തുംഗഭദ്രയിൽ പകലുണരുമ്പോൾ

' ഗംഗേ യമുനേ ചൈവ
ഗോദാവരി സരസ്വതി
നർമദേ സിന്ധു കാവേരി
ജലേ-അസ്മിൻ സന്നിധം കുരു….'

                         തുംഗഭദ്രയിൽ  പകൽ  ഉണരുകയായിരുന്നു. ആകാശത്തിന്റെ അതിരുകളിൽ പതിയെ  പടരുന്ന  വെളിച്ചം  നദിയിലെ ഓളങ്ങളെ  സ്വർണാഭമാക്കി. കിഴക്കോട്ട്  തിരിഞ്ഞ് മുങ്ങിനിവർന്ന്  കൈക്കുമ്പിളിൽ  കോരിയെടുത്ത  ജലം  ഉദിച്ചുയരുന്ന  സൂര്യനുനേരെ  നീട്ടി ഞാൻ    നിമിഷം  എനിക്കു  തന്ന  നിയതിയുടെ നിയോഗത്തിനു  നന്ദി  പറഞ്ഞു. ഭാരതീയമായ  നദികളെ  മനസ്സിലാവാഹിച്ച്., അറിഞ്ഞും  അറിയാതെയും  ചെയ്തുപോയ തെറ്റുകൾക്ക്  പഞ്ചഭൂതങ്ങളോട്  മാപ്പിരന്നു....  വീണ്ടും  മുങ്ങി  ഉയരവെ  എന്റെ  കണ്ണുകളിൽ പടർന്ന  നനവ്  ഏറ്റുവാങ്ങി  തുംഗഭദ്ര  ഒഴുകി…....

                         
ഷിമോഗയിൽ  നിന്ന്  ചിത്രദുർഗയിലേക്ക്  അതിരാവിലെയുള്ള  ബസിൽ ആളുകൾ  കുറവായിരുന്നു ....,  ബസ്  കടന്നുപോവുന്ന  ഹോളഹന്നൂർ-ചന്നഗിരി റോഡിൽനിന്നും  രണ്ടു  കിലോമീറ്ററോളം  അകലെയാണ് തുംഗ-ഭദ്ര സംഗമം. പുറപ്പെടും മുമ്പ്  ഷിമോഗ  ബസ് സ്റ്റാൻഡിൽ  വെച്ചുതന്നെ കണ്ടക്ടറുമായി ചങ്ങാത്തം  കൂടിയതുകൊണ്ട്  സംഗമത്തിലേക്കുള്ള  പാത  ആരംഭിക്കുന്ന  ചെറിയ കവലയിൽ അയാൾ  വിസിലടിച്ച്   ബസ്  നിർത്തി.   ഇറങ്ങുന്നതിനുമുമ്പ്   എനിക്കു  പോവേണ്ട  വഴിയെക്കുറിച്ച്  ഏകദേശധാരണയും  തന്നു    നല്ല  മനുഷ്യൻ.

                          അൽപ്പമാത്രയിൽ  നമ്മുടെ  ജീവിതത്തിലേക്ക്   സ്നേഹം  ചൊരിഞ്ഞ്  എങ്ങോ പോയ് മറയുന്ന  നന്മനിറഞ്ഞ  മനുഷ്യരെക്കുറിച്ച്  ഓർത്തുകൊണ്ട്   ഞാൻ  ബസ്സിറങ്ങി നെൽപ്പാടങ്ങൾക്കു  നടുവിലൂടെയുള്ള   ചെറിയ  റോഡിലൂടെ നടന്നു...., നേരം വെളുത്തിരുന്നില്ല...,  വഴിയിൽ ഇരുളും നിലാവും പിണഞ്ഞു  കിടന്നു....., നിലാവു വീണുകിടന്ന വിശാലമായ നെൽപ്പാടങ്ങളും അതിരിട്ട ചെറുകുന്നുകളും പഴയകാല കേരളഗ്രാമങ്ങളുടെ ഭൂപ്രകൃതിയെ അനുസ്മരിപ്പിച്ചു...

                          അതിപുരാതനകാലം  മുതൽ  ജനവാസമുണ്ടായിരുന്ന  സ്ഥലമാണ് തുംഗഭദ്രാനദീതടം.,  വാത്മീകിരാമായണത്തിൽ  പമ്പ  എന്നറിയപ്പെടുന്ന  നദി  തുംഗഭദ്രയാണെന്നു  കേട്ടിട്ടുണ്ട്.... അങ്ങിനെ  ആണെങ്കിൽ  മാതംഗമുനിയുടെ ആശ്രമം നിന്നത്  ഇവിടെ  എവിടെയോ   ആയിരുന്നിരിക്കണം....  ദീർഘനാളുകളുടെ   കാത്തിരിപ്പിനൊടുവിൽ  വയോവൃദ്ധയായ  ശബരി  രാമസായൂജ്യം നേടിയതും  ഇവിടെവെച്ചുതന്നെ....  ശിവപ്രീതിക്കായി  പാർവ്വതി  തുംഗഭദ്രാസംഗമതീരത്ത്  തപസ്സനുഷ്ഠിച്ചിട്ടുണ്ടെന്നു  ശിവപുരാണം പറയുന്നു.  യൗവനാംഗങ്ങളെ   മരവുരികൊണ്ടും, രുദ്രാക്ഷമാലകൾകൊണ്ടും  മറച്ച് .,  ജടപിടിച്ച മുടിയും, ഭസ്മക്കുറികളുമായി  ഹിമാലയസാനുക്കളിലും,   തുംഗഭദ്രാതീരത്തും  പ്രണയപരവശയായി  നടന്ന  പാർവ്വതിക്ക്  അനുരാഗിണികളുടെ  പതിവുസങ്കൽപ്പത്തിൽനിന്നും  വിഭിന്നമായൊരു  മുഖമാണുള്ളത്.....   ഇന്ദ്രിയനിഗ്രഹം  സാധിച്ച്., നിഷ്കാമനും,  സംഹാരരുദ്രനുമായ   ഇണയിലെ  പ്രണയഭാവത്തെ  ഉണർത്തി.,  രാസക്രീഢയിലൂടെ  അവനിൽ അന്തർലീനമായ സൃഷ്ടിയുടെ  ജൈവരേതസ്സുകൾ  തന്നിൽ ആർജിക്കുവാനുള്ള നിശ്ചയദാർഢ്യത്തോടെ ഈ താഴ്വരകളിലെവിടെയോ ഉള്ള  ആശ്രമവാടത്തിൽ  ഏകാഗ്രമായ തപശ്ചര്യയിൽ  മുഴുകി പത്മാസനത്തിൽ  ഇരുന്ന  ദേവിയുടെ  ചിത്രം  ഞാൻ മനസ്സിൽ സങ്കൽപ്പിച്ചു നോക്കി....,  

                         രാമകഥയിലെ  വാനരന്മാരും,  അനാര്യ ഋഷിമാരും, രാക്ഷസന്മാരും വിന്ധ്യപ്രദേശത്തിലേയും മദ്ധ്യ-ദക്ഷിണഭാരതത്തിലേയും ആദിവാസികളായിരുന്നിരിക്കണം.,  നാടോടിഗായകർ പാടിനടന്ന പാട്ടുകളിൽ  നിറയെ അസാദ്ധ്യവും അമാനുഷികവുമായ   കാര്യങ്ങളും,  ഭാവനയുടെ  നിറക്കൂട്ടുകളുമാണ്...  എന്നാലും  പുരാണങ്ങളും, കഥകളും, ഉപകഥകളും കൂടിക്കുഴഞ്ഞ ഈ മണ്ണ് ദക്ഷിണേന്ത്യയിലെ ആദിമജനവാസമേഖലകളിലൊന്നാണ്  എന്ന കാര്യം ഉറപ്പാണ് . ഭാരതഖണ്ഡത്തിൽ  ആദിമ  മാനവസംസ്കൃതി പിച്ചവെച്ച  ഭൂമികളിലൊന്നാണ്  ഏകാന്തമായ ഈ പുലർകാലയാത്രയിൽ നിഴലും നിലാവും കൂടിക്കലർന്ന് എന്റെ മുന്നിൽ പരന്നു കിടക്കുന്നത്.....   

                         കിഴക്കൻ മാനത്ത് കുന്നുകൾക്കുമുകളിലായി ശുക്രഗ്രഹം ഉദിച്ചു നിന്നു.,  പ്രാചീനഗോത്രസമൂഹങ്ങൾ  ഈ മണ്ണിലൂടെ അലയുമ്പോഴും.,  ജീവസ്പന്ദനങ്ങളുടെ പുലരികളും അസ്തമയങ്ങളും നോക്കി  മാനത്ത്  ഉദിച്ചു നിന്നുകാണും ഭാരതീയർ ഒറ്റക്കണ്ണനായ അസുരഗുരുവിനോടും, ഗ്രീക്കുകാർ വീനസിന്റെ തീക്ഷ്ണസൗന്ദര്യത്തോടും ഉപമിച്ചുപോരുന്ന ഏകാകിയായ ഗ്രഹശോഭ.….   

                          പലതരം  ചിന്തകളുടെ ആത്മീയമായ അനുഭൂതികൾ നിറച്ചു തന്ന പ്രഭാതസവാരി ആസ്വദിച്ചുകൊണ്ടു ഞാൻ മുന്നോട്ടു നീങ്ങുമ്പോൾ സംഗമസ്ഥനത്തെ പുരാതനമായ ക്ഷേത്രത്തിൽ നിന്നുള്ള ശംഖുവിളി കേട്ടു - 'തുംഗഭദ്രയിൽ പകലുണരുകയാണ്....'

                         തീരത്തുള്ള ഹൊയ്ശാല ശിൽപ്പനിർമാണരീതിയിൽ പണിത ക്ഷേത്രത്തിനടുത്തുനിന്നുള്ള  പടിക്കെട്ടുകൾ  ഇറങ്ങിച്ചെന്ന്   ഞാൻ  തുംഗയും, ഭദ്രയും ഒഴുകിവന്ന്  തുംഗഭദ്രയായി  മാറുന്നത് കണ്ടു നിന്നു.... നിലാവ് അസ്തമിക്കാൻ തുടങ്ങുന്നു., കിഴക്ക് വെള്ള കീറുന്നു.,  നദിയിലേക്കിറങ്ങുമ്പോൾ പണ്ട്  പ്രൈമറിക്ലാസിൽ  വെച്ച് ദക്ഷിണേന്ത്യയിലെ പ്രധാനനദികളുടെ പേരുകൾ ഉരുവിട്ട്  പഠിച്ചത്  ഓർത്തു. അപ്രാപ്യമായ  ഏതോ ദേശത്ത് ഒഴുകുന്ന ഒരു നദി എന്ന് മനസ്സിലെഴുതിയ നദിയിൽ ഞാനിതാ  ഉദിച്ചുയരുന്ന  സൂര്യബിംബം സാക്ഷിയായി മുങ്ങി ഉയരാൻ പോവുന്നു……!

                         നദിക്കഭിമുഖമായി നിന്ന എന്റെ ഇടതുഭാഗത്തുകൂടി തുംഗയും വലതുഭാഗത്തുകൂടി  ഭദ്രയും ഒഴുകി വന്നു. പശ്ചിമഘട്ടത്തിലെ വരാഹ പർവ്വതത്തിൽ നിന്നാണ് തുംഗ ഉരുവം കൊള്ളുന്നത്., കുദ്രിമുഖിനടുത്താണ് ഭദ്രയുടെ പ്രഭവസ്ഥാനം. സംഗമലഹരിയിൽ പരസ്പരം പുണർന്ന്., ചുഴികളും, മലരികളും തീർത്ത് തുംഗഭദ്ര പുത്തൻ ഭാവം കൈവരിക്കുന്ന കാഴ്ച ഞാൻ നോക്കിനിന്നു... ഡക്കാൻ പീഠഭൂമിയിലൂടെ വളഞ്ഞും,പുളഞ്ഞും., ഇടക്ക് സൗമ്യശീലയായും, ഇടക്ക് രൗദ്രഭാവം പൂണ്ടും., കൃഷ്ണയിൽ വിലയം പ്രാപിച്ച് മുക്തിനേടുവാനായി തുംഗഭദ്ര  യാത്രയാവുകയാണ്…..

                         ഹൊയ്ശാലരുടേയും, വിജയനഗരത്തിന്റെയും പ്രതാപകാലത്തിനും, തകർച്ചക്കും സാക്ഷ്യം വഹിച്ചത് നദിയാണ്….. ഹംപിയിലെ കൃഷ്ണശിലകളെ ധന്യമാക്കിയതും നദിതന്നെ. പുരാതനമായൊരു കാലത്ത്.,  പുലർകാലത്തെഴുന്നേറ്റ്   തുംഗഭദ്രയിൽ  സ്നാനം ചെയ്ത്, നീണ്ടു ചുരുണ്ട മുടി മാടിയൊതുക്കി., അരോഗദൃഢഗാത്രരും മാസ്മരികമായ പുരുഷ ചൈതന്യമുള്ളവരുമായ  യുവശിൽപ്പികൾ  നദീതീരത്തിരുന്ന്  കൃഷ്ണശിലകളുടെ മനസ്സ് അതിസൂക്ഷ്മമായി  രാകിമിനുക്കിയിട്ടുണ്ടാവും….,  കാലം  തകർത്തെറിഞ്ഞിട്ടും  പുനർജനി  നേടിയ  ഹംപിയിലെയും, ഹലേബീടിലേയും   ശിൽപ്പങ്ങളിൽ അവർ കോറിയിട്ടത് മനസ്സിന്റെ ഉള്ളറകളിൽ  കൊണ്ടുനടന്ന പ്രണയിനികളുടെ തുടിക്കുന്ന യൗവ്വനകാന്തിയാവും….., മൃദുലഹൃദയരായ യുവശിൽപ്പികളുടെ ഭഗ്നപ്രണയനൊമ്പരങ്ങളും നദി ഏറെ ഏറ്റുവാങ്ങിയിട്ടുണ്ടാവും….  

                        വിജയനഗരസാമ്രാജ്യം കണ്ട പരശ്ശതം യുദ്ധങ്ങളുടെ ആരവങ്ങൾ നദിയുടെ ഓളങ്ങളിൽ ഇപ്പോഴും പ്രതിദ്ധ്വനിക്കുന്നുവോ….?! വൈജയന്തിയിലെ ശതവാഹനർ, ബനബാസിയിലെ കാടംബർ, വാതാപിയിലെ ചാലൂക്യർ, മണിക്കേട്ടയിലെ രാഷ്ട്രകൂടർ…..., പടയോട്ടങ്ങളുടെയും, പ്രണയനൊമ്പരങ്ങളുടേയും പ്രതിധ്വനികൾ മനസിൽ ചേർത്തുവെച്ച് കാലവാഹിനിയായി തുംഗഭദ്ര ഒഴുകുകയാണ്……!!

                         കുളിച്ചുതോർത്തുമ്പോഴേക്കും വെളിച്ചം പരന്നു കഴിഞ്ഞിരുന്നു. പടിക്കെട്ടുകൾ കയറി പുരാതനമായ ക്ഷേത്രത്തിലെ കൊത്തുപണികൾ കണ്ട് ഞാൻ നടന്നു. ഹംപിയിലും, ഹലേബീടിലും മറ്റും കാണുന്ന ഹൊയ്ശാല ശിൽപ്പകല മാതൃകയാണ് ഇവിടെയും കാണാനാവുന്നത്. ഇന്ത്യയിലെ വാസ്തു-ശിൽപ്പകലകളിൽ കാലവും ഭരണകൂടങ്ങളും കൃത്യമായ കൈയ്യൊപ്പു ചാർത്തിയിട്ടുണ്ട്. ശിൽപ്പനിർമാണ പാരമ്പര്യങ്ങളിലെ വൈവിധ്യങ്ങൾ അവിടെ നമുക്കു വായിച്ചെടുക്കാനാവും…. ഹൊയ്ശാല സമ്പ്രദായത്തിൽ നിന്നു തികച്ചും വിഭിന്നമായ ചോഴശിൽപ്പകലയുടെ പാരമ്പര്യമാണ് ചിദംബരത്തും, തഞ്ചാവൂരിലും കാണാനാവുക. മഹാബലിപുരത്തെത്തുമ്പോൾ പല്ലവ പാരമ്പര്യത്തിന്റെ മറ്റൊരു മുഖം നാം കാണുന്നു.…. ഖജുരാഹോ, കൊണാർക്, ആഗ്ര, …….. പട്ടിക നീളുന്നുവൈവിധ്യപൂർണമായ ഭാരതീയ വാസ്തു-ശിൽപ്പ കലാപാരമ്പര്യത്തിന്റെ വിഭിന്ന മുഖങ്ങൾ നാം ഓരോ ഇടത്തിലും അനുഭവിക്കുന്നു.

                         നേരം വെളുത്തതോടെ ഒന്നു രണ്ടു ടൂറിസ്റ്റ് ബസ്സുകൾ വന്നുനിന്നു. അതിൽ നിന്നും സഞ്ചാരികളുടെ കൂട്ടങ്ങൾ കലപില വർത്തമാനങ്ങളുമായി ഇറങ്ങി വന്നു. ഇന്ത്യയിൽ സഞ്ചാരികൾ വന്നെത്തുന്ന ക്ഷേത്രങ്ങളിലെല്ലാം അവരെ വലവീശി പണം തട്ടാൻ വിരുതന്മാരായ ചില പുരോഹിതന്മാർ ഇരകളെ നോക്കി ഇരിക്കുന്നതു കാണാം…. വരുന്ന ആളിന്റെ പണക്കൊഴുപ്പു നോക്കി സംസ്കൃത ശ്ലോകങ്ങളുടെ കെട്ടുകളഴിച്ച് ആളുകളെ വീഴ്ത്താൻ വിദഗ്ദരാണവർ. കർണാടകയുടെ  ഏതോ ഭാഗത്തുനിന്ന് വന്നെത്തിയ ഗ്രാമീണരുടെ ഒരു സംഘത്തെ വലവീശിയിരിക്കുകയാണ് ഒരു വിരുതൻ. അവരേയും കൂട്ടി പുഴയുടെ പടിക്കെട്ടിൽ ചെന്നിരുന്ന് അയാൾ എന്തൊക്കെയോ പ്രാർത്ഥനകൾ ചൊല്ലുന്നു. പല ദിക്കിലേക്കും തിരിഞ്ഞു നിന്ന് തൊഴുകൈയോടെ അയാൾ പറഞ്ഞുകൊടുക്കുന്ന മന്ത്രങ്ങൾ അവർ ഉരുവിടുന്നു. ഒടുവിൽ കാൽതൊട്ടു വന്നിച്ച് അൻപതും, നൂറും രൂപയുടെ ദക്ഷിണ സമർപ്പിക്കുന്നു…..!? തികച്ചും വ്യക്തിനിഷ്ഠമാവേണ്ട ആത്മീയതക്ക് ഇത്തരമൊരു മാനം ഊട്ടിയെടുത്തത് പൗരോഹിത്യത്തിന്റെ അപാരമായ ബുദ്ധിപാടവം തന്നെ…..!! 

                         പകലുണർന്നു കഴിഞ്ഞു. തുംഗഭദ്രയിൽ വെയിൽനാളങ്ങൾ തിളങ്ങുന്നു. പുലർച്ചക്കു കണ്ട സൗമ്യതയും ശാന്തതയും വിട്ട് രൗദ്രതാളത്തിൽ തുംഗഭദ്ര ഒഴുകുകയാണ്……
 

ഇനി ചിത്രങ്ങൾ സംസാരിക്കട്ടെ....

തുംഗഭദ്രയിൽ പകലുണരുമ്പോൾ......
തുംഗ.....
ഭദ്ര.....
സംഗമം.....

സംഗമം - മറ്റൊരു ദൃശ്യം.....
സംഗമം കഴിഞ്ഞ് ഡക്കാന്റെ സമതലങ്ങളിലേക്ക്.....
കാലം സാക്ഷിയായ്... സംഗമസ്ഥാനത്തെ ക്ഷേത്രം.

ശിൽപ്പകവാടങ്ങൾ.....
സംഗമസ്ഥനത്തെത്തുന്ന  തീർത്ഥാടകർ....

  മടക്കയാത്രയിൽ......
നമുക്ക് അന്യമാവുന്ന വയൽവരമ്പുകൾ .....
കുന്നുകൾ അതിരിട്ട വയലുകളും, കവുങ്ങിൻ തോട്ടങ്ങളും...

(ഒന്ന്, എട്ട്, ഒൻപത് എന്നീ  ചിത്രങ്ങൾക്ക്  ഗൂഗിളിനോട്  കടപ്പാട് )

48 അഭിപ്രായങ്ങൾ:

 1. ഹോസ്പേട്ടിനടുത്താണ് തുംഗഭദ്ര ഡാം. അത് മറ്റൊരു കാഴ്ചയാണ്. ഹോസ്പേട്ടിൽ നിന്ന് ഹംപിയിലേക്ക് അധികം ദൂരമില്ല.....

  ഒരു നദി തന്ന ചിന്തകൾ പങ്കുവെക്കുന്നു....

  മറുപടിഇല്ലാതാക്കൂ
 2. Enjoying the best peace of mind with powerful thoughts erasing negative ones and possessing a great freedom in simplicity of living..
  I doubt now, ' Is this a pilgrim wandered with purpose to awaken the divine nature that is within you.. ?'
  " The valid research for the future is on the inner side, on the spiritual side" - I admit this now..thanks dear..
  with best images of holy rivers joining Sangamam the trip is amzing...!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. Rivers born from the cohabitation of Rain and Earth.
   Rain showers the drops of life into the love of Earth.
   Earth absorbs those drops during their intimate moments...
   Mother Earth shapes raindrops from her womb and Gives birth to Rivers…
   River is the plural of rain.....

   As the intimate companion of drizzles and showers from heaven.,I hope you are an admirer of beautiful rivers flowing on the lap of earth….

   Still I am doubtful about the divine and spiritual nature within me. I don’t know the meaning of pilgrimage and spiritual pursuits.For me the ideal or spirituality is nothing else than the material world reflected by the human mind, and translated into forms of thought. My quest is in search of beauty of nature, the humans and their social living.

   No words to express my love and happiness for your encouragements and affection showered on silly writings of persons like me…

   ഇല്ലാതാക്കൂ
 3. തുംഗഭദ്രയെ കുറിച്ച് ആദ്യമായ്‌ കേട്ടിരിക്കുന്നത് വിക്രമാദിത്യന്‍ കഥകളിലായിരുന്നു...
  എനിക്കിപ്പോഴും തുംഗഭദ്ര കാതങ്ങള്‍ അകലായാണ്...
  ബംഗ്ലൂരില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഹംപി യാത്ര പ്ലാന്‍ ചെയ്തെങ്കിലും അന്നത് നടക്കാതെ പോയി...

  മാഷിങ്ങനെ എഴുതി കൊതിപ്പിച്ചോ.... :)
  യാത്ര തുടരൂ... ഇവിടിരുന്ന് ഇതൊക്കെ വായിച്ചു മനസ്സില്‍ ഒരു യാത്ര നടത്താലോ....
  സ്നേഹം....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. തീർച്ചയായും സന്ദീപ്....
   തുംഗഭദ്ര മനസ്സിലേക്കു കയറിക്കൂടുന്നത് ഇത്തരം കഥകളിലൂടെയാണ്. ആ പേരിന്റെ സൗന്ദര്യം പോലും നമ്മെ വശീകരിക്കുന്നുണ്ട്....

   തുംഗഭദ്രയും, ഹംപിയുമൊന്നും കാതങ്ങൾ അകലെയല്ല. കൊടുങ്ങല്ലൂരിൽ നിന്ന് ഒരു രാത്രിയാത്രയുടെ ദൂരമേയുള്ളു. സമയം കിട്ടുമ്പോൾ ഒന്നു പോകൂ..... യാത്ര വെറുതെ ആവില്ല....

   ഇല്ലാതാക്കൂ
 4. തുടക്കത്തിൽ ഒരു കഥയാവുമെന്നാണു കരുതിയത്. ഒരു യാത്രയ്ക്ക് ഞാനും കൊതിക്കുന്നു ഇപ്പോൾ. ഹോസ്പേട്ടും, ബെല്ലാരിയിലും കുറച്ച് കാലമുണ്ടായിട്ടും, ഹംപിയിലെ ശിലകളും, കരിമ്പ്,നെൽ പാടങ്ങളും, കന്നുകാലിച്ചൂരുള്ള വഴികളും,കരിമ്പ് പോലെ അകം മധുരിക്കുന്ന മനസ്സുള്ള, മണ്ണു പറ്റിയ വെള്ളവസ്ത്രമണിഞ്ഞ കറുത്ത മനുഷ്യർ തിങ്ങി നിറഞ്ഞ ട്രാക്ടറുകളും, പഴകിയ ബസും , ചെറുഗ്ലാസിലെ കടും നിറമുള്ള ചായയും, ചൂടേറിയ സെറ്റ് ദോശയും ഒക്കെയേയുള്ളു എന്റെ ഓർമ്മകളിൽ ബാക്കി. ഇവിടേക്ക് എനിക്കുമൊരു യാത്ര പോവണം. പിന്നെയും കുറച്ച് സ്ഥലങ്ങൾ ബാക്കി, കുടജാദ്രി പോലെ....

  നന്ദി പ്രദീപ്ജി.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കർണാടകയുടെ ഗ്രാമവിശുദ്ധി സുമേഷ് ചുരുങ്ങിയ വാക്കുകൊണ്ടു വരച്ചു....
   കുടജാദ്രിയൊന്നും അധികം അകലെയല്ലല്ലോ - പോവണം സുമേഷ്....
   സ്നേഹപൂർവ്വം.....

   ഇല്ലാതാക്കൂ
 5. അങ്ങനെ പുതിയ ഒരു സ്ഥലം കൂടി പരിചയപ്പെട്ടു..

  മറുപടിഇല്ലാതാക്കൂ
 6. ചിത്രങ്ങളാലും നല്ല വിവരണത്താലും ഈ പോസ്റ്റും അവിടുത്തെ പോലെ തിളങ്ങി
  ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 7. ഒരു കാര്യം പറയട്ടെ.. എഴുതാന്‍ എന്താ ഇത്ര മടി. ഒരു മനോഹര യാത്രാ വിവരണത്തിന്റെ തുടക്കം നല്‍കി പെട്ടെന്ന് നിര്‍ത്തിയ പ്രതീതി. ചിത്രങ്ങള്‍ സംസാരിക്കും. പക്ഷെ അതിലും മനോഹരമായി വാക്കുകള്‍ സംസാരിക്കുമെങ്കില്‍ എന്തിനീ അലസത ? എഴുതിയ ഇടത്തോളം വളരെ നന്നായിട്ടുണ്ട്. ഇനിയും പറയാതെ ബാക്കി വച്ച ആ വിവരണം തുടരുമല്ലോ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയപ്പെട്ട നിസാർ....
   എഴുതി വന്നപ്പോൾ ഇത്തിരി നീണ്ടുപോയി.... ബ്ലോഗ് എഴുത്തിന്റെ പരിമിതികളിലേക്ക് വീണ്ടും വീണ്ടും ചുരുക്കിയയതാണ് ഇപ്പോൾ കാണുന്ന രൂപം.
   നിസാറിന്റെ വാക്കുകൾ കേട്ടപ്പോൾ കുറച്ചുകൂടി എഴുതാമായിരുന്നു എന്നു തോന്നുന്നു.....

   ഇല്ലാതാക്കൂ
 8. ഹംപിയില്‍ പോയ ഒരു ദിവസം ഓര്‍മ്മ വരുന്നു .എന്നെ ഇത്രെയേറെ അത്ഭുതപ്പെടുത്തിയ വേറൊരു സ്ഥലമില്ല .അന്ന് തിരക്ക് ഉണ്ടായിരുന്നത് കൊണ്ട് ടാക്സി ഡ്രൈവര്‍ തുന്ഗഭദ്ര കാണാം എന്ന് പറഞ്ഞിട്ട് പോകാന്‍ കഴിഞ്ഞില്ല .ഫോട്ടോകള്‍ നന്നായിരിക്കുന്നു .കഥകള്‍ക്ക്‌ നഷ്ടം ആണെങ്കിലും യാത്രാവിവരണ സാഹിത്യത്തിന് മുതല്‍ക്കൂട്ട് ആകട്ടെ മാഷിന്റെ രചനകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. തുംഗഭദ്ര അനുഭവിക്കാതിരുന്നത് നഷ്ടമായി.....
   ഒരിക്കൽ അറിയൂ സിയാഫ്....
   ഫോട്ടകളെഹ്കിലും നന്നായി എന്നറിയുന്നത് ഏറെ ആഹ്ലാദകരം....

   ഇല്ലാതാക്കൂ
 9. പ്രദീപേട്ടാ ..ഈ ബ്ലോഗ്‌ എപ്പോ തുടങ്ങി ? ഇതിപ്പോഴാ കാണുന്നത് ..എന്തായാലും എന്നേലും ഈ സ്ഥലത്തൊക്കെ പോകണം എന്നൊരു ആഗ്രഹം തോന്നി പോകുന്നു ..നല്ല വിവരണം ...കുറച്ചും കൂടി എഴുതാമായിരുന്നു ..ഈ ചിത്രങ്ങള്‍ ഒന്നിച്ചിങ്ങനെ ഇടുന്നതിലും നല്ലത് ഇടയില്‍ ഇടയില്‍ വിവരണങ്ങള്‍ എഴുതിയിരുന്നെങ്കില്‍ ഒന്ന് കൂടി രസമായേനെ ...

  വീണ്ടും വരാം ..ആശംസകളോടെ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വിവരണത്തിനിടയിലേക്ക് ചിത്രം തിരുകേണ്ട എന്നു തോന്നി പ്രവീൺ. അതാണ് ഈ ഫോർമാറ്റ് ഉപയോഗിച്ചത്... നല്ലൊരു നിർദേശത്തിന് എന്റെ സ്നേഹം അറിയിക്കുന്നു....

   ഇല്ലാതാക്കൂ
 10. മാഷ്‌ വീണ്ടും കൊതിപ്പിക്കുകയാണല്ലേ...അസ്സലായിരിക്കുന്നു വിവരണം.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കൊതിപ്പിക്കാനവുന്നതും സന്തോഷം തരുന്ന കാര്യം....

   ഇല്ലാതാക്കൂ
 11. വാക്കുകളെക്കാള്‍ നല്ല ചിത്രങ്ങളോ..?
  ചിത്രങ്ങളെക്കാള്‍ നല്ല വാക്കുകളോ..?

  യാത്രാവിവരണങ്ങളെന്ന ശാഖയില്‍ നിന്നുയര്‍ന്ന് വേറൊരു തലത്തിലെത്തിനില്‍ക്കുന്ന യാത്രാവിവരണം

  നന്ന് പ്രദീപ്.

  മറുപടിഇല്ലാതാക്കൂ
 12. ഇന്ദ്രിയനിഗ്രഹം സാധിച്ച്., നിഷ്കാമനും, സംഹാരരുദ്രനുമായ ഇണയിലെ പ്രണയഭാവത്തെ ഉണർത്തി., രാസക്രീഢയിലൂടെ അവനിൽ അന്തർലീനമായ സൃഷ്ടിയുടെ ജൈവരേതസ്സുകൾ തന്നിൽ ആർജിക്കുവാനുള്ള നിശ്ചയദാർഢ്യത്തോടെ ഈ താഴ്വരകളിലെവിടെയോ ഉള്ള ആശ്രമവാടത്തിൽ ഏകാഗ്രമായ തപശ്ചര്യയിൽ മുഴുകി പത്മാസനത്തിൽ ഇരുന്ന ദേവിയുടെ ചിത്രം ഞാൻ മനസ്സിൽ സങ്കൽപ്പിച്ചു നോക്കി....,

  ന്റെ മാഷേ എനിക്കെന്നെങ്കിലും കഴിയുമോ ഈ സ്ഥലങ്ങളിലൂടെയൊന്ന് യാത്ര പോകാൻ ? ഞാൻ ഇന്ത്യയിലെ മിക്ക തീർത്ഥാടന സ്ഥലങ്ങളും പരിചയപ്പെട്ടിരിക്കുന്നത്,കൈരളി ടി.വി യിലെ ഫ്ലേവേഴ്സ് ഓഫ് ഇന്ത്യയിലെ യാത്ര കണ്ടിട്ടാണ്. അതിലിന്ത്യയിലെ ഒട്ടുമിക്ക തീർത്ഥാടന കേന്ദ്രങ്ങളും 'ലക്ഷ്മി നായർ' കൊണ്ട് ചെന്ന് നമ്മെ പരിചയപ്പെടുത്തുന്നുണ്ട്. അങ്ങനെ അതിലെ വർണ്ണന കണ്ടപ്പഴേ മനസ്സിൽ തോന്നിയ ഒരു കടുത്ത ആഗ്രഹമാണ് ഈ സ്ഥലങ്ങളിലൊക്കെ ഒന്ന് യാത്ര പോകണം ന്ന്.

  ഞാൻ കുറച്ച് വരികൾ ഇങ്ങോട്ട് കോപ്പി ചെയ്തെടുത്തത്,അതിലെ ആ വാക്കുകളുടെ സന്ദര്യം കണ്ടാണ്.!
  എങ്ങനെയാണ് ഇങ്ങനെ,ഇത്രയ്ക്ക് മനോഹാര്യതയോടെ മലയാള വാക്കുകൾ അടുക്കി അർത്ഥവത്തായി വിന്യസിക്കുന്നത്. ? എനിക്ക് നല്ല ആഗ്രഹവും ഇഷ്ടവും തോന്നുന്നു മാഷേ. ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എന്നോടുള്ള സ്നേഹവും പരിഗണനയും....
   എന്റെ ചെറിയ എഴുത്തിനെ വലിയ ആത്മവിശ്വാസം തന്ന് പ്രോത്സാഹിപ്പിക്കാനുള്ള ദയാവായ്പും ഞാനീ വരികളിൽ വായിക്കുന്നു മനു.....

   ഇല്ലാതാക്കൂ
 13. മനോഹരമായി മാഷേ...മോഹിപ്പിച്ചത് ചിത്രങ്ങള്‍ തന്നെ ...

  മറുപടിഇല്ലാതാക്കൂ
 14. അതീവ സുന്ദരമായ ഒരു തലക്കെട്ടിനു താഴെ അതിലും സുന്ദരമായ വിവരണവും ചിത്രങ്ങളും ചേര്‍ത്തു തുംഗഭദ്രയെ മനസ്സിലേക്ക് മാഷ്‌ പകര്‍ത്തി വെച്ചത് ഹൃദ്യമായി.

  തീരത്തുള്ള ഹൊയ്ശാല ശിൽപ്പനിർമാണരീതിയിൽ പണിത ക്ഷേത്രത്തിനടുത്തുനിന്നുള്ള പടിക്കെട്ടുകൾ ഇറങ്ങിച്ചെന്ന് ഞാൻ തുംഗയും, ഭദ്രയും ഒഴുകിവന്ന് തുംഗഭദ്രയായി മാറുന്നത് കണ്ടു നിന്നു.... നിലാവ് അസ്തമിക്കാൻ തുടങ്ങുന്നു., കിഴക്ക് വെള്ള കീറുന്നു., നദിയിലേക്കിറങ്ങുമ്പോൾ പണ്ട് പ്രൈമറിക്ലാസിൽ വെച്ച് ദക്ഷിണേന്ത്യയിലെ പ്രധാനനദികളുടെ പേരുകൾ ഉരുവിട്ട് പഠിച്ചത് ഓർത്തു. അപ്രാപ്യമായ ഏതോ ദേശത്ത് ഒഴുകുന്ന ഒരു നദി എന്ന് മനസ്സിലെഴുതിയ നദിയിൽ ഞാനിതാ ഉദിച്ചുയരുന്ന സൂര്യബിംബം സാക്ഷിയായി മുങ്ങി ഉയരാൻ പോവുന്നു……!

  ഞാനും ........

  ഇത്രയും നല്ലൊരു യാത്രാവിവരണം പങ്കു വെച്ചതിനു ആശംസകള്‍ മാഷേ ...

  മറുപടിഇല്ലാതാക്കൂ
 15. നേരിൽ പോയി വന്ന അനുഭവം, ചിത്രങ്ങളും അതിമനോഹരം..!

  മറുപടിഇല്ലാതാക്കൂ
 16. അടുക്കിയൊതുക്കി വെച്ച അക്ഷര സൌധങ്ങള്‍ക്ക് മുന്നിലൊരു മനോഹര മലര്‍വനി പോലെ സുന്ദര ചിത്രങ്ങളും... ,
  ഓരോ ചിത്രങ്ങളും കൊതിപ്പിക്കുകയാണ് മാഷേ ... മാടി വിളിക്കുകയും ...,
  നന്ദി .. ഇങ്ങനൊരു വായനയും കാഴ്ചയും സമ്മാനിച്ചതിന്,...

  മറുപടിഇല്ലാതാക്കൂ
 17. ഭാവസുരഭം.ഭക്തിസാന്ദ്രം.അവര്‍ണനീയം!ചിത്രങ്ങള്‍ സംസാരിക്കുന്നത് കൊണ്ടാവാം മാഷ്‌ അല്പം സാകൂത മൗനിയായത്‌..... -അഭിനന്ദനങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മാഷിലെ കവി ഉണർന്നുവോ....
   ഈ അഭിപ്രായപ്രകടനത്തിൽ....

   ഒത്തിരി സന്തോഷം ,സ്നേഹം മാഷെ...

   ഇല്ലാതാക്കൂ
 18. പുരാണ ചരിത്രം പറഞ്ഞുള്ള ഈ യാത്ര വിവരണം ഹൃദ്യമായി മാഷേ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഹൃദ്യമായി എന്നറിയുന്നത് സന്തോഷം പകരുന്നു....

   ഇല്ലാതാക്കൂ
 19. ഹാ.. ഹായ്..
  വാത്സ്യായനിഷ്ടായി...
  ഒന്ന് പോയാലോന്നൊരാലോചന..

  മറുപടിഇല്ലാതാക്കൂ
 20. അസ്സലായിരിക്കുന്നു മാഷേ ഈ യാത്രാവിവരണം...
  ചിത്രങ്ങളുടെ കാര്യം പറയേണ്ടതില്ലാല്ലോ രണ്ടും കൂടായപ്പോള്‍
  തുംഗഭദ്രയിൽ മാഷിനോടൊപ്പം ഒരു യാത്ര കഴിഞ്ഞു വന്നപോലുണ്ട് ...!

  മറുപടിഇല്ലാതാക്കൂ
 21. ചരിത്രത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി
  ചരിത്രം ഉറങ്ങുന്ന ഭൂമിയും മറ്റു മനോഹര
  ദൃശ്യങ്ങളും കാട്ടിത്തന്നു. ചിത്രങ്ങള്‍ കൊള്ളാം
  വീണ്ടും കാണാം

  മറുപടിഇല്ലാതാക്കൂ
 22. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 23. പോസ്റ്റ്‌ വായിച്ചു തീര്‍ന്നത് അറിഞ്ഞില്ല ,ചിത്രങ്ങള്‍ക്കൊപ്പം വായന മടുപ്പിക്കാത്ത വിവരണവും ,പെട്ടന്നു തീര്‍ന്നത് പോലെ തോന്നി .സൂപ്പര്‍ പോസ്റ്റ്

  മറുപടിഇല്ലാതാക്കൂ
 24. മാഷേ ഈ ബ്ലോഗിനെക്കുറിച്ച് ഒരു അറിവും തന്നില്യലോ...കഷ്ടായീട്ടോ...നന്നായിരിക്കുന്നു വിവരണം...തുംഗഭദ്ര ഒരു നിഴലായിരുന്നു മനസ്സില്‍...അതിനു മിഴിവേകി നല്ലൊരു ചിത്രമാക്കി തന്നതിനു നന്ദി...ചരിത്രേതിഹാസങ്ങളിലൂടെ കടന്നു പോയ മനസിന്‍റെ കുളിര്‍മ്മ...ചിത്രങ്ങള്‍ സംസാരിച്ചപ്പോള്‍ ഒരു നല്ല യാത്ര പോയ പ്രതീതി...തുടരുക ...ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 25. യാത്ര എന്നും എനിക്കൊരു ഹരമാണ്..
  യാത്രാ വിവരണങ്ങളും....
  കാണാത്ത ഒരിടത്തേക്ക് എന്നെ കൂട്ടിക്കൊണ്ട് പോയി ഈ കുറിപ്പ്.
  കാണണം ന്ന് ആഗ്രഹിക്കുന്ന സ്ഥലങ്ങളുടെ ലിസ്റ്റിലേക്ക് ഒരെണ്ണം കൂടി..
  ( എന്നെ കൊതിപ്പിച്ചതിന് നിങ്ങള്‍ക്ക് മാപ്പില്ല മാഷേ...:) )

  ന്

  മറുപടിഇല്ലാതാക്കൂ
 26. യാത്രയിൽ നിന്നും ഉടലെടുത്ത തീർത്തും
  വേറിട്ട അനുഭവങ്ങൾ , തുംഗഭദ്ര ചരിത്രം തുറന്നുവന്ന
  പ്രവാഹങ്ങളായി മാറിയിരിക്കുകയാണള്ളോ ഇവിടെ ...

  തുംഗഭദ്രയിലൂടെ തുറന്നുന്നുവിട്ട ഈ അക്ഷരവെള്ളച്ചാട്ടത്തിന്റെ
  കുതിപ്പും ,അഴകും , വർണ്ണങ്ങളും ഒന്ന് വേറെതന്നെയാണ് കേട്ടൊ മാഷെ

  മറുപടിഇല്ലാതാക്കൂ
 27. ഇങ്ങനെ ഒരാൾ ഈ ബ്ലോഗ് സന്ദർശിച്ചിരുന്നു

  മറുപടിഇല്ലാതാക്കൂ
 28. ഈ പോസ്റ്റ്‌ ഞാന്‍ കണ്ടില്ലായിരുന്നു മാഷേ.... ഇത്രയും നല്ലൊരു യാത്രാവിവരണം വായിക്കാന്‍ വിട്ടുപോയതില്‍ ഖേദമുണ്ട്..

  മറുപടിഇല്ലാതാക്കൂ