സ്ഥലത്തുണ്ടായിരുന്നു

മേസ്തിരിക്ക് മലയാളവും ഹിന്ദിയും നന്നായി വഴങ്ങും. അയാളോട് കാര്യം പറഞ്ഞു.

"നിങ്ങളുടെ ആവശ്യത്തിന് തടിച്ച ശരീരവും , വീര്‍ത്ത വയറും, തുടുത്ത മുഖവും, വെളുത്ത ഉടലും വേണ്ടെ...!? "

"ശരിയാണല്ലോ - നമ്മുടെ ആള്‍ക്ക് തടിച്ച ശരീരവും, വീര്‍ത്ത വയറും, തുടുത്ത മുഖവും, വെളുത്ത ഉടലും വേണമല്ലോ...!?"- എല്ലാവരും ഒരിക്കല്‍ക്കൂടി പ്രതിസന്ധിയിലായി.

വീണ്ടും കൂടിയാലോചന....!

"വേഗം പറയണം. എല്ലാവരേയും അയച്ചു കഴിഞ്ഞു . പത്തുപേരെ ഇനി ബാക്കിയുള്ളു . ഇതാ ഒരിടത്ത് മലിനജലമൊഴുകുന്ന ഓട വൃത്തിയാക്കാന്‍ പണിക്കാരെ തേടി ആളു വന്നിരിക്കുന്നു. മൂന്നു പേരെ അങ്ങോട്ടു വിടുന്നു.....”

"വെളുത്ത ഉടലിന്റെ കാര്യം ഹര്‍ഷന്‍ നോക്കിക്കൊള്ളും...അതു പ്രശ്നമല്ല"

"വയല്‍പ്പണിക്ക് നാലുപേരെ അയക്കുന്നു. വേഗം പറയണം. ഇനി മൂന്നുപേരെ ബാക്കിയുള്ളു...”

"പൗരുഷമില്ലാത്ത ബീഹാറികള്‍ക്ക് കുടവയറില്ലാതെ പോയതാണ് പ്രശ്നം..”

"ഒരിടത്ത് കോണ്‍ക്രീറ്റ് പൊളിക്കാന്‍ രണ്ടുപേരെ പറഞ്ഞയക്കുന്നു. ഇനി ഒരാള്‍ കൂടിയെ ബാക്കിയുള്ളു...”

"നമ്മള്‍ മലയാളികളുടെ ഐശ്വര്യവും, വൃത്തിയും, സൗന്ദര്യവും ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനക്കാര്‍ക്കുമില്ല..”

വേവലാതി പിടിച്ച ചര്‍ച്ച പൊതുവായ ഇന്ത്യന്‍ സാഹചര്യത്തെക്കുറിച്ചും ., മലയാളിയുടെ മികവ്, സാക്ഷരത, രാഷ്ട്രീയ അവബോധം., പത്രവായന, സുചിത്വശീലങ്ങള്‍, എന്നിവയെക്കുറിച്ചുമായി....

"ഇതാ മറ്റൊരിടത്ത് കക്കൂസ് ടാങ്ക് വൃത്തിയാക്കാന്‍ അവസാനത്തെ ആളെയും പറഞ്ഞയക്കാന്‍ പോവുന്നു...”

ആറുപേരും ചര്‍ച്ചയുടെ തിരക്കിലായിരുന്നു. മലയാളിയുടെ ഉയര്‍ന്ന ബൗദ്ധിക നിലവാരത്തെക്കുറിച്ച് ഒന്നാമന്‍ പറഞ്ഞു. മികച്ച സോഫ്റ്റ് വെയര്‍ എഞ്ചിനീയറിങ്ങ് കഴിവുകളെക്കുറിച്ച് പറഞ്ഞ് രണ്ടാമന്‍ ചര്‍ച്ചയില്‍ സജീവമായി. രണ്ടു നേരവും നല്ല സോപ്പ് തേച്ച് കുളിക്കുകയും, ഭംഗിയായി വസ്ത്രം ധരിക്കുകയും ചെയ്യുന്ന ശീലത്തെക്കുറിച്ചായി മൂന്നാമന്‍..... വെടിക്കല, കുടവയര്‍ , വെളുത്തുരുണ്ട ശരീരം എന്നിങ്ങനെ മലയാളത്തനിമയെക്കുറിച്ചായി നാലാമന്‍.....

"അവസാനത്തെ  ആളെയും പറഞ്ഞയക്കുന്നു.....”

- മേസ്തിരിയുടെ ശബ്ദം കേട്ടാണ് അവര്‍ ചര്‍ച്ചയില്‍ നിന്ന് ഉണര്‍ന്നത്.

നോക്കുമ്പോള്‍ മെലിഞ്ഞുണങ്ങിയ ഒരു രൂപം, തോര്‍ത്തുമുണ്ടുടുത്ത് മാലിന്യം നീക്കാനുള്ള  കൈക്കോട്ടും ബക്കറ്റുമായി കൊണ്ടുപോകാന്‍ വന്ന ആളോടൊപ്പം ഇറങ്ങാന്‍ തുടങ്ങന്നു.....

"അയാള്‍ കൂടി പോയാല്‍ നമ്മുടെ ഓണാഘോഷം.....” സുഭാഷ് പെട്ടെന്നു ഇടപെട്ടു . "മേസ്തിരീ  ചതിക്കരുത് അയാളെ ഞങ്ങള്‍ക്കു തരണം.....”

"ഇല്ല – ഞാനിയാളെ വേറെ പണിക്ക് അയക്കാന്‍ തീരുമാനിച്ചു....”

സ്വകാര്യമായി വിളിച്ച് അഞ്ഞൂറു രൂപ കമ്മീഷനു പകരം ആയിരം രൂപ കൊടുക്കാമെന്നു പറഞ്ഞതോടെ മേസ്തിരി സമ്മതിച്ചു. കക്കൂസ് മാലിന്യം നീക്കാന്‍ വന്നയാളോട് അടുത്ത ദിവസം വരാന്‍ പറഞ്ഞ് , ആയിരം രൂപ കമ്മീഷനും, ഇരുനൂറു രൂപ കൂലിയും മുന്‍കൂറായി വാങ്ങിവെച്ച് ബീഹാറുകാരന്‍ രാംസിങ്ങിനെ മവേലിപ്പണിക്കായി വിട്ടുകൊടുത്തു …..

ഓണാഘോഷം പൊടിപൊടിക്കുകയാണ്

നാടന്‍പാട്ട് മത്സരം ആരംഭിക്കുകയായി.....

"പൂവിളിപ്പാട്ടിന്‍ ചിറകുകളില്‍
വസന്തഗീതികയുണരുന്നു
ചിങ്ങമാസ നിലാവിലലകളില്‍
മലയാളക്കര ഉണരുന്നു 
ഓഹോഹോ....."

ബോബ് ചെയ്ത മുടിയും ലിപ്-സ്റ്റിക് അണിഞ്ഞ ചുണ്ടുമായി മലയാളി മങ്കമാരും., മുണ്ടും, ഷര്‍ട്ടും, സ്വര്‍ണമാലയും ധരിച്ച സുമുഖരായ ചെറുപ്പക്കാരും ചേര്‍ന്ന സംഘങ്ങള്‍ താളമേളങ്ങളില്‍ ലയിച്ച് പാടി…..

ഗാനവീചികള്‍ അലയടിക്കുകയാണ്

അപ്പോള്‍ ഹര്‍ഷന്‍ എന്ന മേക്കപ്പ്മാന്റെ വിദഗ്ദ്ധമായ കരവിരുതില്‍ രാംസിങ്ങ് എന്ന മെലിഞ്ഞുണങ്ങിയ ബീഹാറി മാവേലിയായി മാറിക്കൊണ്ടിരുന്നു....

"അല്‍പ്പം ചരിഞ്ഞു നില്‍ക്കൂ..." - മഞ്ഞപ്പട്ടിന്റെ കച്ച ഉടുപ്പിക്കുന്നതിനിടയില്‍ ഹര്‍ഷന്‍ മാവേലിയോട് പറഞ്ഞു

കണ്ണു മിഴിച്ചു നിന്ന മവേലിയോട് ദ്വിഭാഷിയായി സഹായത്തിനു നിന്ന  സുന്ദരന്‍ മാഷ് അത് ഹിന്ദിയിൽ പറഞ്ഞു കൊടുത്തു......

-  വൈകുന്നേരം കിട്ടാന്‍ പോവുന്ന ഇരുനൂറു രൂപയെക്കുറിച്ചും., ബീഹാറിലെ തന്റെ കുഗ്രാമത്തിലെ വരണ്ടുണങ്ങിയ ചോളവയലുകളെക്കുറിച്ചും ഓര്‍ത്തുകൊണ്ട് രാംസിങ്ങ് ചരിഞ്ഞു നിന്നു....26 അഭിപ്രായങ്ങൾ:

 1. കോഴിക്കോട്ടെ ബീച്ച് റോഡിൽ വെച്ച് ഞാനയാളെ ശരിക്കും കണ്ടു. മൊബൈൽ ക്യാമറയിലും, മനസ്സിലും ആ ചിത്രം പതിഞ്ഞു....

  മറുപടിഇല്ലാതാക്കൂ
 2. മാഷേ ... അങ്ങിനെ മാവേലിയും ബീഹാറീന്ന് .

  നല്ല പാൻ പരാഗും ചവച്ചു തുപ്പി ഒരു ബീഹാറിയൻ മാവേലി തകർത്തു കാണും .

  ഇഷ്ടായി ട്ടോ കഥ . കഥയിലെ കാര്യവും .

  പിന്നെ ഓണാശംസക

  മറുപടിഇല്ലാതാക്കൂ
 3. ആഹ്‌..മാഷേ..മനസ്സിന്റെ വരമ്പിലൂടെ നിയ്ക്കും കാണാം ഓലക്കുടയും ചൂടി വരണ്ട ചോള വയലിലേയ്ക്ക്‌ മനകണ്ണുകൾ പായ്ക്കുന്ന മാവേലിയെ.. സത്യത്തിൽ മാവേലിയ്ക്ക്‌ ബിഹാരി മാവേലിയുടെ രൂപമാണെന്ന് അറിയാൻ കഴിഞ്ഞു.. ആ മാവേലിയെ കൊഴുപ്പിച്ച്‌ റീസന്റ്‌ മാവേലിയാക്കിയതാണു പോലും :) പറയുന്ന കഥകൾ രസകരമായി വായിച്ചിരുന്നു പോവുന്നുവെങ്കിലും പിന്നീടറിയാനാവുന്നു കഥയിലെ നൊമ്പരക്കാഴ്ച്ചകൾ.. നന്ദി മാഷേ.. വൈകിയെങ്കിലും ന്റേൻ ഹൃദയം നിറഞ്ഞ ഓണാശംസകൾ..!

  മറുപടിഇല്ലാതാക്കൂ
 4. കഴിഞ്ഞ തവണ ഓഫീസിലെ ഓണാഘോഷത്തിൽ തമിഴനായിരുന്നു മാവേലി..അവനു മലയാളം അറിയാവുന്നതു കൊണ്ട് അഡ്ജസ്റ്റ് ചെയ്തു

  മറുപടിഇല്ലാതാക്കൂ
 5. പ്രജകളെല്ലാം ഒന്ന് പോലെയിരിക്കുമ്പോള്‍ മാവേലി മാത്രം പൂജ്യം പോലെയിരിക്കുന്നതും ശെരിയല്ലല്ലോ. നമുക്ക്‌ ഈ മാവേലി മതി

  മറുപടിഇല്ലാതാക്കൂ
 6. പ്രദീപേ, ഒന്ന് പതുക്കെപ്പറയൂ
  ചൈനക്കാരെങ്ങാനും കേട്ടാല്‍ അടുത്ത വര്‍ഷം മുതല്‍ കര്‍ക്കിടകം അവസാനമാവുമ്പോഴേയ്ക്കും ചൈനീസ് മാവേലികളെക്കൊണ്ട് നിറയും കേരളം!

  മറുപടിഇല്ലാതാക്കൂ
 7. ഓണാഘോഷവും ഇനി ബീഹാറിൽ വെച്ചാക്കിയാലെന്താ?

  മറുപടിഇല്ലാതാക്കൂ
 8. അതിജീവനം ഒരു ചോദ്യചിന്ഹമാവുമ്പോള്‍ ഏതു വേഷം കെട്ടാനും അന്യദേശക്കാര്‍ തയ്യാര്‍. അവന്‍ കിട്ടുന്ന വേതനം വരണ്ടുണങ്ങിയ ഗോതമ്പ് വയലുകളിലേക്ക് മിഴികള്‍ തുറന്നിരിക്കുന്ന അവന്റെ മാതാപിതാക്കള്‍ക്ക് എത്തിക്കും. നാനാ തുറകളിലും അപചയം നേരിടുന്ന ഒരു നാട്ടിലെ യുവത സ്വായത്തമാക്കേണ്ട ചില പാഠങ്ങള്‍ രാംസിങ്ങുമാര്‍ നമ്മുടെ മുറ്റത്തെത്തി പകര്‍ന്നു നല്‍കുന്നു എന്നതാണ് സത്യം. എന്നിട്ടും നാം പടിക്കാത്തതെന്തേ എന്നതു ചോദ്യമായിതന്നെ അവശേഷിക്കുന്നു.

  നല്ല കഥ എന്നല്ല നാടിന്റെ കാലികമായ ചില പതനങ്ങളുടെ പകര്‍ത്തെഴുത്ത് എന്ന് ഇതിനെ ഞാന്‍ വിളിക്കട്ടെ.

  ആശംസകള്‍ .... മാഷേ

  മറുപടിഇല്ലാതാക്കൂ
 9. മാഷെ ഇങ്ങിനെ ഒരു പോസ്റ്റ്‌ ഞാന്‍ ആരങ്കിലും എഴുതും എന്ന് പ്രതീക്ഷിച്ചിരുന്നു, നാം മടിയന്‍ മാരാകുന്നു, ഇപ്പോള്‍ എല്ലാ
  ത്തിനും നമുക്ക് മറ്റുള്ളവരെ ആശ്രയിക്കണം ,കേരളമാകെ ബംഗാളി -ബീഹാര്‍ വല്‍ക്കരണം ആവുന്നു എന്ന് വേണം കരുതാന്‍.

  മറുപടിഇല്ലാതാക്കൂ
 10. പണയം വെക്കപ്പെടുന്ന മലയാളിയുടെ ശീലങ്ങള്‍., നയിച്ചുണ്ടാക്കിയിരുന്നത് നഷ്ടപ്പെട്ടശേഷം അന്യ ദേശത്തു നിന്നും 'നയിച്ചു' കൊണ്ട് വരുന്നു . ആഘോഷത്തിനായി. ഇനി അതും കിട്ടാനില്ലാത്ത ഒരവസ്ഥയിലേക്കു എത്തുന്ന ആ നിമിഷത്തെക്കുറിച്ചും നമുക്ക് അഭിമാനകരമായി ഒരു ചര്‍ച്ച ആയാലോ ? ശരിക്കും ചിന്തിപ്പിക്കുന്ന രചന മാഷേ... കുറിക്കു കൊല്ലുള്ള ആയുധം !

  മറുപടിഇല്ലാതാക്കൂ
 11. അന്യസംസ്ഥാന മാവേലി......
  നന്നായിട്ടുണ്ട്.. :)

  മറുപടിഇല്ലാതാക്കൂ
 12. ഇത്ര കറക്റ്റ് ആയി എല്ലാ കാര്യങ്ങളും ആരും പറഞ്ഞിട്ടുണ്ടാവില്ല ..ഇന്നിന്‍റെ നേര്‍ക്കാഴ്ച ...അഭിനന്ദനീയം ..പറയാതെ വയ്യ ചേട്ടാ ..നിങ്ങള്‍ കിടു .....ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 13. ചില അപ്രിയ സത്യങ്ങള്‍.,സത്യം പറഞ്ഞാല്‍ എനിക്കും നാണക്കേട്‌ തോന്നിയിട്ടുണ്ട് മാവേലി വേഷം കെട്ടുന്നതില്‍.,ഇതുവരെ ചെയ്തിട്ടില്ലെങ്കിലും.പലപ്പോഴും മാവേലിയെ കാണുമ്പോള്‍ ഓര്‍ക്കാറുണ്ട് ഇദ്ദേഹത്തിനെങ്ങനെ ഈ രൂപം വന്നുവെന്ന്.ഒരു അസുരന്‍റെ ശരീര പ്രകൃതിയാണോ ഇത്?ഒരു കൊമ്പന്‍ മീശയല്ലാതെ ഒരു പരമ്പരാഗത അസുര ലക്ഷണവും കാണാനില്ല.ചില മാവേലികളൊക്കെ പൂണൂലും ധരിച്ചു കാണുന്നു.അസുരനെങ്ങനെ ബ്രാഹ്മണ നാകും?

  നല്ല കഥ മാഷെ.

  മറുപടിഇല്ലാതാക്കൂ
 14. എല്ലാം ഇപ്പൊ പുറത്തീന്നാണല്ലോ, ഹൊ ഇനി എന്തൊക്കെയോ കാണാൻ ഇരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 15. എഴുത്തല്ല - സംഭവമാണ് ഇഷ്ടമായത്.
  ഒരു പാട് ചോദ്യങ്ങള ബാക്കിയാവുകയാണ്. ഭാവിയെക്കുറിച്ച്.
  സന്തോഷം മാഷെ

  മറുപടിഇല്ലാതാക്കൂ
 16. ഓണം വേണം മാവേലിയാകാന്‍ നാണക്കേടും... പിന്നെ കഥയില്‍ പറഞ്ഞ ഓരോ കാര്യങ്ങളും മലയാളിക്കുള്ള ഒരു കുത്ത് ആണ്... കൊള്ളാം, ഓണസദ്യ ഉണ്ട് വായിക്കാന്‍ പറ്റിയ പോസ്റ്റ്‌ തന്നെ :)

  മറുപടിഇല്ലാതാക്കൂ
 17. പ്രതീപ് സാർ ഇവിടെ വരച്ചിട്ടത് നമ്മുടെ നാടിന്റെ ഒരവസ്ഥയാണ് മറു നാട്ടിൽ ഏതു ജോലിയും ചെയ്യുന്ന മലയാളിക്ക് സ്വന്തം നാട്ടിൽ പല പണിയും എടുക്കാൻ മടിയാണ്, ഇവിടെ കഥയിൽ മാവേലി ഒരു പ്രതീകം മാത്രമാണ്, ജോലിയിൽ മാത്രമല്ല നമ്മുടെ സാംസ്കാരിക പൈത്രുകങ്ങളും കേരളത്തനിമയും കാത്തു സൂക്ഷിക്കുന്നതിലും മലയാളി പിറകോട്ടു പോകുന്ന ഭയാനകമായ ഒരു സന്ദേശം കൂടി പ്രതീപ് സാർ ഈ കഥയിലൂടെ നമുക്ക് നല്കുന്നുണ്ട്, അല്പം ഹാസ്യത്തോടെ യാണ് അവതരിപ്പിച്ചതന്കിലും ചിന്തിക്കാൻ ഒത്തിരിയുണ്ട്. കാർഷിക വിളവെടുപ്പിന്റെ ഉത്സവം കൂടിയായ ഓണത്തിനു ഓണസദ്യക്കു അരി പുറമേ നിന്ന് പച്ചക്കറി പുറമേ നിന്ന് പിന്നെ പൂക്കളമിടാൻ പൂവും പുറമേ നിന്ന്, പിന്നെ മാവേലി മാത്രം എന്തിനു ഇനി കേരളത്തിൽ നിന്ന് അല്ലെ !!!!
  പ്രതീപ് സാറിന്റെ നല്ല കഥകൾക്ക് വേണ്ടി ഇനിയും കാത്തിരിക്കാം ...

  മറുപടിഇല്ലാതാക്കൂ
 18. ഒന്നും പറയാനില്ല പോസ്റ്റിനെ കുറിച്ച്. വാക്കുകളോരോന്നും തിരിഞ്ഞു നിന്ന് കൊഞ്ഞനം കുത്തുന്നു മലയാളി എന്ന എന്റെ നേരെ നോക്കി. അഭിനന്ദനങ്ങൾ പ്രദീപേട്ടാ..

  മറുപടിഇല്ലാതാക്കൂ
 19. ബീച്ചില്‍ വച്ച് മാഷാ മാവേലിയെ വിടാതെ നോക്കുന്നത് കണ്ടപ്പോളെ ഞാനൊരു പോസ്റ്റ്‌ ഉറപ്പിച്ചതാ...
  ജോറായി !!!!

  മറുപടിഇല്ലാതാക്കൂ
 20. കഥയിലെ കാര്യം ഗൌരവമാര്‍ന്നതുതന്നെ. ഇഷ്ടായി ഈ നേര്‍ക്കാഴ്ച്ച.

  മറുപടിഇല്ലാതാക്കൂ
 21. മലയാളിയുടെ ബൌദ്ധിക നിലവാരം ശരിക്കും സ്പഷ്ട്ടമാക്കി
  തരുന്ന ഒരു ഓണക്കാഴ്ച്ച തന്നെയാണ് കേട്ടൊ മാഷെ ഈ ‘ഓണവേഷങ്ങൾ’

  മറുപടിഇല്ലാതാക്കൂ
 22. I think he is the real resurgent bali! The Bali, this time from Bihar, has come back to get suppressed once again by the many Vamanas of the God's own country. The sarcasm in the story is highly laudable..

  മറുപടിഇല്ലാതാക്കൂ
 23. ഈ വിഷയം ഇന്ന് കൂടി ഞാൻ ആരോടോ പറഞ്ഞതേയുള്ളൂ .. മാതൃഭൂമിയിൽ പുലി കളിയുടെ ഫോട്ടോ കണ്ടിരുന്നു ..പലരും ബീഹാറികൾ ആയിരുന്നു എന്ന സംശയം ഇത് വായിച്ചപ്പോൾ കൂടി . ഹ ഹാ ..എന്താ പറയ്വാ പറയ്വാ .. ഈ അടുത്ത് പത്രത്തിൽ തന്നെ വായിച്ചിരുന്നു കേരളത്തിൽ സ്പോക്കൻ ഹിന്ദി ക്ലാസുകളുടെ എണ്ണം കൂടി വരുകയാണ് എന്ന് .. അത് പോലെ ആരോ ഫെയ്സ് ബുക്കിൽ ചോദിച്ചതായി ഓർക്കുന്നു, മാവേലി ശരിക്കും കുട വയറനായിരുന്നോ ? എന്തായാലും പ്രദീപേട്ടന്റെ ഈ എഴുത്ത് നല്ലൊരു ആനുകാലിക ഓണ രംഗാവിഷ്ക്കാരമാണ്. വൈകിയ വേളയിലെ ഓണം ആശംസകൾ എന്റെ വക ..

  മറുപടിഇല്ലാതാക്കൂ
 24. അഭിനന്ദനങൾ പ്രദീപ്‌ ഏട്ടാ ...
  ഓണം വേണം ...
  ഒഴിവും വേണം ...
  പിന്നെ റെഡി മൈഡ് സന്ധ്യക്ക്‌ ഒരു ഓർഡർ നൽകിടേണം
  വിഡ്ഢി പെട്ടിയിലെ കാഴ്ചകൾ കണ്ടു മയങ്ങീടണം
  സസ്നേഹം
  ആഷിക്ക് തിരൂർ

  മറുപടിഇല്ലാതാക്കൂ