വിഡ്ഢിവേഷം കെട്ടിയ രാജാവ് അഥവാ അഭിപ്രായം ഇരുമ്പുലക്കയല്ല...

 സാഹിത്യസംബന്ധിയായ ചില അളവുകോലുകൾവെച്ച് അങ്ങേയറ്റം ബുദ്ധിപരമായി അളന്നു നോക്കുമ്പോൾ ഇത്തരം കഥകളെ പണ്ഢിതോത്തമന്മാരായ നിരൂപകർ പുരാണകഥകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയേക്കാം. അതുകൊണ്ട് പുരാണകഥകളുടെ പതിവനുസരിച്ച് ഒരിടത്തൊരിടത്ത് എന്ന മട്ടില്‍ത്തന്നെ കഥ ആരംഭിക്കുന്നു....

ഒരിടത്തൊരിടത്ത് ഒരു ഇടത്തരം പട്ടണത്തിലെ തെരുവോരത്തുവെച്ച് , 'വിഡ്ഢിവേഷം കെട്ടിയ രാജാവ്....' എന്ന ബ്ലോഗിലൂടെ നിരന്തരം എഴുതുന്ന ഒരെഴുത്തുകാരനും,ശിവകാശി കലണ്ടറുകളിലെ ദൈവങ്ങളോട്  രൂപസാദൃശ്യമുള്ള  മുഖമുള്ള കുഞ്ഞപ്പന്‍ എന്ന സാധാരണ മനുഷ്യനും കണ്ടുമുട്ടി.

    പുരാണകഥകളുടെ രീതിശാസ്ത്രമനുസരിച്ച് അവര്‍ക്ക് സംസാരിക്കാതെ വയ്യല്ലോ.....

കുഞ്ഞപ്പന്‍ : നിങ്ങളുടെ മാധ്യമം ?

എഴുത്തുകാരന്‍ : പുതിയ കാലത്തിന്റെ മാധ്യമമായ സൈബര്‍ എഴുത്തിന്റെ വിശാലവും അനന്തവുമായ ക്യാന്‍വാസാണ് എന്റെ മാധ്യമം

കുഞ്ഞ : കാരണം ?

എഴു : കാരണങ്ങള്‍ നിരവധി - എഡിറ്ററില്ലാതെ, പുറം ചൊറിയാതെ, വായനക്കരനും എഴുത്തുകാരനും തമ്മില്‍ നേരിട്ട് സംവദിക്കുന്ന........, കൂടാതെ പരിസ്ഥിതി സൗഹൃദം, ജനകീയത, കീഴാളരാഷ്ട്രീയം......

കുഞ്ഞ : കീഴാളരാഷ്ട്രീയം ?

എഴു : അതെ., കീഴാളരാഷ്ട്രീയം - അച്ചടി മാധ്യമങ്ങൾ എല്ലാ കാലത്തും ബൂർഷ്വാസിയോട് സന്ധി ചെയ്തു കൊണ്ടാണ് അതിന്റെ സ്വത്വം നിലനിർത്തിപ്പോന്നിട്ടുള്ളത്. ചില ചരിത്രഘട്ടങ്ങളിൽ അത് ബൂർഷ്വാസിയുടെ  കൈയ്യിലെ  മർദനോപാധിയായും മാറുകയുണ്ടായി. അതുകൊണ്ടുതന്നെ അവക്ക് ബദലായി ഉയർന്നുവരുന്ന പുതിയ മാധ്യമങ്ങൾ കീഴാളന് പ്രതീക്ഷകൾ നൽകുന്നു. ഉപരിവർഗതാൽപ്പര്യങ്ങളെ അത് നിരന്തരം നിരാകരിക്കുന്നു.... ആ നിരാകരണത്തിന്റേയും, പ്രതീക്ഷകളുടേയും രാഷ്ട്രീയം കീഴാളപക്ഷമാണ്....

കുഞ്ഞ : (അൽപ്പനേരം തല ചൊറിഞ്ഞുകൊണ്ട് നിന്നശേഷം) പരിസ്ഥിതി സൗഹൃദം ?

എഴു : അതെ., പരിസ്ഥിതി സൗഹൃദം - അതായത് പ്രിന്റ് മാധ്യമങ്ങള്‍ പുറത്തിറങ്ങാന്‍  ദിനം പ്രതി ലക്ഷക്കണക്കിന് ടണ്‍ കടലാസുകള്‍ വേണം.  ഇതിനായി ഹെക്ടര്‍ കണക്കിന് മുളങ്കാടുകള്‍ വെട്ടി നശിപ്പിക്കുന്നു....  ഇങ്ങിനെ പോയാല്‍ നമ്മുടെ പരിസ്ഥിതിയുടെ സ്ഥിതി ആകെ തകരാറിലാവില്ലെ. (ഇതോടൊപ്പം എഴുത്തുകാരന്‍ "ഗതകാല തലമുറകള്‍ നമ്മള്‍ക്കു നല്‍കിയ തറവാട്ടു ധനമല്ല ഭൂമി..." എന്ന ഗാനം രോഷം ധ്വനിക്കുന്ന പ്രത്യേക രാഗത്തില്‍ ആലപിക്കുന്നു)

അപ്രകാരം ചര്‍ച്ചകള്‍ അവസാനിപ്പിച്ച് മംഗളം പറഞ്ഞ് അവര്‍ പിരിഞ്ഞു.
 
അധികം വൈകാതെ എഴുത്തുകാരന്‍ തന്റെ  വിഡ്ഢിവേഷം കെട്ടിയ രാജാവിലൂടെ  സൈബര്‍ എഴുത്തിലെ വിസ്മയമായി മാറി.... 
 
     വീണ്ടുമൊരിക്കല്‍ കുഞ്ഞപ്പനും എഴുത്തുകാരനും തെരുവിന്റെ മറ്റൊരു ഭാഗത്തുവെച്ച് കണ്ടുമുട്ടി...
     
കുഞ്ഞപ്പന്‍ : അപ്പോ നിങ്ങള്‍ പുസ്തകമിറക്കുന്നു എന്നു കേട്ടത്....?

എഴുത്തുകാരന്‍ : നേരുതന്നെ.... നേരുതന്നെ....എന്റെ ഓണ്‍ലൈന്‍ സാഹിത്യകൃതികള്‍ക്ക് ഒരു പ്രിന്റ് വേര്‍ഷനും ഇറക്കുന്നു......

കുഞ്ഞ : കൊള്ളാലോ പരിപാടി !

എഴു : അക്ഷരങ്ങളില്‍ അച്ചടിമഷി പുരളുക എന്നത് ഏതൊരു എഴുത്തുകാരന്റേയും അന്ത്യാഭിലാഷമാവുന്നു.....

കുഞ്ഞ : അപ്പടിയാ ?!

എഴു : ആമ... ആമ... അപ്പടിത്താന്‍

കുഞ്ഞ : അപ്പോ നിങ്ങളു പണ്ട് - പ്രിന്റ് മീഡിയ മാങ്ങാത്തൊലിയാണ്, ചേനത്തലയാണ്.... പരിസ്ഥിതി, കുന്ത്രാണ്ടം, കൊടച്ചക്രം എന്നൊക്കെ പറഞ്ഞ് കൊട്ടിപ്പാടി നടന്നതോ...?

എഴു : അയ്യോ ഞാനങ്ങിനെ പറഞ്ഞോ

കുഞ്ഞ : ഉവ്വ് പറഞ്ഞു. നിങ്ങളുടെ ഉറച്ച അഭിപ്രായം അടിവരയിട്ട് പറഞ്ഞു......!

എഴു : (ഗൗരവഭാവത്തിൽ) അഭിപ്രായം ഇരുമ്പുലക്കയല്ല...!!!

അപ്രകാരം സംസാരിക്കുന്നതിനിടയില്‍ എഴുത്തുകാരന്റെ മൊബൈല്‍ ഫോണിലേക്ക് പണമിടപാടുകള്‍ സംബന്ധിച്ച ചില ചര്‍ച്ചകള്‍ക്കായി പബ്ളിഷിങ്ങ് ഹൗസ് മാനേജരുടെ വിളി വന്നു. കുഞ്ഞപ്പനെവിട്ട് എഴുത്തുകാരന്‍ ഫോണില്‍ സംസാരിക്കുന്ന തിരക്കിലായി....

ഇതിനിടയില്‍ കുഞ്ഞപ്പന്‍ ഇന്ത്യന്‍ കോഫീഹൗസില്‍ കയറി പരിപ്പുവടയും കട്ടന്‍ചായയും കഴിക്കാനായി എഴുത്തുകാരനോട് യാത്രപറഞ്ഞ് തിരക്കിട്ട് നടന്നുപോയി ......

പരിപ്പുവടയും, കട്ടന്‍ചായയും നല്‍കിയ ബൗദ്ധികമായ ഉണര്‍വ്വില്‍ കുഞ്ഞപ്പന്‍ അന്നുതന്നെ 'അപശകുനം' എന്ന തൂലികാനാമം സ്വീകരിച്ച്  'അഭിപ്രായം ഇരുമ്പുലക്കയല്ല...' എന്ന ബ്ലോഗ് എഴുതാന്‍ ആരംഭിച്ചു.  

പ്രിയമുള്ളവരെ ഇന്ന് ഏറെ പ്രചാരത്തിലുള്ള 'അഭിപ്രായം ഇരുമ്പുലക്കയല്ല...' എന്ന പ്രയോഗം നിലവില്‍ വന്നത് അന്നു മുതല്‍ക്കാണ് .....
 

ഓണവേഷങ്ങള്‍ ......മാവേലിയാവാന്‍ ആരും തയ്യാറല്ല - നാണക്കേട്, അഭിമാനക്ഷതം,വിഡ്ഢിവേഷം കെട്ടുന്നതിന്റ കുറച്ചിൽ .......

ദിനേശനും, സജീവനും തങ്ങളുടെ പ്രണയിനികള്‍ കാണുന്നതിന്റെ നാണക്കേട്. ദാമോദരേട്ടന് ഭാര്യയോ ബന്ധുക്കളോ കണ്ടാല്‍ തന്റെ അഭിമാനം പോവുമെന്ന വേവലാതി. ശങ്കരേട്ടന് ഇത്രയും വലിയ ഔദ്യോഗിക പദവിയിലിരിക്കുന്ന താന്‍ വിഡ്ഢി വേഷം കെട്ടുന്നതിന്റെ കുറച്ചിൽ .

ചുരുക്കത്തില്‍ മാവേലിയാവാന്‍ ആരുമില്ല.....!!
ഓണാഘോഷമാണ് …!! മാവേലിയില്ലാതെ എന്ത് ഓണം !!

മേക്കപ്പ് മാന്‍ ഹര്‍ഷന്‍ രാവിലെതന്നെ സ്ഥലത്തെത്തിയിട്ടുണ്ട് . ഉത്രാടദിവസം സംഘടിപ്പിക്കാറുള്ള ഓണാഘോഷത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.

പൂക്കള മത്സരത്തിന് കേരളത്തനിമയുള്ള വേഷം ധരിച്ച യുവാക്കളും യുവതികളും മധ്യവയസ്കരുമൊക്കെ തയ്യാറെടുത്ത് നിരന്നു കഴിഞ്ഞു....- നല്ലൊരു മത്സരം നടക്കുമെന്ന് ഉറപ്പാണ്... അത്രയേറെ പൂവുകള്‍ ഇന്നലെ വൈകിട്ട് തന്നെ പാളയത്തെ പൂക്കടകളില്‍ ചെന്ന് വലിയ സഞ്ചികളില്‍ വാങ്ങിക്കൂട്ടി അതുമായാണ് ഓരോ ടീമും എത്തിയിരിക്കുന്നത്. കൂടാതെ സംഘാടകര്‍ തന്നെ ഏര്‍പ്പാടാക്കിയ ചില പൂക്കച്ചവടക്കാര്‍ ഹാളിനു പുറത്ത് സ്റ്റാളുകള്‍ തുറന്നിട്ടുണ്ട്. പുലര്‍ച്ചെയുള്ള കോയമ്പത്തൂര്‍ പാസഞ്ചറില്‍ തമിഴ് നാട്ടില്‍ നിന്ന് പൂവുമായി നേരിട്ടെത്തിയ കച്ചവടക്കാരയതുകൊണ്ട് ഫ്രഷ് ആയ പൂവ് കിട്ടും. അണ്ണാച്ചികളായതകൊണ്ട് വിലപേശി വാങ്ങാം. അണ്ണാച്ചികളെ എളുപ്പം പറ്റിക്കാം. അവര്‍ ഇരുനൂറ് പറയുന്നത്, വിലപേശി എണ്‍പതിനും എഴുപത്തഞ്ചിനുമൊക്കെ വാങ്ങാനാവും. മലയാളികളുടെ അത്ര ബുദ്ധിയില്ലാത്തതുകൊണ്ട് വില കുറച്ച് തരുകയും ചെയ്യും...

ഓണസദ്യക്കുള്ള ഒരുക്കങ്ങള്‍ റെഡിയാണ് - വിഭവ സമൃദ്ധമാണ് ഇത്തവണ ഓണസദ്യ. മിനിഞ്ഞാന്ന് സംഘാടക സമിതി പ്രസിഡണ്ട് സജീവേട്ടനും, സിക്രട്ടറി നാരായണനും കാറെടുത്ത് ബോണിക്കുപ്പയിലും,ഗുണ്ടല്‍പേട്ടയിലും പോയിരുന്നു. ഫ്രഷ് ആയ പച്ചക്കറികള്‍ കച്ചവടക്കാരില്‍ നിന്ന് നേരിട്ട് വാങ്ങി സ്ഥലത്തെത്തിച്ചിട്ടുണ്ട്. പച്ചക്കറിയുടെ കാര്യം ഇനി ഒരു പ്രശ്നമേ അല്ല.

ഹിന്ദുപ്പൂരില്‍ ., സ്റ്റേറ്റ് ബാങ്കില്‍ ജോലിചെയ്യുന്ന വിനോദ് നായര്‍ അവിടെനിന്ന് രണ്ട് ചാക്ക് അരി വാങ്ങി സ്വന്തം കാറില്‍ ബാംഗളൂരിലെത്തിച്ച്, കലാശിപ്പാളയത്തു നിന്ന് രാത്രി പുറപ്പെട്ട കല്ലട ട്രാവല്‍സ് ബസ്സിന്റെ ഡിക്കിയില്‍ കയറ്റി വിട്ടത് കോഴിക്കോട്ട് ബസ് നിര്‍ത്തിയിടുന്ന മാങ്കാവിലെ ഗാരേജില്‍ നിന്ന് എടുക്കാന്‍ ആളുപോയിട്ടുണ്ട്....

ഒന്നാം തരം റായലസീമ അരിയും, ബോണിക്കുപ്പയിലെ പച്ചക്കറിയും ഓണസദ്യയെ സ്വാദിഷ്ഠമാക്കും…..

എല്ലാം തയ്യാറാണ് .ഓണാഘോഷം ഗംഭീരമാവും എന്ന കാര്യം ഉറപ്പാണ്. പക്ഷേ.....

മാവേലിയാവാന്‍ ആരും തയ്യാറല്ല - നാണക്കേട്,  അഭിമാനക്ഷതം,വിഡ്ഢിവേഷം കെട്ടുന്നതിന്റ കുറച്ചിൽ .......

"മാവേലിയില്ലാതെ പറ്റില്ല.....” സംഘാടകസമിതി ജോയന്റ് സിക്രട്ടറി പ്രശാന്ത് തറപ്പിച്ചു പറഞ്ഞു -സാധരണ ഇന്‍സര്‍ട്ട് ചെയ്ത പാന്റും, സ്ട്രൈപ്പ്സ് ഷര്‍ട്ടും ധരിച്ച് എക്സിക്യുട്ടീവ് സ്റ്റൈലില്‍ നടക്കാറുള്ള സുമുഖനായ പ്രശാന്തിന് കസവുമുണ്ടും, സില്‍ക്ക് ഷര്‍ട്ടും ,നെറ്റിയിലെ ചന്ദനക്കുറിയും പ്രത്യേകമൊരു സൗന്ദര്യം നല്‍കുന്നുണ്ട്.

എന്തു ചെയ്യും.....

സംഘാടക സമിതിയുടെ വേവലാതി അറിയാതെ ഹാളിലും പുറത്തും ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

പതിവായി ജീന്‍സും ടോപ്പുമിടുന്ന പെണ്‍കുട്ടികളുടെ ദാവിണിയും ബ്ലൗസുമണിഞ്ഞ ചടുല ചലനങ്ങൾ രംഗത്തിന് മിഴിവേകി.....

മാവേലിയെ എവിടെ നിന്ന് സംഘടിപ്പിക്കും

പെട്ടെന്നാണ് എല്‍..സി കോടിപതിയായ സുരേഷിന്റെ തലയില്‍ ആശയം മുളച്ചത്. ഏത് കക്ഷികളെയും വീഴ്ത്തി പോളിസി എടുപ്പിക്കുവാന്‍ സമര്‍ത്ഥനാണ് സുരേഷ്. പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ അയാള്‍ക്ക് പ്രത്യേക മിടുക്കുണ്ട്....

"ഇതു തന്നെ എളുപ്പവഴി....”-  ആശയം പങ്കുവെച്ചപ്പോള്‍ എല്ലാവരും പിന്താങ്ങി.....

സമയം വൈകിയാല്‍ അവര്‍ മറ്റെവിടെയെങ്കിലും പോവും എന്നതുകൊണ്ട് മൂന്നു ബൈക്കുകളിലായി സംഘാടക സമിതിയുടെ ആറു ചെറുപ്പക്കാര്‍ പുതിയപാലത്തെ ബീഹാര്‍ പണിക്കാരുടെ താവളത്തിലേക്ക്  വേഗം പുറപ്പെട്ടു

ഭാഗ്യം - മേസ്തിരി സ്ഥലത്തുണ്ടായിരുന്നു

മേസ്തിരിക്ക് മലയാളവും ഹിന്ദിയും നന്നായി വഴങ്ങും. അയാളോട് കാര്യം പറഞ്ഞു.

"നിങ്ങളുടെ ആവശ്യത്തിന് തടിച്ച ശരീരവും , വീര്‍ത്ത വയറും, തുടുത്ത മുഖവും, വെളുത്ത ഉടലും വേണ്ടെ...!? "

"ശരിയാണല്ലോ - നമ്മുടെ ആള്‍ക്ക് തടിച്ച ശരീരവും, വീര്‍ത്ത വയറും, തുടുത്ത മുഖവും, വെളുത്ത ഉടലും വേണമല്ലോ...!?"- എല്ലാവരും ഒരിക്കല്‍ക്കൂടി പ്രതിസന്ധിയിലായി.

വീണ്ടും കൂടിയാലോചന....!

"വേഗം പറയണം. എല്ലാവരേയും അയച്ചു കഴിഞ്ഞു . പത്തുപേരെ ഇനി ബാക്കിയുള്ളു . ഇതാ ഒരിടത്ത് മലിനജലമൊഴുകുന്ന ഓട വൃത്തിയാക്കാന്‍ പണിക്കാരെ തേടി ആളു വന്നിരിക്കുന്നു. മൂന്നു പേരെ അങ്ങോട്ടു വിടുന്നു.....”

"വെളുത്ത ഉടലിന്റെ കാര്യം ഹര്‍ഷന്‍ നോക്കിക്കൊള്ളും...അതു പ്രശ്നമല്ല"

"വയല്‍പ്പണിക്ക് നാലുപേരെ അയക്കുന്നു. വേഗം പറയണം. ഇനി മൂന്നുപേരെ ബാക്കിയുള്ളു...”

"പൗരുഷമില്ലാത്ത ബീഹാറികള്‍ക്ക് കുടവയറില്ലാതെ പോയതാണ് പ്രശ്നം..”

"ഒരിടത്ത് കോണ്‍ക്രീറ്റ് പൊളിക്കാന്‍ രണ്ടുപേരെ പറഞ്ഞയക്കുന്നു. ഇനി ഒരാള്‍ കൂടിയെ ബാക്കിയുള്ളു...”

"നമ്മള്‍ മലയാളികളുടെ ഐശ്വര്യവും, വൃത്തിയും, സൗന്ദര്യവും ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനക്കാര്‍ക്കുമില്ല..”

വേവലാതി പിടിച്ച ചര്‍ച്ച പൊതുവായ ഇന്ത്യന്‍ സാഹചര്യത്തെക്കുറിച്ചും ., മലയാളിയുടെ മികവ്, സാക്ഷരത, രാഷ്ട്രീയ അവബോധം., പത്രവായന, സുചിത്വശീലങ്ങള്‍, എന്നിവയെക്കുറിച്ചുമായി....

"ഇതാ മറ്റൊരിടത്ത് കക്കൂസ് ടാങ്ക് വൃത്തിയാക്കാന്‍ അവസാനത്തെ ആളെയും പറഞ്ഞയക്കാന്‍ പോവുന്നു...”

ആറുപേരും ചര്‍ച്ചയുടെ തിരക്കിലായിരുന്നു. മലയാളിയുടെ ഉയര്‍ന്ന ബൗദ്ധിക നിലവാരത്തെക്കുറിച്ച് ഒന്നാമന്‍ പറഞ്ഞു. മികച്ച സോഫ്റ്റ് വെയര്‍ എഞ്ചിനീയറിങ്ങ് കഴിവുകളെക്കുറിച്ച് പറഞ്ഞ് രണ്ടാമന്‍ ചര്‍ച്ചയില്‍ സജീവമായി. രണ്ടു നേരവും നല്ല സോപ്പ് തേച്ച് കുളിക്കുകയും, ഭംഗിയായി വസ്ത്രം ധരിക്കുകയും ചെയ്യുന്ന ശീലത്തെക്കുറിച്ചായി മൂന്നാമന്‍..... വെടിക്കല, കുടവയര്‍ , വെളുത്തുരുണ്ട ശരീരം എന്നിങ്ങനെ മലയാളത്തനിമയെക്കുറിച്ചായി നാലാമന്‍.....

"അവസാനത്തെ  ആളെയും പറഞ്ഞയക്കുന്നു.....”

- മേസ്തിരിയുടെ ശബ്ദം കേട്ടാണ് അവര്‍ ചര്‍ച്ചയില്‍ നിന്ന് ഉണര്‍ന്നത്.

നോക്കുമ്പോള്‍ മെലിഞ്ഞുണങ്ങിയ ഒരു രൂപം, തോര്‍ത്തുമുണ്ടുടുത്ത് മാലിന്യം നീക്കാനുള്ള  കൈക്കോട്ടും ബക്കറ്റുമായി കൊണ്ടുപോകാന്‍ വന്ന ആളോടൊപ്പം ഇറങ്ങാന്‍ തുടങ്ങന്നു.....

"അയാള്‍ കൂടി പോയാല്‍ നമ്മുടെ ഓണാഘോഷം.....” സുഭാഷ് പെട്ടെന്നു ഇടപെട്ടു . "മേസ്തിരീ  ചതിക്കരുത് അയാളെ ഞങ്ങള്‍ക്കു തരണം.....”

"ഇല്ല – ഞാനിയാളെ വേറെ പണിക്ക് അയക്കാന്‍ തീരുമാനിച്ചു....”

സ്വകാര്യമായി വിളിച്ച് അഞ്ഞൂറു രൂപ കമ്മീഷനു പകരം ആയിരം രൂപ കൊടുക്കാമെന്നു പറഞ്ഞതോടെ മേസ്തിരി സമ്മതിച്ചു. കക്കൂസ് മാലിന്യം നീക്കാന്‍ വന്നയാളോട് അടുത്ത ദിവസം വരാന്‍ പറഞ്ഞ് , ആയിരം രൂപ കമ്മീഷനും, ഇരുനൂറു രൂപ കൂലിയും മുന്‍കൂറായി വാങ്ങിവെച്ച് ബീഹാറുകാരന്‍ രാംസിങ്ങിനെ മവേലിപ്പണിക്കായി വിട്ടുകൊടുത്തു …..

ഓണാഘോഷം പൊടിപൊടിക്കുകയാണ്

നാടന്‍പാട്ട് മത്സരം ആരംഭിക്കുകയായി.....

"പൂവിളിപ്പാട്ടിന്‍ ചിറകുകളില്‍
വസന്തഗീതികയുണരുന്നു
ചിങ്ങമാസ നിലാവിലലകളില്‍
മലയാളക്കര ഉണരുന്നു 
ഓഹോഹോ....."

ബോബ് ചെയ്ത മുടിയും ലിപ്-സ്റ്റിക് അണിഞ്ഞ ചുണ്ടുമായി മലയാളി മങ്കമാരും., മുണ്ടും, ഷര്‍ട്ടും, സ്വര്‍ണമാലയും ധരിച്ച സുമുഖരായ ചെറുപ്പക്കാരും ചേര്‍ന്ന സംഘങ്ങള്‍ താളമേളങ്ങളില്‍ ലയിച്ച് പാടി…..

ഗാനവീചികള്‍ അലയടിക്കുകയാണ്

അപ്പോള്‍ ഹര്‍ഷന്‍ എന്ന മേക്കപ്പ്മാന്റെ വിദഗ്ദ്ധമായ കരവിരുതില്‍ രാംസിങ്ങ് എന്ന മെലിഞ്ഞുണങ്ങിയ ബീഹാറി മാവേലിയായി മാറിക്കൊണ്ടിരുന്നു....

"അല്‍പ്പം ചരിഞ്ഞു നില്‍ക്കൂ..." - മഞ്ഞപ്പട്ടിന്റെ കച്ച ഉടുപ്പിക്കുന്നതിനിടയില്‍ ഹര്‍ഷന്‍ മാവേലിയോട് പറഞ്ഞു

കണ്ണു മിഴിച്ചു നിന്ന മവേലിയോട് ദ്വിഭാഷിയായി സഹായത്തിനു നിന്ന  സുന്ദരന്‍ മാഷ് അത് ഹിന്ദിയിൽ പറഞ്ഞു കൊടുത്തു......

-  വൈകുന്നേരം കിട്ടാന്‍ പോവുന്ന ഇരുനൂറു രൂപയെക്കുറിച്ചും., ബീഹാറിലെ തന്റെ കുഗ്രാമത്തിലെ വരണ്ടുണങ്ങിയ ചോളവയലുകളെക്കുറിച്ചും ഓര്‍ത്തുകൊണ്ട് രാംസിങ്ങ് ചരിഞ്ഞു നിന്നു....ഇരുളും, വെളിച്ചവും ...- അദ്ധ്യാപക കഥകൾ
പേരുകൾ 

നമ്പി മാഷാണ് ഗ്രാമത്തിലെ കുട്ടികള്‍ക്ക് വിചിത്രമായ പേരുകള്‍ നല്‍കിയത്.....

പനയില്‍ നിന്ന് വീണു മരിച്ച തയമ്പാട്ടിയുടെ വിധവ നല്ലമ്പിരിച്ചിക്ക് തന്റെ മകന്‍ തെരേനെ സ്കൂളില്‍ ചേര്‍ക്കണമെന്ന് വലിയൊരു മോഹമുദിച്ചു. മരിക്കാന്‍ കിടക്കുമ്പോള്‍ തയമ്പാട്ടി അവളോട് പറഞ്ഞ ആഗ്രഹമാണത്. അതേ കിടപ്പില്‍ കിടന്നാണ് കൈക്കുഞ്ഞായിരുന്ന പൊന്നുമോന്റെ ചെവിയില്‍ 'തെരേന്‍ ...തെരേന്‍ ...തെരേന്‍ ... ' എന്ന് മൂന്നുവട്ടം മന്ത്രിച്ച്  തയമ്പാട്ടി  പേരു ചൊല്ലിയത്....

തയമ്പാട്ടി മരിച്ചതോടെ ചാളയില്‍ നല്ലമ്പിരിച്ചി ഒറ്റപ്പെട്ടു പോയി. അച്ഛനില്ലാത്ത തെരേനെ  മാറോടണച്ച്  അവള്‍ വളര്‍ത്തി. പണിക്കു പോവുമ്പോള്‍ അവള്‍ മകനെ തന്റെ നോട്ടമെത്തുന്ന സ്ഥലത്ത് വയല്‍ വരമ്പിലിരുത്തും. അവിടെയിരുന്ന് തെരേന്‍ ഞമിച്ചികളെ പിടിച്ചും, പൊന്മകളോട് കഥ പറഞ്ഞും കളിക്കും. പണിയെടുക്കുന്ന പെണ്ണുങ്ങളും, ആണുങ്ങളും കുട്ടിയെ ഓമനിച്ചു. അവന്റെ നിഷ്കളങ്കമായ ചിരി കണ്ട് അവരവന് ഗോപാലന്‍ എന്നൊരു വിളിപ്പേരിട്ടു 

സ്കൂളില്‍ ചേര്‍ക്കേണ്ട സമയമായപ്പോള്‍ നല്ലമ്പിരിച്ചി തെരേനെയും കൂട്ടി ഹെഡ് മാഷായ നമ്പി മാഷുടെ മുന്നിലെത്തി

"ഇവന്റെ പേരെന്താ...." - നമ്പി മാഷ് ചോദിച്ചു
"ഇട്ടതെരേനേന്നും ഇളിക്കന്നതോപാല്യേന്നും...." - നല്ലമ്പിരിച്ചി നിഷ്കളങ്കമായി മറുപടി പറഞ്ഞു

ഇതു കേട്ട് നമ്പി മാഷ് വായില്‍ കിടന്ന മുറക്കാന്‍ കുലുക്കി പൊട്ടിച്ചിരിച്ചു. ചുറ്റും നിന്ന മാഷന്മാര്‍ തമാശ ആസ്വദിച്ച് ചിരിയില്‍ പങ്കു ചേര്‍ന്നു. കൂട്ടച്ചിരിക്കിടയില്‍ സന്ദര്‍ഭത്തെ കൊഴുപ്പിച്ചുകൊണ്ടുള്ള നമ്പി മാഷുടെ പ്രഖ്യാപനവും ,രജിസ്റ്ററില്‍ പേരു ചേര്‍ക്കലും ഒന്നിച്ചു നടന്നിരുന്നു....

"ഇവന്റെ പേര് ഗോഗുലബാല കുമാര്‍ ......"

ഇപ്രകാരം നാട്ടിലെ ദരിദ്രരുടേയും നിരാലംബരുടേയും കുട്ടികള്‍ക്ക് വിചിത്രമായ പേരുകള്‍ കണ്ടെത്തുന്നതില്‍ നമ്പി മാഷ് പ്രത്യേകമായ ഒരാനന്ദം അനുഭവിച്ചിരുന്നു.....

വട്ടിപ്പലിശ

അസുഖത്തിനും, കല്യാണ ആവശ്യത്തിനുമൊക്കെ പണം അത്യാവശ്യമായി വരുമ്പോള്‍ ആളുകള്‍ പണയ വസ്തുവുമായി നമ്പി മാഷുടെ അടുത്തേക്ക് ഓടും. കൊണ്ടുചെല്ലുന്ന ഓട്ടുപാത്രത്തിന്റേയും, സ്വര്‍ണ ഉരുപ്പടിയുടെയും, പറമ്പിന്റെ ആധാരത്തിന്റേയും മുല്യം അളന്ന് പലിശയും, തിരിച്ചടവിന്റെ അവസാന ദിവസവും പറഞ്ഞുറപ്പിച്ച് മാഷ് പണം നല്‍കും. ഭൂരിഭാഗം പേര്‍ക്കും മുതലും, പലിശയും, പലിശക്കുമേല്‍ പലിശയും തിരിച്ചടച്ച് തങ്ങളുടെ പണയ വസ്തു തിരിച്ചെടുക്കാന്‍ സാധിക്കാറില്ല....

ശേഷം ചിന്ത്യം.......  

 ചെക്കിങ്ങ് ഇന്‍സ്പക്ടർ

കോഴിക്കോട്ട് നിന്ന് കൊങ്ങിണിപ്പാലത്തേക്ക് ബസ് പെര്‍മിറ്റ് അനുവദിച്ചപ്പോഴാണ് നമ്പിമാഷ് ഭാര്യയുടെ പേരില്‍ പുതിയ ബസ് വാങ്ങിയത്....

ഭംഗിയായി പെയിന്റടിച്ച് മകന്‍ സുരേഷിന്റെ പേര് ചാര്‍ത്തിയ 'സുരേഷ് ട്രാവല്‍സ് '., 'കോഴിക്കോട്-കൊങ്ങിണിപ്പാലം' റൂട്ടില്‍ ഓടാന്‍ തുടങ്ങിയതോടെ ബസിലെ ചെക്കിങ്ങ് ഇന്‍സ്പക്ടറുടെ ജോലിയും നമ്പി മാഷ് ഏറ്റെടുത്തു

'സുരേഷ് ട്രാവൽസ് ' കോഴിക്കോട്ട് നിന്ന് കൊങ്ങിണിപ്പാലത്തേക്കു പോവുമ്പോള്‍ സ്കൂളിനു മുന്നില്‍ ഇറങ്ങി മാഷ് തിരക്കിട്ട് സ്കൂളിലെത്തും

പിന്നെയും അഞ്ച് സ്റ്റോപ്പുകള്‍ കൂടി കഴിഞ്ഞാണ് കൊങ്ങിണിപ്പാലം. ബസ് കൊങ്ങിണിപ്പാലത്തെത്തി, കോഴിക്കോട് ബോര്‍ഡ് വെച്ച് തിരിച്ചിട്ട് ഡ്രൈവറും, കണ്ടക്ടറും ചായ കുടിക്കാനും, സിഗററ്റ് വലിക്കാനും പോവും

കുറച്ചുനേരം കഴിഞ്ഞ് വീണ്ടും സ്റ്റാര്‍ട്ട് ചെയ്ത് അഞ്ച് സ്റ്റോപ്പുകളും താണ്ടി സ്കൂളിനു മുന്നിലെത്തുമ്പോഴേക്കും നമ്പി മാഷ് സ്കൂളിലെ രജിസ്റ്ററില്‍ ഒപ്പുവെച്ച് ഹെഡ് മാസ്റ്ററുടെ അത്യവാശ്യ ജോലികള്‍ തീര്‍ക്കും

ബസിന്റെ ഓരോ ട്രിപ്പിലും ഇത് ആവര്‍ത്തിക്കും. ഹെഡ് മാസ്റ്ററുടെ ജോലിക്കു പുറമെ., മൂന്ന് എ യിലെ സയന്‍സ് മാഷിന്റെ ജോലിയും, അഞ്ച് ബിയിലെ കണക്കു മാഷിന്റെ ജോലിയും, ആറ് സിയിലെ ഇംഗ്ലീഷ് മാഷിന്റെ ജോലിയും ഇതിനിടയില്‍ മാഷ് ചെയ്തു തീര്‍ക്കും. സ്കൂളിനോട് ചേര്‍ന്നുള്ള സ്വന്തം വീട്ടിലെത്തി പാല്‍ക്കഞ്ഞി കുടിക്കും. പണയം വെക്കാന്‍ വരുന്നവരുടെ പണയവസ്തു മാറ്റുരച്ച് നോക്കി പലിശയും, തിയ്യതിയും പറഞ്ഞുറപ്പിക്കും.....

എല്ലാം കഴിഞ്ഞ് ബസ് സ്കൂളിനു മുന്നിലെത്തുമ്പോഴേക്കും മാഷ് ചെക്കിങ്ങ് ഇന്‍സ്പക്ടറുടെ സീറ്റില്‍ കയറിയിരുന്ന് ഡബിള്‍ ബെല്‍ അടിക്കും......

മന്ത്രവിദ്യകള്‍

ഏതു ദിനം കൊണ്ടാടിയില്ലെങ്കിലും വിജയദശമി സ്കൂളിലെ പ്രധാന ആഘോഷമാണ്.

പുസ്തകം പൂജക്കു വെച്ച് ഗുരുവിന്റെ കാല്‍ തൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങാത്ത കുട്ടികള്‍ നശിച്ചു പോവുമെന്നാണ് വിശ്വസം. അത്തരം കുട്ടികള്‍ പാമ്പുകടിയേറ്റോ, മരത്തില്‍ നിന്നു വീണോ, ഇടിവെട്ടേറ്റോ ചത്തുപോവുമെന്ന് കുട്ടികള്‍ ഉറച്ചു വിശ്വസിച്ചിരുന്നു.  

അതുകൊണ്ട് തന്നെ പൂജയെടുപ്പ് ദിവസം രാവിലെ കുളിച്ചൊരുങ്ങി കുട്ടികള്‍ കൃത്യമായി സ്കൂളിലെത്തും. നമ്പൂരി മാഷ് ഇതിനകം പൂജകള്‍ പൂര്‍ത്തിയാക്കി, പുസ്തകക്കെട്ടുകള്‍ക്കു മേലെ തെച്ചിപ്പൂവും, തുളസിയും അരിമണിയും വിതറി നിലവിളക്ക് കത്തിച്ചുവെച്ച് ചമ്രംപടിഞ്ഞ് ഇരിക്കുന്നുണ്ടാവും

'ഗുരുര്‍ ബ്രഹ്മ:.... ഗുരുര്‍ വിഷ്ണു... ഗുരു ദേവോ മഹേശ്വര: ഗുരു സാക്ഷാല്‍ പര ബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:' എന്ന് മൈക്കിലൂടെ നമ്പൂരി മാഷ്  ഉരുവിടും. കുട്ടികള്‍ അര്‍ത്ഥമറിയാതെ ഏറ്റുചൊല്ലും.  

അര്‍ത്ഥമറിയില്ലെങ്കിലും ഏതാണ്ട് കാര്യം എല്ലാവര്‍ക്കും പിടകിട്ടും -  'മാഷന്മാര്‍ പടച്ചവന്മാരെപ്പോലെ ആണ്. അവര്‍ക്ക് എന്തെല്ലാമോ മന്ത്രവിദ്യകള്‍ അറിയാം.... ബഹുമാനിച്ചില്ലെങ്കില്‍ അവര്‍ മന്ത്രം ജപിച്ച് വലിയ അപകടം സംഭവിപ്പിക്കും. മരിച്ചുപോവും.......'

അച്ചടക്കത്തോടെ ഇരിക്കുന്ന കുട്ടികളുടെ പേരുകള്‍ മൈക്കിലൂടെ വിളിക്കുമ്പോള്‍ ബഹുമാനപൂര്‍വ്വം എഴുന്നേറ്റ് ചെന്ന് നമ്പൂരി മാഷുടെ കാല്‍ക്കല്‍ പത്തുരൂപയില്‍ കുറയാത്ത ദക്ഷിണയിട്ട് പൂജിക്കാന്‍ വെച്ച പുസ്തകപ്പൊതി കൈപ്പറ്റും, അപ്പുറത്തെ മുറിയിലിരിക്കുന്ന നമ്പി മാഷുടെ കാല്‍ക്കലും ദക്ഷിണ സമര്‍പ്പിച്ച് ഇനി ജീവന് കുഴപ്പമൊന്നും പറ്റില്ലെന്ന സമാധാനത്തോടെയാണ് പൂജയെടുപ്പ് ദിവസം ഓരോരുത്തരം പുറത്തിറങ്ങുക....

എന്നിട്ടും ഒരു പെരുമഴക്കാലത്ത് ഉച്ചക്ക് ഊണുകഴിക്കാന്‍ വീട്ടില്‍ പോയ നന്ദിനി കിണറ്റില്‍ വീണു മരിച്ചതെന്തേ.....?!. ഒറ്റക്കാലന്‍ ശങ്കരന്റെ ഏകമകന്‍ ദിനേശന്‍ തലയില്‍ തേങ്ങവീണ് മരിച്ചു പോയത് എന്തുകൊണ്ട്....?!

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ......!

ബീഡിക്കുറ്റി

ബീഡിക്കുറ്റിമാഷുടെ യഥാര്‍ത്ഥ പേരെന്തെന്ന് ആര്‍ക്കും അറിയില്ല.

അദ്ദേഹം സദാസമയവും ബീഡി വലിച്ചിരുന്നു. രോമം എഴുന്നു നില്‍ക്കുന്ന ചെവിയില്‍ എപ്പോഴും ഒരു ബീഡി തിരുകി വെച്ചിരുന്നു.  

ക്ലാസിലിരുന്ന് മേശപ്പുറത്ത് കാല്‍ കയറ്റിവെച്ച് ഇരട്ടക്കുരുവികളുടെ ചിത്രമുള്ള തീപ്പെട്ടിയുരച്ച് അദ്ദേഹം ബീഡി കത്തിക്കുന്നതിന്റെ സൗന്ദര്യം കുട്ടികള്‍ നോക്കിയിരിക്കും. ആദ്യത്തെ പുകയെടുത്ത് പുകച്ചുരുളുകള്‍ ഉരുളകളായി പറത്തി ബീഡിക്കുറ്റിമാഷ് കണ്ണടച്ചിരിക്കും.മാഷ് പറത്തി വിടുന്ന പുകച്ചുരുളുകള്‍ കൈവെള്ളയിലാക്കാന്‍ കുട്ടികള്‍ ക്ലാസില്‍ ഓടി നടക്കും. ശബ്ദം അധികമാവുമ്പോള്‍ മാഷ് മേശപ്പുറത്ത് അടിച്ച് ഉച്ചത്തില്‍ "സൈലന്‍സ്.... സൈലന്‍സ്.... " എന്നു വിളിച്ചു പറയും. എന്നിട്ട് ആദ്യം കണ്ണില്‍ പെടുന്ന കുട്ടിയെ തൂക്കിയെടുത്ത് മുട്ടിനു തഴെ ചൂരല്‍ കൊണ്ട് നല്ല പെട പെടക്കും.  

അതോടെ ഇറച്ചിക്കടയിലെ കോഴികളെപ്പെലെ മറ്റ് കുട്ടികള്‍ പേടിച്ചരണ്ട് നിശ്ശബ്ദമായി സ്വന്തം ഇരിപ്പിടത്തില്‍ പതുങ്ങിയിരിക്കും.

ഇടക്ക് ബീഡി തീരുമ്പോള്‍ കുട്ടികള്‍ ആരെയെങ്കിലും വിളിച്ച് ബീഡി വാങ്ങാന്‍ പറഞ്ഞയക്കും......

ബീഡി വാങ്ങി വരുന്ന കുട്ടികളെ അന്നേ ദിവസം മാഷ് അടിക്കുകയില്ല.

അനുസരണക്കേട് കാട്ടുന്ന ചീത്ത കുട്ടികളെ ചൂരല്‍ കൊണ്ട് നന്നായി തല്ലുകയും, അനുസരണയുള്ള നല്ല കുട്ടികളെ ഒട്ടും അടിക്കാതിരിക്കുകയും ചെയ്ത സ്നേഹസമ്പന്നനായിരുന്നു ബീഡിക്കുറ്റിമാഷ്.....

റോമിയോ

അവന്‍ പത്താംക്ലസിലെത്തിയപ്പോള്‍ സാമൂഹ്യശാസ്ത്രം പഠിപ്പിക്കാന്‍ വന്നത് കോളേജ് കുമാരന്മാരെപ്പോലെ സുന്ദരമായി മുടി ചീവുകയും, വേഷം ധരിക്കുകയും ചെയ്യുന്ന ചെറുപ്പക്കാരനായ ഗോപാലകൃഷ്ണന്‍ മാഷ്. കുട്ടികള്‍ അയാളെ റോമിയോ മാഷ് എന്നു വിളിച്ചു. സ്കൂളിലെ ചെറുപ്പക്കാരിയും, സുന്ദരിയുമായ വിശാലാക്ഷി ടീച്ചറെ മാഷ് പ്രണയിച്ച് വിവാഹം ചെയ്തത് ആയിടയ്ക്കായിരുന്നു......

വിശാലാക്ഷി ടീച്ചറോടുള്ള പ്രണയം പോലെ, ശീട്ടുകളിയാണ് മാഷുടെ മറ്റൊരു ഹോബി. ക്ലബ്ബുകളില്‍ പണം വെച്ചുള്ള ശീട്ടുകളി മാഷുടെ പ്രധാന ദിനചര്യയാണ്. ശീട്ടുകളിയുടെയും, ക്ലബ്ബുകളിലെ ആഘോഷങ്ങളുടേയും, വിശാലാക്ഷി ടീച്ചറുമൊന്നിച്ചുള്ള ഹണിമൂണ്‍ യാത്രകളുടേയും തിരക്കിനിടയില്‍ പഠിപ്പിക്കാനും, ഉത്തരക്കടലാസ് നോക്കാനും നേരമില്ലാതായി.... 

ഉത്തരക്കടലാസുകള്‍ വായിച്ച് മാര്‍ക്കിടുക എന്നത് വലിയ തലവേദനയായി മാറിയപ്പോള്‍ മാഷ് തന്നെ നല്ലൊരു പോംവഴി കണ്ടെത്തി - 'ക്ലാസിലെ വലിയ വീടുകളിലെ കുട്ടികള്‍ ആരെന്ന് നേരത്തെ തന്നെ കണ്ടു പിടിക്കുക. അവരുടെ പേപ്പര്‍ മാത്രം വായിച്ച് മാര്‍ക്കിടുക.... അല്ലാത്തതെല്ലാം ,ഒട്ടും വായിച്ചു നോക്കാതെ ചുമന്ന മഷികൊണ്ട് വെട്ടിവിട്ട് അന്‍പതില്‍ രണ്ട് മാര്‍ക്കോ മൂന്നു മാര്‍ക്കോ നല്‍കുക....'

കീറിയ കുപ്പായവും, നരച്ചമുണ്ടും ഉടുക്കുന്ന ഉച്ചപ്പട്ടിണിക്കാരനായ അവന്‍ ആത്മ വിശ്വാസത്തോടെ പരീക്ഷയെഴുതി. അവന്റെ അമ്മക്ക് അവനില്‍ വലിയ പ്രതീക്ഷകളാണ്. ആ പ്രതീക്ഷകളാണ് അവന്റെ വെളിച്ചം. മാഷ് പഠിപ്പിച്ചില്ലെങ്കിലും, ടെക്സ്റ്റ് ബുക്ക് വെച്ച് സ്വയം നോട്ടുകള്‍ തയ്യാറാക്കി പഠിച്ച് എല്ലാ ചോദ്യങ്ങള്‍ക്കും ഭംഗിയായി ഉത്തരമെഴുതി അവന്‍ കാത്തിരുന്നു. ഒടുവില്‍ ഉത്തരക്കടലാസു കിട്ടിയപ്പോള്‍ അവനു തല കറങ്ങിപ്പോയി. തന്റെ ഉത്തരങ്ങളെല്ലാം ചുമന്ന മഷികൊണ്ട് വെട്ടി നിരത്തി അന്‍പതില്‍ രണ്ട് മാര്‍ക്ക്.......

ഭയന്നു വിറച്ചുകൊണ്ട് തന്റെ തെറ്റ് എന്താണെന്ന് അറിയാന്‍ മാഷിന്റെ മുന്നിലെത്തിയ അവനോട് "നീ അദ്ധ്യാപകരെ ചോദ്യം ചെയ്യുന്നോടാ..." എന്നു ചോദിച്ചുകൊണ്ട് ഗോപാലകൃഷ്ണന്‍ മാഷ് നല്‍കിയ അടിയുടെ ചൂട് അവന്‍ ഒരിക്കലും മറന്നില്ല......

ഇപ്പോഴും ഗോപാലകൃഷ്ണന്‍ മാഷുടെ വീടിനുമുന്നിലൂടെ ബൈക്കോടിച്ചു പോവുമ്പോള്‍ അവന്‍ കാര്‍ക്കിച്ചു തുപ്പും.....

വെളിച്ചം

പണ്ട് പഠിച്ച സ്കൂളില്‍ എസ്.എസ്.എല്‍ .സി പരീക്ഷയുടെ സൂപ്പര്‍ വിഷന്‍ ഡ്യൂട്ടിയുമായി എത്തിയപ്പോള്‍ അയാള്‍ ഹെഡ് മിസ്ട്രസ് വന്ദന ടീച്ചറോട്., ക്ലാര ടീച്ചറെ പറ്റി ചോദിച്ചു......

ടീച്ചര്‍ കാഞ്ഞിരപ്പള്ളിയിലുണ്ട് .വിശ്രമ ജീവിതം നയിക്കുന്നു. മക്കളൊക്കെ നല്ല നിലയില്‍ . മകള്‍ ജെ.എന്‍ .യു വില്‍ ചരിത്ര വിഭാഗത്തില്‍ റീഡറാണ്. മകന്‍ ഹിന്ദുവില്‍ കോളമിസ്റ്റാണ്. മറ്റൊരു മകള്‍ നാട്ടില്‍ത്തന്നെ സര്‍ക്കാര്‍ ഹൈസ്കൂളില്‍ അദ്ധ്യാപിക. അവളോടൊപ്പമാണ് ടീച്ചറുള്ളത് - വന്ദന ടീച്ചര്‍ പറഞ്ഞു

മനസ്സില്‍ വിനയവും, സ്നേഹവും, ആദരവും പെരുമ്പറ കൊട്ടുന്നു....

"ടീച്ചറുടെ ഫോണ്‍ നമ്പര്‍ തരാമോ..." - അയാള്‍ വന്ദന ടീച്ചറോട് ചോദിച്ചു.
 
ടീച്ചര്‍ മൊബൈലില്‍ തപ്പിയെടുത്ത് നല്‍കിയ ഫോണ്‍ നമ്പറില്‍ ഡയല്‍ ചെയ്യുമ്പോള്‍ കൈകളോടൊപ്പം, ഹൃദയവും, മനസ്സും വിറക്കുന്നു. കണ്ണുകളില്‍ എന്തിനെന്നറിയാതെ നനവു പടരുന്നു.

അപ്പുറത്ത് ഫോണെടുക്കുന്നു.... പരിചയപ്പെടുത്തി.... ഓര്‍മ്മയില്‍ നിന്നും ഓര്‍ത്തെടുത്ത സ്നേഹവും വാത്സല്യവും നിറഞ്ഞ പതറുന്ന ശബ്ദം.....

"എടാ.......നീ....."

അയാള്‍ വിശേഷങ്ങള്‍ പറഞ്ഞു പരീക്ഷാ ജോലിയുമായി പഴയ വിദ്യാലയത്തില്‍ എത്തിച്ച വിധിയുടെ കാത്തുസൂക്ഷിപ്പുകളെപ്പറ്റി പറഞ്ഞു .....

"യൂണിവേഴ്സിറ്റി ലെവലില്‍ പഠിപ്പിക്കാനുള്ള കാലിബര്‍ നിനക്കുണ്ടായിരുന്നു....."
"അതെന്താ മേം.... ഞാന്‍ ഇപ്പോള്‍ തിരഞ്ഞെടുത്ത വഴി മോശമാണോ....."
"ഇല്ല കുഞ്ഞേ.... ഒട്ടും മോശമല്ല.... കുഞ്ഞു കണ്ണുകളില്‍ വെളിച്ചം പകരുന്നതിന്റെ പുണ്യവും ചാരിതാര്‍ത്ഥ്യവും ഒരു യൂണിവേഴ്സിറ്റി പ്രൊഫസര്‍ക്കും ലഭിക്കില്ല..... "

ടീച്ചറുടെ വിശേഷങ്ങള്‍ മുഴുവനും അറിഞ്ഞ് ഫോണ്‍ കട്ടു ചെയ്യുമ്പോഴേക്കും ഫോണിലേക്ക് അയാളുടെ കൂട്ടുകാരിയുടെ വിളി വന്നു. കൂട്ടുകാരി എന്തെല്ലാമോ ചോദിക്കുന്നും, പറയുന്നുമുണ്ട്. വേണ്ടപോലെ മറുപടി പറയാനാവുന്നില്ല. മനസ്സ് എവിടേയും നില്‍ക്കുന്നില്ല. അത് കാലത്തിന്റെ അതിരുകള്‍ കടന്ന് പിന്നോട്ട് പായുകയാണ്..... അവളോട് എങ്ങിനെയാണ് ഇതെല്ലാം പറയുക.....

സംസാരിക്കാനുള്ള അയാളുടെ താല്‍പ്പര്യക്കുറവാണെന്ന് തെറ്റിദ്ധരിച്ച് കൂട്ടുകാരി ഫോണ്‍ കട്ട് ചെയ്തു.......

മനസ്സില്‍ സ്നേഹത്തിന്റെയും , ത്യാഗത്തിന്റേയും മൂര്‍ത്തിമത് ഭാവമായി ക്ലാരടീച്ചര്‍ നിറയുകയാണ്....

കീറിയ കുപ്പായവും, മുണ്ടുമായി ക്ലാസിലിരിക്കുന്ന ഒമ്പതാം ക്ലാസുകാരന്‍ പയ്യന്റെ പേപ്പര്‍ ഏറ്റവും അവസാനമാണ് ടീച്ചര്‍ പുറത്തെടുക്കുക.....

"എടാ കഴുതകളേ …....." - ടീച്ചര്‍ കഴുതകളേ എന്നു വിളിക്കുമ്പോള്‍ കുട്ടികളിൽ ആര്‍ക്കും ഒട്ടും വിഷമം തോന്നാറില്ല. കാരണം ആ വിളിയില്‍ നിറയെ പ്രസാദാത്മകമായ സ്നേഹം നിറഞ്ഞു കവിയുന്നത് എല്ലാവരും തിരിച്ചറിയും.

"എങ്ങിനെയാണ് പഠിക്കേണ്ടതെന്നും, പരീക്ഷയെഴുതേണ്ടതെന്നും .... ഇതാ... ഇതാ... ഇവനെ കണ്ട് പഠിക്കണം നിങ്ങള്‍ ....."

പിന്നെ ടീച്ചര്‍ ആ കൗമാരക്കാരനെ തന്നോട് ചേര്‍ത്തു പിടിക്കും, അന്‍പതില്‍ അന്‍പതും തിളങ്ങുന്ന അവന്റെ പേപ്പറിലെ ഓരോ അക്ഷരവടിവും മാതൃകകളായി മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും....

വെകിട്ട് വീട്ടിലേക്കു ഓടുമ്പോള്‍ ഉച്ചപ്പട്ടിണിയുടെ തളര്‍ച്ച അവന്റെ കാലുകള്‍ അറിയുകയില്ല. അവന് തിരക്കാണ്. വിശേഷങ്ങള്‍ മുഴുവന്‍ അവന്റെ അമ്മയോട് പറയാനുള്ള തിരക്ക്.....

ഈശ്വരാ.... വാര്‍ദ്ധക്യത്തിന്റെ വേദനകള്‍ കൊണ്ട് ടീച്ചറെ അലട്ടരുതേ, അവര്‍ക്ക് നല്‍കാന്‍ കരുതി വെച്ച വേദനകളും കഷ്ടപ്പാടുകളും കൂടി എനിക്കു തന്ന് ടീച്ചര്‍ക്ക് നല്ലതു മാത്രം നല്‍കണേ ....

പരീക്ഷക്കുള്ള ബെല്ലടിച്ചു. കണ്ണുകളിലെ നനവ് മുഖത്തേക്ക് ഒഴുകിപ്പടര്‍ന്നത് മറ്റുള്ളവര്‍ കണ്ടാല്‍ നാണക്കേടാണ്. അയാള്‍ മുഖം കഴുകി, പരീക്ഷാഹാളിലേക്ക് നടന്നു.....