ഇരുളും, വെളിച്ചവും ...- അദ്ധ്യാപക കഥകൾ
പേരുകൾ 

നമ്പി മാഷാണ് ഗ്രാമത്തിലെ കുട്ടികള്‍ക്ക് വിചിത്രമായ പേരുകള്‍ നല്‍കിയത്.....

പനയില്‍ നിന്ന് വീണു മരിച്ച തയമ്പാട്ടിയുടെ വിധവ നല്ലമ്പിരിച്ചിക്ക് തന്റെ മകന്‍ തെരേനെ സ്കൂളില്‍ ചേര്‍ക്കണമെന്ന് വലിയൊരു മോഹമുദിച്ചു. മരിക്കാന്‍ കിടക്കുമ്പോള്‍ തയമ്പാട്ടി അവളോട് പറഞ്ഞ ആഗ്രഹമാണത്. അതേ കിടപ്പില്‍ കിടന്നാണ് കൈക്കുഞ്ഞായിരുന്ന പൊന്നുമോന്റെ ചെവിയില്‍ 'തെരേന്‍ ...തെരേന്‍ ...തെരേന്‍ ... ' എന്ന് മൂന്നുവട്ടം മന്ത്രിച്ച്  തയമ്പാട്ടി  പേരു ചൊല്ലിയത്....

തയമ്പാട്ടി മരിച്ചതോടെ ചാളയില്‍ നല്ലമ്പിരിച്ചി ഒറ്റപ്പെട്ടു പോയി. അച്ഛനില്ലാത്ത തെരേനെ  മാറോടണച്ച്  അവള്‍ വളര്‍ത്തി. പണിക്കു പോവുമ്പോള്‍ അവള്‍ മകനെ തന്റെ നോട്ടമെത്തുന്ന സ്ഥലത്ത് വയല്‍ വരമ്പിലിരുത്തും. അവിടെയിരുന്ന് തെരേന്‍ ഞമിച്ചികളെ പിടിച്ചും, പൊന്മകളോട് കഥ പറഞ്ഞും കളിക്കും. പണിയെടുക്കുന്ന പെണ്ണുങ്ങളും, ആണുങ്ങളും കുട്ടിയെ ഓമനിച്ചു. അവന്റെ നിഷ്കളങ്കമായ ചിരി കണ്ട് അവരവന് ഗോപാലന്‍ എന്നൊരു വിളിപ്പേരിട്ടു 

സ്കൂളില്‍ ചേര്‍ക്കേണ്ട സമയമായപ്പോള്‍ നല്ലമ്പിരിച്ചി തെരേനെയും കൂട്ടി ഹെഡ് മാഷായ നമ്പി മാഷുടെ മുന്നിലെത്തി

"ഇവന്റെ പേരെന്താ...." - നമ്പി മാഷ് ചോദിച്ചു
"ഇട്ടതെരേനേന്നും ഇളിക്കന്നതോപാല്യേന്നും...." - നല്ലമ്പിരിച്ചി നിഷ്കളങ്കമായി മറുപടി പറഞ്ഞു

ഇതു കേട്ട് നമ്പി മാഷ് വായില്‍ കിടന്ന മുറക്കാന്‍ കുലുക്കി പൊട്ടിച്ചിരിച്ചു. ചുറ്റും നിന്ന മാഷന്മാര്‍ തമാശ ആസ്വദിച്ച് ചിരിയില്‍ പങ്കു ചേര്‍ന്നു. കൂട്ടച്ചിരിക്കിടയില്‍ സന്ദര്‍ഭത്തെ കൊഴുപ്പിച്ചുകൊണ്ടുള്ള നമ്പി മാഷുടെ പ്രഖ്യാപനവും ,രജിസ്റ്ററില്‍ പേരു ചേര്‍ക്കലും ഒന്നിച്ചു നടന്നിരുന്നു....

"ഇവന്റെ പേര് ഗോഗുലബാല കുമാര്‍ ......"

ഇപ്രകാരം നാട്ടിലെ ദരിദ്രരുടേയും നിരാലംബരുടേയും കുട്ടികള്‍ക്ക് വിചിത്രമായ പേരുകള്‍ കണ്ടെത്തുന്നതില്‍ നമ്പി മാഷ് പ്രത്യേകമായ ഒരാനന്ദം അനുഭവിച്ചിരുന്നു.....

വട്ടിപ്പലിശ

അസുഖത്തിനും, കല്യാണ ആവശ്യത്തിനുമൊക്കെ പണം അത്യാവശ്യമായി വരുമ്പോള്‍ ആളുകള്‍ പണയ വസ്തുവുമായി നമ്പി മാഷുടെ അടുത്തേക്ക് ഓടും. കൊണ്ടുചെല്ലുന്ന ഓട്ടുപാത്രത്തിന്റേയും, സ്വര്‍ണ ഉരുപ്പടിയുടെയും, പറമ്പിന്റെ ആധാരത്തിന്റേയും മുല്യം അളന്ന് പലിശയും, തിരിച്ചടവിന്റെ അവസാന ദിവസവും പറഞ്ഞുറപ്പിച്ച് മാഷ് പണം നല്‍കും. ഭൂരിഭാഗം പേര്‍ക്കും മുതലും, പലിശയും, പലിശക്കുമേല്‍ പലിശയും തിരിച്ചടച്ച് തങ്ങളുടെ പണയ വസ്തു തിരിച്ചെടുക്കാന്‍ സാധിക്കാറില്ല....

ശേഷം ചിന്ത്യം.......  

 ചെക്കിങ്ങ് ഇന്‍സ്പക്ടർ

കോഴിക്കോട്ട് നിന്ന് കൊങ്ങിണിപ്പാലത്തേക്ക് ബസ് പെര്‍മിറ്റ് അനുവദിച്ചപ്പോഴാണ് നമ്പിമാഷ് ഭാര്യയുടെ പേരില്‍ പുതിയ ബസ് വാങ്ങിയത്....

ഭംഗിയായി പെയിന്റടിച്ച് മകന്‍ സുരേഷിന്റെ പേര് ചാര്‍ത്തിയ 'സുരേഷ് ട്രാവല്‍സ് '., 'കോഴിക്കോട്-കൊങ്ങിണിപ്പാലം' റൂട്ടില്‍ ഓടാന്‍ തുടങ്ങിയതോടെ ബസിലെ ചെക്കിങ്ങ് ഇന്‍സ്പക്ടറുടെ ജോലിയും നമ്പി മാഷ് ഏറ്റെടുത്തു

'സുരേഷ് ട്രാവൽസ് ' കോഴിക്കോട്ട് നിന്ന് കൊങ്ങിണിപ്പാലത്തേക്കു പോവുമ്പോള്‍ സ്കൂളിനു മുന്നില്‍ ഇറങ്ങി മാഷ് തിരക്കിട്ട് സ്കൂളിലെത്തും

പിന്നെയും അഞ്ച് സ്റ്റോപ്പുകള്‍ കൂടി കഴിഞ്ഞാണ് കൊങ്ങിണിപ്പാലം. ബസ് കൊങ്ങിണിപ്പാലത്തെത്തി, കോഴിക്കോട് ബോര്‍ഡ് വെച്ച് തിരിച്ചിട്ട് ഡ്രൈവറും, കണ്ടക്ടറും ചായ കുടിക്കാനും, സിഗററ്റ് വലിക്കാനും പോവും

കുറച്ചുനേരം കഴിഞ്ഞ് വീണ്ടും സ്റ്റാര്‍ട്ട് ചെയ്ത് അഞ്ച് സ്റ്റോപ്പുകളും താണ്ടി സ്കൂളിനു മുന്നിലെത്തുമ്പോഴേക്കും നമ്പി മാഷ് സ്കൂളിലെ രജിസ്റ്ററില്‍ ഒപ്പുവെച്ച് ഹെഡ് മാസ്റ്ററുടെ അത്യവാശ്യ ജോലികള്‍ തീര്‍ക്കും

ബസിന്റെ ഓരോ ട്രിപ്പിലും ഇത് ആവര്‍ത്തിക്കും. ഹെഡ് മാസ്റ്ററുടെ ജോലിക്കു പുറമെ., മൂന്ന് എ യിലെ സയന്‍സ് മാഷിന്റെ ജോലിയും, അഞ്ച് ബിയിലെ കണക്കു മാഷിന്റെ ജോലിയും, ആറ് സിയിലെ ഇംഗ്ലീഷ് മാഷിന്റെ ജോലിയും ഇതിനിടയില്‍ മാഷ് ചെയ്തു തീര്‍ക്കും. സ്കൂളിനോട് ചേര്‍ന്നുള്ള സ്വന്തം വീട്ടിലെത്തി പാല്‍ക്കഞ്ഞി കുടിക്കും. പണയം വെക്കാന്‍ വരുന്നവരുടെ പണയവസ്തു മാറ്റുരച്ച് നോക്കി പലിശയും, തിയ്യതിയും പറഞ്ഞുറപ്പിക്കും.....

എല്ലാം കഴിഞ്ഞ് ബസ് സ്കൂളിനു മുന്നിലെത്തുമ്പോഴേക്കും മാഷ് ചെക്കിങ്ങ് ഇന്‍സ്പക്ടറുടെ സീറ്റില്‍ കയറിയിരുന്ന് ഡബിള്‍ ബെല്‍ അടിക്കും......

മന്ത്രവിദ്യകള്‍

ഏതു ദിനം കൊണ്ടാടിയില്ലെങ്കിലും വിജയദശമി സ്കൂളിലെ പ്രധാന ആഘോഷമാണ്.

പുസ്തകം പൂജക്കു വെച്ച് ഗുരുവിന്റെ കാല്‍ തൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങാത്ത കുട്ടികള്‍ നശിച്ചു പോവുമെന്നാണ് വിശ്വസം. അത്തരം കുട്ടികള്‍ പാമ്പുകടിയേറ്റോ, മരത്തില്‍ നിന്നു വീണോ, ഇടിവെട്ടേറ്റോ ചത്തുപോവുമെന്ന് കുട്ടികള്‍ ഉറച്ചു വിശ്വസിച്ചിരുന്നു.  

അതുകൊണ്ട് തന്നെ പൂജയെടുപ്പ് ദിവസം രാവിലെ കുളിച്ചൊരുങ്ങി കുട്ടികള്‍ കൃത്യമായി സ്കൂളിലെത്തും. നമ്പൂരി മാഷ് ഇതിനകം പൂജകള്‍ പൂര്‍ത്തിയാക്കി, പുസ്തകക്കെട്ടുകള്‍ക്കു മേലെ തെച്ചിപ്പൂവും, തുളസിയും അരിമണിയും വിതറി നിലവിളക്ക് കത്തിച്ചുവെച്ച് ചമ്രംപടിഞ്ഞ് ഇരിക്കുന്നുണ്ടാവും

'ഗുരുര്‍ ബ്രഹ്മ:.... ഗുരുര്‍ വിഷ്ണു... ഗുരു ദേവോ മഹേശ്വര: ഗുരു സാക്ഷാല്‍ പര ബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:' എന്ന് മൈക്കിലൂടെ നമ്പൂരി മാഷ്  ഉരുവിടും. കുട്ടികള്‍ അര്‍ത്ഥമറിയാതെ ഏറ്റുചൊല്ലും.  

അര്‍ത്ഥമറിയില്ലെങ്കിലും ഏതാണ്ട് കാര്യം എല്ലാവര്‍ക്കും പിടകിട്ടും -  'മാഷന്മാര്‍ പടച്ചവന്മാരെപ്പോലെ ആണ്. അവര്‍ക്ക് എന്തെല്ലാമോ മന്ത്രവിദ്യകള്‍ അറിയാം.... ബഹുമാനിച്ചില്ലെങ്കില്‍ അവര്‍ മന്ത്രം ജപിച്ച് വലിയ അപകടം സംഭവിപ്പിക്കും. മരിച്ചുപോവും.......'

അച്ചടക്കത്തോടെ ഇരിക്കുന്ന കുട്ടികളുടെ പേരുകള്‍ മൈക്കിലൂടെ വിളിക്കുമ്പോള്‍ ബഹുമാനപൂര്‍വ്വം എഴുന്നേറ്റ് ചെന്ന് നമ്പൂരി മാഷുടെ കാല്‍ക്കല്‍ പത്തുരൂപയില്‍ കുറയാത്ത ദക്ഷിണയിട്ട് പൂജിക്കാന്‍ വെച്ച പുസ്തകപ്പൊതി കൈപ്പറ്റും, അപ്പുറത്തെ മുറിയിലിരിക്കുന്ന നമ്പി മാഷുടെ കാല്‍ക്കലും ദക്ഷിണ സമര്‍പ്പിച്ച് ഇനി ജീവന് കുഴപ്പമൊന്നും പറ്റില്ലെന്ന സമാധാനത്തോടെയാണ് പൂജയെടുപ്പ് ദിവസം ഓരോരുത്തരം പുറത്തിറങ്ങുക....

എന്നിട്ടും ഒരു പെരുമഴക്കാലത്ത് ഉച്ചക്ക് ഊണുകഴിക്കാന്‍ വീട്ടില്‍ പോയ നന്ദിനി കിണറ്റില്‍ വീണു മരിച്ചതെന്തേ.....?!. ഒറ്റക്കാലന്‍ ശങ്കരന്റെ ഏകമകന്‍ ദിനേശന്‍ തലയില്‍ തേങ്ങവീണ് മരിച്ചു പോയത് എന്തുകൊണ്ട്....?!

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ......!

ബീഡിക്കുറ്റി

ബീഡിക്കുറ്റിമാഷുടെ യഥാര്‍ത്ഥ പേരെന്തെന്ന് ആര്‍ക്കും അറിയില്ല.

അദ്ദേഹം സദാസമയവും ബീഡി വലിച്ചിരുന്നു. രോമം എഴുന്നു നില്‍ക്കുന്ന ചെവിയില്‍ എപ്പോഴും ഒരു ബീഡി തിരുകി വെച്ചിരുന്നു.  

ക്ലാസിലിരുന്ന് മേശപ്പുറത്ത് കാല്‍ കയറ്റിവെച്ച് ഇരട്ടക്കുരുവികളുടെ ചിത്രമുള്ള തീപ്പെട്ടിയുരച്ച് അദ്ദേഹം ബീഡി കത്തിക്കുന്നതിന്റെ സൗന്ദര്യം കുട്ടികള്‍ നോക്കിയിരിക്കും. ആദ്യത്തെ പുകയെടുത്ത് പുകച്ചുരുളുകള്‍ ഉരുളകളായി പറത്തി ബീഡിക്കുറ്റിമാഷ് കണ്ണടച്ചിരിക്കും.മാഷ് പറത്തി വിടുന്ന പുകച്ചുരുളുകള്‍ കൈവെള്ളയിലാക്കാന്‍ കുട്ടികള്‍ ക്ലാസില്‍ ഓടി നടക്കും. ശബ്ദം അധികമാവുമ്പോള്‍ മാഷ് മേശപ്പുറത്ത് അടിച്ച് ഉച്ചത്തില്‍ "സൈലന്‍സ്.... സൈലന്‍സ്.... " എന്നു വിളിച്ചു പറയും. എന്നിട്ട് ആദ്യം കണ്ണില്‍ പെടുന്ന കുട്ടിയെ തൂക്കിയെടുത്ത് മുട്ടിനു തഴെ ചൂരല്‍ കൊണ്ട് നല്ല പെട പെടക്കും.  

അതോടെ ഇറച്ചിക്കടയിലെ കോഴികളെപ്പെലെ മറ്റ് കുട്ടികള്‍ പേടിച്ചരണ്ട് നിശ്ശബ്ദമായി സ്വന്തം ഇരിപ്പിടത്തില്‍ പതുങ്ങിയിരിക്കും.

ഇടക്ക് ബീഡി തീരുമ്പോള്‍ കുട്ടികള്‍ ആരെയെങ്കിലും വിളിച്ച് ബീഡി വാങ്ങാന്‍ പറഞ്ഞയക്കും......

ബീഡി വാങ്ങി വരുന്ന കുട്ടികളെ അന്നേ ദിവസം മാഷ് അടിക്കുകയില്ല.

അനുസരണക്കേട് കാട്ടുന്ന ചീത്ത കുട്ടികളെ ചൂരല്‍ കൊണ്ട് നന്നായി തല്ലുകയും, അനുസരണയുള്ള നല്ല കുട്ടികളെ ഒട്ടും അടിക്കാതിരിക്കുകയും ചെയ്ത സ്നേഹസമ്പന്നനായിരുന്നു ബീഡിക്കുറ്റിമാഷ്.....

റോമിയോ

അവന്‍ പത്താംക്ലസിലെത്തിയപ്പോള്‍ സാമൂഹ്യശാസ്ത്രം പഠിപ്പിക്കാന്‍ വന്നത് കോളേജ് കുമാരന്മാരെപ്പോലെ സുന്ദരമായി മുടി ചീവുകയും, വേഷം ധരിക്കുകയും ചെയ്യുന്ന ചെറുപ്പക്കാരനായ ഗോപാലകൃഷ്ണന്‍ മാഷ്. കുട്ടികള്‍ അയാളെ റോമിയോ മാഷ് എന്നു വിളിച്ചു. സ്കൂളിലെ ചെറുപ്പക്കാരിയും, സുന്ദരിയുമായ വിശാലാക്ഷി ടീച്ചറെ മാഷ് പ്രണയിച്ച് വിവാഹം ചെയ്തത് ആയിടയ്ക്കായിരുന്നു......

വിശാലാക്ഷി ടീച്ചറോടുള്ള പ്രണയം പോലെ, ശീട്ടുകളിയാണ് മാഷുടെ മറ്റൊരു ഹോബി. ക്ലബ്ബുകളില്‍ പണം വെച്ചുള്ള ശീട്ടുകളി മാഷുടെ പ്രധാന ദിനചര്യയാണ്. ശീട്ടുകളിയുടെയും, ക്ലബ്ബുകളിലെ ആഘോഷങ്ങളുടേയും, വിശാലാക്ഷി ടീച്ചറുമൊന്നിച്ചുള്ള ഹണിമൂണ്‍ യാത്രകളുടേയും തിരക്കിനിടയില്‍ പഠിപ്പിക്കാനും, ഉത്തരക്കടലാസ് നോക്കാനും നേരമില്ലാതായി.... 

ഉത്തരക്കടലാസുകള്‍ വായിച്ച് മാര്‍ക്കിടുക എന്നത് വലിയ തലവേദനയായി മാറിയപ്പോള്‍ മാഷ് തന്നെ നല്ലൊരു പോംവഴി കണ്ടെത്തി - 'ക്ലാസിലെ വലിയ വീടുകളിലെ കുട്ടികള്‍ ആരെന്ന് നേരത്തെ തന്നെ കണ്ടു പിടിക്കുക. അവരുടെ പേപ്പര്‍ മാത്രം വായിച്ച് മാര്‍ക്കിടുക.... അല്ലാത്തതെല്ലാം ,ഒട്ടും വായിച്ചു നോക്കാതെ ചുമന്ന മഷികൊണ്ട് വെട്ടിവിട്ട് അന്‍പതില്‍ രണ്ട് മാര്‍ക്കോ മൂന്നു മാര്‍ക്കോ നല്‍കുക....'

കീറിയ കുപ്പായവും, നരച്ചമുണ്ടും ഉടുക്കുന്ന ഉച്ചപ്പട്ടിണിക്കാരനായ അവന്‍ ആത്മ വിശ്വാസത്തോടെ പരീക്ഷയെഴുതി. അവന്റെ അമ്മക്ക് അവനില്‍ വലിയ പ്രതീക്ഷകളാണ്. ആ പ്രതീക്ഷകളാണ് അവന്റെ വെളിച്ചം. മാഷ് പഠിപ്പിച്ചില്ലെങ്കിലും, ടെക്സ്റ്റ് ബുക്ക് വെച്ച് സ്വയം നോട്ടുകള്‍ തയ്യാറാക്കി പഠിച്ച് എല്ലാ ചോദ്യങ്ങള്‍ക്കും ഭംഗിയായി ഉത്തരമെഴുതി അവന്‍ കാത്തിരുന്നു. ഒടുവില്‍ ഉത്തരക്കടലാസു കിട്ടിയപ്പോള്‍ അവനു തല കറങ്ങിപ്പോയി. തന്റെ ഉത്തരങ്ങളെല്ലാം ചുമന്ന മഷികൊണ്ട് വെട്ടി നിരത്തി അന്‍പതില്‍ രണ്ട് മാര്‍ക്ക്.......

ഭയന്നു വിറച്ചുകൊണ്ട് തന്റെ തെറ്റ് എന്താണെന്ന് അറിയാന്‍ മാഷിന്റെ മുന്നിലെത്തിയ അവനോട് "നീ അദ്ധ്യാപകരെ ചോദ്യം ചെയ്യുന്നോടാ..." എന്നു ചോദിച്ചുകൊണ്ട് ഗോപാലകൃഷ്ണന്‍ മാഷ് നല്‍കിയ അടിയുടെ ചൂട് അവന്‍ ഒരിക്കലും മറന്നില്ല......

ഇപ്പോഴും ഗോപാലകൃഷ്ണന്‍ മാഷുടെ വീടിനുമുന്നിലൂടെ ബൈക്കോടിച്ചു പോവുമ്പോള്‍ അവന്‍ കാര്‍ക്കിച്ചു തുപ്പും.....

വെളിച്ചം

പണ്ട് പഠിച്ച സ്കൂളില്‍ എസ്.എസ്.എല്‍ .സി പരീക്ഷയുടെ സൂപ്പര്‍ വിഷന്‍ ഡ്യൂട്ടിയുമായി എത്തിയപ്പോള്‍ അയാള്‍ ഹെഡ് മിസ്ട്രസ് വന്ദന ടീച്ചറോട്., ക്ലാര ടീച്ചറെ പറ്റി ചോദിച്ചു......

ടീച്ചര്‍ കാഞ്ഞിരപ്പള്ളിയിലുണ്ട് .വിശ്രമ ജീവിതം നയിക്കുന്നു. മക്കളൊക്കെ നല്ല നിലയില്‍ . മകള്‍ ജെ.എന്‍ .യു വില്‍ ചരിത്ര വിഭാഗത്തില്‍ റീഡറാണ്. മകന്‍ ഹിന്ദുവില്‍ കോളമിസ്റ്റാണ്. മറ്റൊരു മകള്‍ നാട്ടില്‍ത്തന്നെ സര്‍ക്കാര്‍ ഹൈസ്കൂളില്‍ അദ്ധ്യാപിക. അവളോടൊപ്പമാണ് ടീച്ചറുള്ളത് - വന്ദന ടീച്ചര്‍ പറഞ്ഞു

മനസ്സില്‍ വിനയവും, സ്നേഹവും, ആദരവും പെരുമ്പറ കൊട്ടുന്നു....

"ടീച്ചറുടെ ഫോണ്‍ നമ്പര്‍ തരാമോ..." - അയാള്‍ വന്ദന ടീച്ചറോട് ചോദിച്ചു.
 
ടീച്ചര്‍ മൊബൈലില്‍ തപ്പിയെടുത്ത് നല്‍കിയ ഫോണ്‍ നമ്പറില്‍ ഡയല്‍ ചെയ്യുമ്പോള്‍ കൈകളോടൊപ്പം, ഹൃദയവും, മനസ്സും വിറക്കുന്നു. കണ്ണുകളില്‍ എന്തിനെന്നറിയാതെ നനവു പടരുന്നു.

അപ്പുറത്ത് ഫോണെടുക്കുന്നു.... പരിചയപ്പെടുത്തി.... ഓര്‍മ്മയില്‍ നിന്നും ഓര്‍ത്തെടുത്ത സ്നേഹവും വാത്സല്യവും നിറഞ്ഞ പതറുന്ന ശബ്ദം.....

"എടാ.......നീ....."

അയാള്‍ വിശേഷങ്ങള്‍ പറഞ്ഞു പരീക്ഷാ ജോലിയുമായി പഴയ വിദ്യാലയത്തില്‍ എത്തിച്ച വിധിയുടെ കാത്തുസൂക്ഷിപ്പുകളെപ്പറ്റി പറഞ്ഞു .....

"യൂണിവേഴ്സിറ്റി ലെവലില്‍ പഠിപ്പിക്കാനുള്ള കാലിബര്‍ നിനക്കുണ്ടായിരുന്നു....."
"അതെന്താ മേം.... ഞാന്‍ ഇപ്പോള്‍ തിരഞ്ഞെടുത്ത വഴി മോശമാണോ....."
"ഇല്ല കുഞ്ഞേ.... ഒട്ടും മോശമല്ല.... കുഞ്ഞു കണ്ണുകളില്‍ വെളിച്ചം പകരുന്നതിന്റെ പുണ്യവും ചാരിതാര്‍ത്ഥ്യവും ഒരു യൂണിവേഴ്സിറ്റി പ്രൊഫസര്‍ക്കും ലഭിക്കില്ല..... "

ടീച്ചറുടെ വിശേഷങ്ങള്‍ മുഴുവനും അറിഞ്ഞ് ഫോണ്‍ കട്ടു ചെയ്യുമ്പോഴേക്കും ഫോണിലേക്ക് അയാളുടെ കൂട്ടുകാരിയുടെ വിളി വന്നു. കൂട്ടുകാരി എന്തെല്ലാമോ ചോദിക്കുന്നും, പറയുന്നുമുണ്ട്. വേണ്ടപോലെ മറുപടി പറയാനാവുന്നില്ല. മനസ്സ് എവിടേയും നില്‍ക്കുന്നില്ല. അത് കാലത്തിന്റെ അതിരുകള്‍ കടന്ന് പിന്നോട്ട് പായുകയാണ്..... അവളോട് എങ്ങിനെയാണ് ഇതെല്ലാം പറയുക.....

സംസാരിക്കാനുള്ള അയാളുടെ താല്‍പ്പര്യക്കുറവാണെന്ന് തെറ്റിദ്ധരിച്ച് കൂട്ടുകാരി ഫോണ്‍ കട്ട് ചെയ്തു.......

മനസ്സില്‍ സ്നേഹത്തിന്റെയും , ത്യാഗത്തിന്റേയും മൂര്‍ത്തിമത് ഭാവമായി ക്ലാരടീച്ചര്‍ നിറയുകയാണ്....

കീറിയ കുപ്പായവും, മുണ്ടുമായി ക്ലാസിലിരിക്കുന്ന ഒമ്പതാം ക്ലാസുകാരന്‍ പയ്യന്റെ പേപ്പര്‍ ഏറ്റവും അവസാനമാണ് ടീച്ചര്‍ പുറത്തെടുക്കുക.....

"എടാ കഴുതകളേ …....." - ടീച്ചര്‍ കഴുതകളേ എന്നു വിളിക്കുമ്പോള്‍ കുട്ടികളിൽ ആര്‍ക്കും ഒട്ടും വിഷമം തോന്നാറില്ല. കാരണം ആ വിളിയില്‍ നിറയെ പ്രസാദാത്മകമായ സ്നേഹം നിറഞ്ഞു കവിയുന്നത് എല്ലാവരും തിരിച്ചറിയും.

"എങ്ങിനെയാണ് പഠിക്കേണ്ടതെന്നും, പരീക്ഷയെഴുതേണ്ടതെന്നും .... ഇതാ... ഇതാ... ഇവനെ കണ്ട് പഠിക്കണം നിങ്ങള്‍ ....."

പിന്നെ ടീച്ചര്‍ ആ കൗമാരക്കാരനെ തന്നോട് ചേര്‍ത്തു പിടിക്കും, അന്‍പതില്‍ അന്‍പതും തിളങ്ങുന്ന അവന്റെ പേപ്പറിലെ ഓരോ അക്ഷരവടിവും മാതൃകകളായി മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും....

വെകിട്ട് വീട്ടിലേക്കു ഓടുമ്പോള്‍ ഉച്ചപ്പട്ടിണിയുടെ തളര്‍ച്ച അവന്റെ കാലുകള്‍ അറിയുകയില്ല. അവന് തിരക്കാണ്. വിശേഷങ്ങള്‍ മുഴുവന്‍ അവന്റെ അമ്മയോട് പറയാനുള്ള തിരക്ക്.....

ഈശ്വരാ.... വാര്‍ദ്ധക്യത്തിന്റെ വേദനകള്‍ കൊണ്ട് ടീച്ചറെ അലട്ടരുതേ, അവര്‍ക്ക് നല്‍കാന്‍ കരുതി വെച്ച വേദനകളും കഷ്ടപ്പാടുകളും കൂടി എനിക്കു തന്ന് ടീച്ചര്‍ക്ക് നല്ലതു മാത്രം നല്‍കണേ ....

പരീക്ഷക്കുള്ള ബെല്ലടിച്ചു. കണ്ണുകളിലെ നനവ് മുഖത്തേക്ക് ഒഴുകിപ്പടര്‍ന്നത് മറ്റുള്ളവര്‍ കണ്ടാല്‍ നാണക്കേടാണ്. അയാള്‍ മുഖം കഴുകി, പരീക്ഷാഹാളിലേക്ക് നടന്നു.....19 അഭിപ്രായങ്ങൾ:

 1. ഒരു അദ്ധ്യാപകദിനത്തിന്റെ അവസാനം .... കഥപോലെ ഒന്ന്.... ഈ കഥകളും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം......

  മറുപടിഇല്ലാതാക്കൂ
 2. സാങ്കൽപ്പികമെന്ന് മുൻകൂറെടുത്തത്‌ വിശ്വസനീയം തന്നെ :)
  കൊച്ചു നുറുങ്ങുകൾ ഏറെ ആസ്വദിച്ചു..കൊച്ചു നൊമ്പരങ്ങളുടെ വിങ്ങലുകൾ പലയിടങ്ങളിലായി പൊട്ടാനൊരുമ്പെടുന്നുണ്ടെങ്കിലും അവതരണ മികവിലവ ഒളിച്ചു നിൽക്കുന്നു.
  അദ്ധ്യാപകദിന പോസ്റ്റിൽ എത്താൻ വൈകിയതിൽ ക്ഷമ...
  ക്ലാര ടീച്ചറൊക്കെ വന്ന പോലെ ഒരു അദ്ധ്യാപകദിനത്തിൽ വർഷിണി ടീച്ചറും വരുമായിരിക്കും, :)
  ലേബൽ : സാങ്കൽപ്പികം :)

  അദ്ധ്യാപിക എന്ന നിലയ്ക്ക്‌ അഭിമാനം തോന്നുന്നു മാഷേ.,നന്ദി ട്ടൊ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മാനസികമായും,ശാരീരികമായും വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വേണ്ടി ടീച്ചർ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് ഞാൻ വായിച്ചിട്ടുണ്ട്. ചിത്രങ്ങളും കണ്ടിട്ടുണ്ട്.തീർച്ചയായും, ടീച്ചറെപ്പോലുള്ള നല്ല അദ്ധ്യാപകരെ സ്നേഹത്തോടെയും ആദരവോടെയും കുട്ടികൾ എന്നെന്നും ഓർക്കും.

   ആദ്യവായനക്കും, അഭിപ്രായത്തിനും ഒരുപാട് സന്തോഷം ടീച്ചർ.

   ഇല്ലാതാക്കൂ
 3. വളരെ ചെറിയ ക്ലാസ്സുകളുടെ അനുഭവം മാത്രമേ എനിക്കൊള്ളൂ... അവിടെ ഒരു ദേവസ്യ മാഷും പിന്നെ ജലജ ടീച്ചറും, പിന്നീട് ഇന്നേവരെയുള്ള എന്റെ മൊത്തം ജീവിതത്തെയും പാകപ്പെടുത്തിയതിലും പരുവപ്പെടുത്തിയതിലും അവരും അവരുടെ സ്നേഹവും എനിക്ക് കൂട്ടായിട്ടുണ്ട്.

  പിന്നെ, മാഷൊരു മാഷാണ് എന്നത് തന്നെ എത്ര വലിയ കാര്യമാണ്. നമ്മള്‍ തമ്മില്‍ സംസാരിച്ചപ്പോഴൊക്കെയും കൂടുതല്‍ പറഞ്ഞിട്ടുള്ളത് കുട്ടികളെ കുറിച്ചാണ്. അവരില്‍ ഇപ്പോഴോ വളര്‍ത്തേണ്ടുന്ന പാരസ്പര്യത്തിന്റെയും പങ്കുവെക്കലിന്റെയും സാമൂഹിക ജീവിതത്തിന്റെ സുഖത്തെയും സന്തോഷത്തേയും കുറിച്ചാണ്. ഇതെന്നിലേക്ക് ഇട്ടു തരുന്നത് എന്റെ ദേവസ്യ മാഷാണ്.

  എന്റെ മാഷിന് സ്നേഹാദരം. അടുത്ത തവണ അവധിക്ക് പോകുമ്പോൾ മാഷിനെ കാണണം. എത്ര കൊയ്താലും തികയാത്ത സ്നേഹത്തിന്റെ വിത്ത് കുറെ വാങ്ങണം

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. തൊഴിലിന്റെ പ്രത്യേകതകൊണ്ട് കൂടുതൽ അറിയുന്നത് കുട്ടികളുടേയും, അവർ ഭാഗമായുള്ള സമൂഹത്തിന്റേയും ലോകത്തേക്കുറിച്ചാണ്. സമൂഹവും, സാമൂഹ്യ ജിവിതവും മാറ്റിനിർത്തി കേവലം വിഷയം മാത്രം പഠിപ്പിക്കുന്ന അദ്ധ്യാപനത്തിന് യാതൊരു അർത്ഥവുമില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. തൊഴിലെടുക്കുന്ന ഏതൊരാളേയും പോലെ എന്റെ സൗഹൃദസംഭാഷണങ്ങലിൽ ഇതൊക്കെ കടന്നു വരുക സ്വാഭാവികം....

   ഈ നല്ല അഭിപ്രായത്തിന് നന്ദി മൻസൂർ

   ഇല്ലാതാക്കൂ
 4. നുറുങ്ങു കഥകള്‍ ചിരിയും ചില ചിന്തകളും സമ്മാനിച്ചു. സര്‍വ്വ മേഖലകളേയും ചെറിയൊരു കിഴുക്കു കൊടുത്താണ് മാഷുടെ രസകരമായ കുറിപ്പുകള്‍ മുന്നേറുന്നത്. അധ്യാപക ജീവിതത്തില്‍ വീണു കിട്ടുന്ന ഇത്തരം രസകരമായ നുറുങ്ങുകള്‍ ഇനിയും ഒന്നൊന്നായ് പോന്നോട്ടെ ട്ടോ ....

  'മാഷന്മാര്‍ പടച്ചവന്മാരെപ്പോലെ ആണ്. അവര്‍ക്ക് എന്തെല്ലാമോ മന്ത്രവിദ്യകള്‍ അറിയാം.... ബഹുമാനിച്ചില്ലെങ്കില്‍ അവര്‍ മന്ത്രം ജപിച്ച് വലിയ അപകടം സംഭവിപ്പിക്കും. മരിച്ചുപോവും.......' ഹാ.. ഹാ.... ബഹുമാനിച്ചോളാം :)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കഥയറിയാതെ ആട്ടം കാണുന്ന ഗ്രാമീണരായ ചില വിദ്യാർത്ഥികൾക്കിടയിലെ അന്ധവിശ്വാസത്തെ പരിഹസിക്കുക എന്നു മാത്രമെ ഞാൻ ഉദ്ദേശിച്ചുള്ളു. അദ്ധ്യാപകനെ സർവ്വതിനും മുകളിൽ പ്രതിഷ്ഠിച്ച് ചോദ്യം ചെയ്യപ്പെടാത്ത അധീശശക്തിയാക്കിയത് ഒരു കാലത്ത് അദ്ധ്യാപനം കുലത്തൊഴിലാക്കിയ പൗരോഹിത്യത്തിന്റെ അപാരമായ ബുദ്ധിപാടവമാണ്. ഈ ശാസ്ത്രയുഗത്തിലും ഇത്തരം പഴഞ്ചൻ വിശ്വാസങ്ങൾ കഴിയുന്നത്ര അടിച്ചേൽപ്പിക്കാൻ ഒരു വിഭാഗം അദ്ധ്യാപകരെങ്കിലും ശ്രമിക്കുന്നുണ്ട്. അവർ തന്റെ വിദ്യാർത്ഥികളിൽ നിന്നും ഉയരത്തിൽ നിൽക്കുന്നവരായി സ്വയം തീരുമാനിക്കുന്നു. സത്യത്തിൽ മനുഷ്യസഹജമായ എല്ലാ ദൗർബല്യങ്ങളുമുള്ള അദ്ധ്യാപകനും ബാധകമാണ്. താനും, തന്റെ വിദ്യാർത്ഥികളും, അവരുടെ രക്ഷിതാക്കളുമൊക്കെ ഒരേ സമൂഹത്തിന്റെ ഭാഗമാണ് എന്ന നിലയിൽ സ്വയം തിരിച്ചറിയുന്ന അദ്ധ്യാപകനേ സമൂഹത്തിനും, വിദ്യാർത്ഥികൽക്കും വേണ്ടി എന്തെങ്കിലും ചെയ്യാനാവൂ. അതിനും പകരം അർത്ഥമില്ലാത്ത ശ്ലോകങ്ങൾ ഉരുക്കഴിച്ച്, ഇന്ദ്രജാലം കൊണ്ട് അദ്ധ്യാപകന് മഹത്വം നിർണയിക്കുന്ന വ്യവസ്ഥിതിയെ പരിഹസിക്കുക എന്നതാണ് ഞാൻ ലക്ഷ്യമാക്കിയത്.

   അത് നടന്നു എന്നറിയുന്നതിൽ സന്തോഷം
   ഒരുപാട് നന്ദി വേണുവേട്ടാ

   ഇല്ലാതാക്കൂ
 5. ഭാഗ്യത്തിന് എന്‍റെ അദ്ധ്യാപകരൊക്കെ മാതൃകാ മനുഷ്യരായിരുന്നു.

  നല്ല 'കഥ'കള്‍ രസമായി വായിച്ചു.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മിക്കവാറും എല്ലാ അദ്ധ്യാപകരും നല്ല മാതൃകാപുരുഷന്മാർ തന്നെ. ഈ കഥകളിൽ പറഞ്ഞ രീതിയിൽ ചുരുക്കം ചിലരെങ്കിലും മുമ്പ് കാലത്ത് ഉണ്ടായിരുന്നു എന്നതും സത്യം തന്നെ.....

   നല്ല അദ്ധ്യാപകരെ കിട്ടിയത് അജിത് സാറിന്റെ ഭാഗ്യം

   വായനക്കും അഭിപ്രായത്തിനും സ്നേഹവും സന്തോഷവും

   ഇല്ലാതാക്കൂ
 6. ഇറച്ചിക്കടയിലെ കോഴികളെപ്പോലെ...ആ പ്രയോഗം ക്ഷ പിടിച്ചു . അങ്ങനെ കുട്ടികളെ ഇരുത്തിയ ചില മാഷുമാര്‍ ഹൈസ്കൂള്‍ ക്ലാസുകളില്‍ എനിക്കും കിട്ടിയിരുന്നു. പക്ഷെ അവരൊന്നും ഇപ്പോള്‍ എന്റെ ബഹുമാനം അര്‍ഹിക്കുന്നില്ല. ഒന്നാം ക്ലാസ്സിലെയും രണ്ടിലെയും സ്നേഹമയിയായ ടീചെര്‍മാരെ കുളിര്‍ തെന്നല്‍ പോലെ ഓര്‍ക്കുന്നു.ഹൈസ്ചൂളിലും കോളേജിലും മലയാളം പഠിപ്പിച്ച മാഷ്മാരെ മനസ്സിലൊരു പൂമഴ കിനിയും പോലെ ഓര്‍ക്കുന്നു എന്റെ പ്രിയപ്പെട്ട ഗുരുനാഥന്‍മാരുടെ കാലുകളില്‍ മനസ്സ് കൊണ്ട് സാഷ്ടാംഗം പ്രണമിക്കുന്നു

  പിന്നെ ഈ കഥയില്‍ ഒരു വല്ലാത്ത ഭാഷ പറയുന്ന കര്‍ഷക തൊഴിലാളിയെ വായിച്ചപ്പോള്‍ എന്റെ ഗ്രാമത്തിലെ ചെരുമിക്കിടാത്തികളുടെ വര്‍ത്തമാനം ഓര്‍മയില്‍ എത്തി

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പലപ്പോഴും ഭയചകിതരായ കുട്ടികളുടെ അവസ്ഥ ഇറച്ചിക്കടകളിലെ കോഴികളെപ്പോലെയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കുട്ടികളിൽ ഭയം വിതറി ക്ലാസ് റൂമുകൾ കൈകാര്യം ചെയ്യുക എളുപ്പമാണ്. സ്വാർത്ഥരായ അദ്ധ്യാപരാണ് അത് ചെയ്യാറുള്ളത്. അത്തരക്കാർ യാതൊരു ബഹുമാനവും അർഹിക്കുന്നില്ല എന്നുതന്നെയാണ് ബീഡിക്കുറ്റി മാഷിലൂടെ ഞാനും പറയാൻ ശ്രമിച്ചത്. സമൂഹത്തിനോടും, വിദ്യാർത്ഥി സമൂഹത്തോടുമുള്ള തന്റെ കടപ്പാട് തിരിച്ചറിയുന്ന നിസ്വാർത്ഥരായ അദ്ധ്യാപകർ ക്ലാസ് റൂമുകളിൽ ജനാധിപത്യം അനുവദിക്കാറുണ്ട്. കുട്ടികൾക്ക് ചോദ്യങ്ങൾ ചോദിക്കാനും, തങ്ങളുടെ അഭിപ്രായം പറയാനുമുള്ള അവസരങ്ങൾ നൽകാറുണ്ട്.... അത്തരം നല്ല അദ്ധ്യാപകരെ നാം എന്നും ഓർക്കുന്നു. പുതിയ തലമുറയിലെ അദ്ധ്യാപകർ ക്ലാസ് മുറികളിലെ ജനാധിപത്യത്തിന് പ്രാധാന്യം നൽകുന്നു എന്നത് പ്രതീക്ഷക്ക് വക നൽകുന്നുണ്ട്.

   നമ്മുടെ പ്രദേശത്ത് അന്യം നിന്നു കൊണ്ടിരിക്കുന്ന ഒരു ഭാഷാ പ്രയോഗമാണിത്.ഒരു പ്രത്യേക ജാതി വിഭാഗക്കാർക്കിടയിൽ ഈ ഭാഷ പ്രചാരത്തിലുണ്ടായിരുന്നു. ഇപ്പോൾ ആ ഭാഷാരീതിയും സംസ്കൃതീകരണത്തിന് വഴി മാറിയിരിക്കുന്നു എന്നത് നഷ്ടബോധത്തോടെ ഓർക്കുന്നു.

   നല്ല വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി.....

   ഇല്ലാതാക്കൂ
 7. എന്താ എന്നറിയില്ല, ഈയിടെയായി എന്തുവായിച്ചാലും കരച്ചില്‍ വരുന്നു...
  രണ്ടുതവണ വായിച്ചു.
  അഭിപ്രായം പിന്നീട് പറയാം.
  നന്ദി, സന്തോഷം..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സോണിയെപ്പോലെ മലയാളസാഹിത്യത്തെ ആഴത്തിലും പരപ്പിലും അറിഞ്ഞവരുടെ വാക്കുകൾ എനിക്കു വിലയേറിയതാണ്. തീർച്ചയായും അഭിപ്രായം അറിയിക്കും എന്നു പ്രതീക്ഷിക്കുന്നു.....

   ഇല്ലാതാക്കൂ
 8. ഇത് ഒരു സാങ്കല്പിക കഥ എന്ന് തോന്നിയില്ല ..നല്ല രചനകള്‍ തന്നെ ...ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഈ കഥകളും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം......വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി

   ഇല്ലാതാക്കൂ
 9. നുറുങ്ങു തമാശകള്‍ ഉഷാറായി ഇതുപോലെ മാഷ് മാര്‍ക്ക് കുട്ടികളും ചില പേരൊക്കെ നളകാരുണ്ട് ട്ടോ

  മറുപടിഇല്ലാതാക്കൂ
 10. കച്ചകെട്ടി കപടം ചെയ്യുന്ന നമ്പി മാഷ് ...
  സ്വ കാര്യം മാത്രം നോക്കുന്ന ബീഡികുറ്റി മാഷ് ...
  പിന്നെ അവന്റെ പ്രിയപ്പെട്ട ക്ലാര ടീച്ചർ ,വെറുക്കപ്പെട്ട ഗോപാ.. മാഷ്
  അങ്ങിനെ ഓരൊ അദ്ധ്യാപകരുടേയും നേർമയ മായ ചിത്രങ്ങൾ വരികൾ കൊണ്ട് ...
  ഈ മാഷ് , അതൊക്കെ എത്ര ഭംഗിയായി വരച്ചിട്ടിരിക്കുന്നൂ....!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എനിക്കു പരിചയമുള്ള ലോകം, അൽപ്പം ഭാവന ചേർത്ത് ഒരു കഥപോലെ പറയാൻ ശ്രമിച്ചതാണ്. ഭംഗിയായി വരച്ചു എന്നറിയുന്നത് ഏറെ സന്തോഷം. വായനക്കും അഭിപ്രായത്തിനും എന്റെ സ്നേഹം.....

   ഇല്ലാതാക്കൂ